Latest News

വളാഞ്ചേരിയില്‍ വൃദ്ധയെ വെട്ടിക്കൊന്ന് കവര്‍ച്ച

വളാഞ്ചേരി: വീട്ടില്‍ ഒറ്റയ്ക്കായിരുന്ന 88കാരിയെ പകല്‍ കൊലപ്പെടുത്തി കവര്‍ച്ച. വെണ്ടല്ലൂര്‍ താഴെകാവിന് സമീപം താമസിക്കുന്ന പരേതനായ അച്യുതന്‍ എഴുത്തച്ഛന്റെ ഭാര്യ കുഞ്ഞിലക്ഷ്മിയമ്മയാണ് കൊല്ലപ്പെട്ടത്.
വളാഞ്ചേരി ഡോ. എന്‍.കെ. മുഹമ്മദ് സ്മാരക എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളിലെ മോണ്ടിസോറി വിഭാഗം പ്രിന്‍സിപ്പല്‍ സതി വേണുഗോപാലിന്റെ അമ്മയാണ് കുഞ്ഞിലക്ഷ്മിയമ്മ. പത്തുവര്‍ഷമായി സതിയോടൊപ്പം വെണ്ടല്ലൂരിലെ നന്ദനത്തിലാണ് താമസം.
കുഞ്ഞിലക്ഷ്മിയമ്മയും മകള്‍ സതിയും മാത്രമാണ് ഇവിടെ താമസിക്കുന്നത്.
തിങ്കളാഴ്ച വൈകീട്ട് നാലരയ്ക്ക് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ സതി വേണുഗോപാലാണ് മുറിയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയെ ആദ്യംകണ്ടത്. കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടുകയായിരുന്നു.
കവര്‍ച്ചാശ്രമത്തിനിടയില്‍ കൊലപാതകം നടന്നതാകാനാണ് സാധ്യതയെന്ന് വളാഞ്ചേരി സി.ഐ എ.എം. സിദ്ധീഖ് പറഞ്ഞു. സ്വീകരണമുറിയോട് ചേര്‍ന്ന മുറിയില്‍ വാതിലിനരികിലാണ് മൃതദേഹം കിടന്നത്. ഇടതുചെവി പാതി അറുത്തെടുത്തിട്ടുണ്ട്. കൈയിലെ സ്വര്‍ണവള, കഴുത്തിലെ മാല എന്നിവ മോഷണം പോയിട്ടുണ്ട്.
മുറിയിലും കിടക്കയിലും മുളകുപൊടി വിതറിയിട്ടുണ്ട്. രാമകൃഷ്ണന്‍ (തിരുവനന്തപുരം), രാധ, ലീല, സത്യനാരായണന്‍, രാജന്‍ എന്നിവരാണ് കുഞ്ഞിലക്ഷ്മിയമ്മയുടെ മറ്റുമക്കള്‍.
മരുമക്കള്‍: സരള, പരേതനായ ശ്രീധരന്‍, ബാലകൃഷ്ണന്‍, വിജയലക്ഷ്മി, പരേതനായ വേണുഗോപാല്‍, ജയശ്രീ. ശവസംസ്‌കാരം ചൊവ്വാഴ്ച ചെമ്പ്ര പഴലിപ്പുറത്തുള്ള വീട്ടുവളപ്പില്‍ നടക്കും.

കൊലപാതകം ഉച്ചയ്ക്ക് ഒന്നിനും നാലിനും മധ്യേ
ഉച്ചയ്ക്ക് ഒന്നിനും നാലിനുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ സംഭവം നാടറിയുന്നത് വൈകീട്ട് നാലരയ്ക്കാണ്.
മരിച്ച കുഞ്ഞിലക്ഷ്മിയമ്മ താമസിക്കുന്ന, മകള്‍ സതിയുടെ വീടിനോട് ചേര്‍ന്ന് വേറെയും വീടുകളുണ്ട്. തൊട്ടടുത്ത അയല്‍ക്കാരായ മൂത്തമല രാജീവ് നമ്പൂതിരിയുടെ കുടുംബവുമായി നല്ല സൗഹൃദത്തിലാണ് ഇവര്‍.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ രാജീവ് നമ്പൂതിരിയുടെ അമ്മ തങ്കം അന്തര്‍ജനവുമായി കുഞ്ഞിലക്ഷ്മിയമ്മ സംസാരിച്ചിരുന്നു.
രാമായണ വായനയും പത്രവായനയുമായി ഉമ്മറത്തിണ്ണയില്‍ ഉച്ചവരെ കഴിയുന്ന കുഞ്ഞിലക്ഷ്മിയമ്മ ഉച്ചഭക്ഷണം കഴിഞ്ഞാല്‍ അല്‍പ്പസമയം കിടക്കുക പതിവാണെന്ന് തങ്കം അന്തര്‍ജനം പറഞ്ഞു. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് മുമ്പ് പതിവുപോലെ ഞങ്ങള്‍ സംസാരിച്ചതാണ്. വൈകീട്ട് നാലരയ്ക്ക് മകള്‍ സതിയുടെ ഉച്ചത്തിലുള്ള കരച്ചില്‍കേട്ട് ഓടിയെത്തിയപ്പോഴാണ് കുഞ്ഞിലക്ഷ്മിയമ്മ കൊല്ലപ്പെട്ടത് അറിയുന്നത്- അവര്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.