Latest News

മലപ്പുറത്തിന് വേദനയായി റിയാദിലെ ദുരന്തം

മലപ്പുറം: സൗദി അറേബ്യയിലെ റിയാദിന് സമീപം ഹെയ്‌ലില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ പൊലിഞ്ഞത് മലപ്പുറംകാരായ അഞ്ച് ചെറുപ്പക്കാരുടെ ജീവിതസ്വപ്നങ്ങള്‍. നഷ്ടമായത് കുടുംബങ്ങളുടെ നെടുംതൂണുകള്‍. കഷ്ടപ്പാടുകളില്‍നിന്ന് അല്പമെങ്കിലും ആശ്വാസംതേടി മറുനാട്ടിലേക്ക് പോയ ഇവരുടെ വേര്‍പാടില്‍ തേങ്ങുകയാണ് നാടാകെ.

************************************
ഹെയ്‌ലിലെ തീപ്പിടിത്തത്തില്‍ മരിച്ച താളിപ്പാടം അധികാരത്ത് സിദ്ധിഖിന്റെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. കഴിഞ്ഞ തവണ നാട്ടില്‍വന്നപ്പോള്‍ വീടുപണിയില്‍ തന്നെയായിരുന്നു ഏറെ സമയം കഴിച്ചുകൂട്ടിയതും. വീടിന്റെ വാര്‍പ്പ് വരെയുള്ള പണികള്‍ നടത്തിയശേഷം ഫിബ്രവരിയിലാണ് മടങ്ങിയത്.
ഒരു വ്യാഴവട്ടത്തിലേറെയായി സിദ്ധിഖ് വിദേശത്ത് ജോലിചെയ്യാന്‍ തുടങ്ങിയിട്ട്. മൂന്ന് മക്കളാണ് ഇദ്ദേഹത്തിന്. മകനെ ഗള്‍ഫിലേക്ക് കൊണ്ടുപോയി നാട്ടില്‍ തിരിച്ചെത്തി കുടുംബത്തോടൊപ്പം ജീവിക്കാനായിരുന്നു സിദ്ധിഖിന് ആഗ്രഹമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഹെയ്‌ലിലെ ദുരന്തം രാവിലെതന്നെ നാട്ടിലറിഞ്ഞെങ്കിലും സിദ്ധിഖിന്റെ ഭാര്യയും കുട്ടികളും വൈകുന്നേരംവരെ ഇതറിഞ്ഞിരുന്നില്ല. അവധിക്കുവന്ന സിദ്ധിഖ് തിരിച്ചുപോയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ.

************************************
അപകടത്തില്‍ തീ കവര്‍ന്നത് മലപ്പുറം മങ്കട പള്ളിപ്പുറം ചീരക്കുഴിയില്‍ മേമന കുടുംബത്തിന്റെ അത്താണിയെ. മുഹമ്മദ്-സുബൈദ ദമ്പതിമാരുടെ മൂത്തമകന്‍ സൈനുല്‍ ആബിദ്(24) ആയിരുന്നു കുടുംബത്തിന്റെ ആശ്രയം. നാട്ടില്‍ പെയിന്റിങ്ങ് തൊഴിലാളിയായിരുന്ന സൈനുല്‍ ആബിദ് മൂന്ന് വര്‍ഷം മുമ്പാണ് വിദേശത്തേയ്ക്ക് പോയത്. സോഫകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുകയായിരുന്നു. അതിനിടെ കഴിഞ്ഞ വര്‍ഷം മെയില്‍ സഹോദരിയുടെ വിവാഹത്തിനാണ് 18 ദിവസം അവധിയില്‍ നാട്ടില്‍ വന്ന് പോയത്. ആബിദ് വിദേശത്ത് പോകുമ്പോള്‍ പിതാവ് മുഹമ്മദും വിദേശത്തായിരുന്നു. പിതാവ് പിന്നീട് നാട്ടിലെത്തിയതോടെ കുടുംബത്തിന്റെ താങ്ങ് ആബിദിന്റെ കൈകളിലായി. രണ്ട് മാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കുമ്പോഴാണ് തീയുടെ രൂപത്തില്‍ വിധി ജീവനെടുത്തത്. നാട്ടിലെത്തിയാല്‍ ആബിദിന്റെ വിവാഹം നടത്താനിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് നാടിനെ ഞെട്ടിച്ച് ആബിദിന്റെ മരണവാര്‍ത്ത വീട്ടിലെത്തിയത്. ആബിദിന്റെ റിയാദിലുള്ള മാതൃ സഹോദരങ്ങളാണ് മരണവിവരം അറിയിച്ചത്. വിവരം അറിഞ്ഞതോടെ നാട്ടുകാരും ബന്ധുക്കളും ചീരക്കുഴിയിലെ വീട്ടിലെത്തി. മൃതദേഹം റിയാദില്‍ തന്നെ സംസ്‌കരിക്കുവാനാണ് ബന്ധുക്കളുടെ തീരുമാനം. സഹോദരങ്ങള്‍: ഷറഫുദ്ദീന്‍, ഷഹ്‌ല.

************************************
സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് അംഗവൈകല്യത്തെ അവഗണിച്ച് കാട്ടിച്ചിറ പുത്തന്‍പീടിക ജയ്‌സല്‍ നാലുമാസം മുമ്പ് ഗള്‍ഫിലെത്തിയത്. ചെറുപ്പത്തില്‍ കാലിന് തളര്‍വാതം ബാധിച്ച ജയ്‌സല്‍ ആശാരിപ്പണിയും ഫര്‍ണിച്ചര്‍ കടയും നടത്തുകയായിരുന്നു. കടബാധ്യത തീര്‍ക്കുന്നതിനായി വീട് വിറ്റതോടെ ഇവരുടെ താമസം കാട്ടിച്ചിറ കാര്‍മ്മല്‍ഗിരി റോഡിലെ വാടക വീട്ടിലായിരുന്നു. ഉമ്മയും ബാപ്പയും സഹോദരങ്ങളും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് ഈ ചെറിയ വാടകവീട്ടിലാണ് താമസിച്ചിരുന്നത്.
കുടുംബത്തിന്റെ കടം വീട്ടുന്നതോടൊപ്പം സ്വന്തമൊരുവീട് നിര്‍മിക്കാനുള്ള ആഗ്രഹവും ജയ്‌സലിന് ഉണ്ടായിരുന്നു. സോഫ നിര്‍മാണത്തിലെ ആശാരിപ്പണി വിഭാഗത്തിലായിരുന്നു ജയ്‌സലിന് ജോലി.

************************************
വീട് വാങ്ങിയ കടംവീട്ടുന്നതിനാണ് ചുങ്കത്തറ കാട്ടിച്ചിറ കിഴക്കേ പനയന്നാമുറിയില്‍ ലാലു ഒന്നരവര്‍ഷംമുമ്പ് ഗള്‍ഫിലേക്ക് പോയത്. മുമ്പ് ആറുവര്‍ഷക്കാലം ഗള്‍ഫില്‍ സ്‌പ്രേ പെയിന്റിങ് തൊഴിലാളിയായിരുന്നു. കിട്ടുന്ന ശമ്പളം സ്വന്തം ചെലവിനും വീട്ടുചെലവിനും മാത്രമേ തികഞ്ഞുള്ളൂ. ഒന്നരക്കൊല്ലംമുമ്പ് നാട്ടില്‍ വന്നപ്പോഴാണ് കല്‍ക്കുളത്തെ തറവാടുവീടിന്റെ ഭാഗം വിറ്റ് ഈ തുകയും രണ്ടുലക്ഷംരൂപ ബാങ്ക് വായ്പയും കുറിയില്‍നിന്ന് ലഭിച്ച ഒരുലക്ഷംരൂപയും ചേര്‍ത്ത് കാട്ടിച്ചിറയില്‍ ഒരു ചെറിയ വീട് വാങ്ങിയത്. നാട്ടില്‍ എന്തെങ്കിലും തൊഴില്‍ചെയ്ത് ജീവിക്കാനായിരുന്നു മോഹം. കടവും പലിശയും പെരുകിയപ്പോഴാണ് വീണ്ടും ഗള്‍ഫിലെത്തിയത്. കടംവീട്ടാനുള്ള തുക സമാഹരിച്ചാല്‍ നാട്ടിലെത്തുമെന്നായിരുന്നു ലാലു മക്കള്‍ക്ക് നല്‍കിയ വാഗ്ദാനം. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായിരുന്നു കല്‍ക്കുളത്തുനിന്ന് ലാലു താമസം ചുങ്കത്തറയിലേക്ക് മാറ്റിയത്. 12ഉം നാലും വയസ്സായ രണ്ട് പെണ്‍കുട്ടികളാണ് ലാലുവിനുള്ളത്.

************************************
ചൊവ്വാഴ്ച പുലര്‍ച്ചെ ഹയ്‌ലിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച മൂത്തേടം ചെമ്മന്തിട്ട വെള്ളൂര്‍ കിഴക്കേതില്‍ സത്യകുമാര്‍ എന്ന 22കാരന്‍ അടുത്തമാസം നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം ദുരന്തത്തിന്റെ രൂപത്തിലെത്തിയത്.
ചെറുപ്രായത്തിലേ അച്ഛന്‍ നഷ്ടപ്പെട്ട സത്യകുമാറിനെയും സഹോദരിയെയും അമ്മ ജാനകി കൂലിപ്പണിയെടുത്താണ് പഠിപ്പിച്ചതും വളര്‍ത്തിയതും. ആകെയുള്ള അഞ്ചുസെന്റ് സ്ഥലത്തെ വീടെന്ന് പറയാവുന്ന കൂരയില്‍ പ്രാരാബ്ധങ്ങളുടെ പിടിയിലമര്‍ന്ന കുടുംബത്തിന്റെ പ്രതീക്ഷ ആണ്‍തരിയായ സത്യകുമാറിലായിരുന്നു. അതുകൊണ്ടുതന്നെ കുടുംബത്തെ ഒരു കരയ്‌ക്കെത്തിക്കുകയെന്ന മോഹവുമായാണ് കൗമാരംവിടുംമുമ്പെ സത്യകുമാര്‍ വിമാനം കയറിയത്.
ആകെയുള്ള അഞ്ചുസെന്റ് സ്ഥലത്ത് ഇ.എം.എസ് ഭവനപദ്ധതിപ്രകാരം ലഭിച്ച വീടാണ് കുടുംബത്തിനുള്ളത്. ഇതിന്റെതന്നെ തേപ്പുപോലുള്ള പണികള്‍ തീര്‍ന്നിട്ടുമില്ല. മകളെ വിവാഹംകഴിച്ചയയ്ക്കുകയും മകന്‍ വിദേശത്ത് പോവുകയുംചെയ്തതോടെ അമ്മ ജാനകി മാത്രമായിരുന്നു വീട്ടില്‍.
സത്യകുമാറിനെ വിദേശത്തേക്ക് കൊണ്ടുപോയ വര്‍ഗീസിന്റെ കുടുംബത്തോടൊപ്പമാണ് ജാനകി കഴിഞ്ഞുകൂടുന്നത്. രാത്രി മാത്രമാണ് വീട്ടില്‍ പോകാറ്. വര്‍ഗീസ് ഒരുവര്‍ഷംമുമ്പ് വാഹനാപകടത്തില്‍ അവിടെവെച്ച് മരിച്ചിരുന്നു. ഇതിന്റെ ആഘാതത്തില്‍നിന്ന് മുക്തരാകുംമുമ്പാണ് സത്യകുമാറിനെ തീനാളങ്ങള്‍ വിഴുങ്ങിയ വിവരം നാട്ടിലെത്തുന്നത്. മണലാരണ്യത്തിലേക്കുള്ള സത്യകുമാറിന്റെ ആദ്യയാത്രയായിരുന്നു ഇത്.

************************************
ചൊവ്വാഴ്ച മൂത്തേടം പഞ്ചായത്ത് ഉറക്കമുണര്‍ന്നത് ദുരന്തവാര്‍ത്ത കേട്ടായിരുന്നു. പക്ഷേ, നാടറിഞ്ഞ ആ സത്യം നേരം ഇരുട്ടുംവരെ ദുരന്തത്തിനിരയായവരുടെ വീട്ടുകാരെ അറിയിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചു. ചൊവ്വാഴ്ചത്തെ വൈദ്യുതിമുടക്കംമൂലം ടെലിവിഷനിലൂടെയും വീട്ടുകാര്‍ക്ക് വിവരം അറിയാനായില്ല.
അപകടത്തില്‍ മരിച്ച സത്യകുമാറിന്റെ അമ്മ ജാനകി പതിവ് പ്രവൃത്തികളുമായി നടന്നു. അയല്‍വാസികള്‍ അവരോട് പതിവുപോലെ സംസാരിച്ചു.
ലാലുവിന്റെയും സിദ്ദിഖിന്റെയും വീട്ടിലെ അവസ്ഥയും മറിച്ചായിരുന്നില്ല. ഭാര്യയില്‍നിന്നും കുട്ടികളില്‍നിന്നും വൈകുന്നേരംവരെ അവരുടെ മരണവിവരം നാട്ടുകാര്‍ മറച്ചുപിടിച്ചു; എത്രനേരത്തേക്കെന്നറിയാതെ. മരിച്ച മൂന്ന് മൂത്തേടം സ്വദേശികളും രണ്ട് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ താമസിക്കുന്നവരാണ്.

************************************
ഫെയ്‌സ് ബുക്കില്‍ പോസ്റ്റുചെയ്ത തന്റെ പുതിയ ചിത്രത്തെക്കുറിച്ച് കൂട്ടുകാരുടെ കമന്റുകള്‍ കാണാന്‍ കാത്തുനില്‍ക്കാതെ ആബിദ് യാത്രയായി. സാങ്കേതിക വിദ്യകളില്ലാത്ത ലോകത്തേക്ക് ആബിദ് മടങ്ങിയതറിയാതെ പല പുതിയ കൂട്ടുകാരും പുതിയ ചിത്രത്തിന് കമന്റ് ചെയ്യുന്നു. അറിഞ്ഞവര്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നു. അപകടം നടന്ന ചൊവ്വാഴ്ച പുലര്‍ച്ചെ 3.38നാണ് തന്റെ പുതിയതും അവസാനത്തെയും ചിത്രം ആബിദ് ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്. ജോലിത്തിരക്കൊഴിയുന്ന മിക്കവാറും സമയങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ ആബിദ് സജീവമാകാറുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ആബിദിന്റെ പുതിയ ചിത്രം കണ്ടതായി ആബിദിന്റെ പിതൃസഹോദര പുത്രന്‍ മുഹമ്മദ് നസീഫ് പറയുന്നു. മിക്കവാറും ദിവസങ്ങളില്‍ ഫെയ്‌സ് ബുക്ക് ചാറ്റിങ്ങിലും നാട്ടിലെയും കൂട്ടുകാരുടെയും വിശേഷങ്ങളറിയാന്‍ ആബിദ് ഉണ്ടാകാറുണ്ട്. അപകടത്തിന് മണിക്കൂറുകള്‍മാത്രം മുമ്പാണ് ആബിദ് തന്റെ പുതിയ ചിത്രം അപ്‌ലോഡ് ചെയ്തിട്ടുണ്ടാവുക. ബാക്കിയാവുന്നു...ആ ചിത്രവും കമന്റുകളും....

(കടപ്പാട്: മാതൃ­ഭൂമി)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.