Latest News

ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിന് തീപിടിച്ചു

പുറത്തൂര്‍:മലപ്പുറം ജില്ലയിലെ അതിപുരാതന അയ്യപ്പക്ഷേത്രമായ ചമ്രവട്ടം ക്ഷേത്രത്തിന് തീപിടിച്ചു. ശനിയാഴ്ച രാത്രി 8.30ഓടെ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്കാണ് തീപിടിച്ചത്. ക്ഷേത്രത്തിനടുത്തുള്ള വീട്ടുകാരും ചമ്രവട്ടം പാലത്തിലൂടെയുള്ള വാഹനയാത്രികരുമാണ് ആദ്യം തീപ്പിടിത്തം കണ്ടത്.
ഉടന്‍തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. അരമണിക്കൂറിന് ശേഷം സംഭവസ്ഥലത്തെത്തിയ തിരൂരിലെയും പൊന്നാനിയിലെയും ഫയര്‍ഫോഴ്‌സിന്റെ യൂണിറ്റുകള്‍ ചേര്‍ന്ന് രണ്ടരമണിക്കൂര്‍ പണിപ്പെട്ടാണ് തീ പൂര്‍ണമായും അണച്ചത്.
തീ പടര്‍ന്നത് എവിടെനിന്നാണെന്ന് അറിവായിട്ടില്ല. ഏഴുമണിക്ക് ക്ഷേത്രനട അടച്ചിരുന്നു. ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സംഭവം നടക്കുമ്പോള്‍ ക്ഷേത്രത്തിലുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഓടിയെത്തിയ നാട്ടുകാര്‍ ഗേറ്റ് ചാടിക്കടന്നാണ് തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചത്.
ഭാരതപ്പുഴയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാല്‍ ക്ഷേത്രത്തിന് ചുറ്റുമതിലില്ല. സംഭവമറിഞ്ഞ് നിരവധിപേര്‍ സ്ഥലത്തെത്തി. തിടപ്പള്ളിയുടെ ഭാഗത്തേക്കും മുന്‍ഭാഗത്തേക്കും തീ പടര്‍ന്നിട്ടില്ല. കനത്ത മച്ച് ഉള്ളതിനാല്‍ ശ്രീകോവിലിലേക്കും തീ പടര്‍ന്നില്ല. ജില്ലാ പോലീസ് മേധാവി കെ. സേതുരാമന്‍, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.പി സി. ഹരിദാസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.