Latest News

മഞ്ചേരിയില്‍ മുജാഹിദ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; പൊലീസ് പള്ളി പൂട്ടി

മഞ്ചേരി: ഖത്തീബിനെ മാറ്റുന്നതിനെ ചൊല്ലി ജുമുഅ വേളയില്‍ പള്ളിയില്‍ സംഘര്‍ഷം. മഞ്ചേരി ഇസ്ലാഹി കാമ്പസ് ജുമാമസ്ജിദിലാണ് മുജാഹിദ് ഔദ്യാഗിക വിഭാഗവും കെ.കെ. സകരിയാ സ്വലാഹിയെ അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പൊലീസ് ബലപ്രയോഗത്തിലൂടെയും ലാത്തിവീശിയും പ്രവര്‍ത്തകരെ പുറത്തിറക്കി പള്ളി പൂട്ടി.
കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം)ടൗണ്‍ ശാഖയുടെ മേല്‍നോട്ടത്തിലുള്ള മസ്ജിദില്‍ അബ്ദുറഹ്മാന്‍ ഫാറൂഖിയാണ് മൂന്നുവര്‍ഷമായി വെള്ളിയാഴ്ചകളില്‍ ഖുതുബ (പ്രഭാഷണം) നിര്‍വഹിക്കുന്നത്.
മാര്‍ച്ച് 15 മുതല്‍ ഖുതുബ നിര്‍വഹിക്കാന്‍ പുതിയയാളെ നിയമിച്ചിട്ടുണ്ടെന്ന് അബ്ദുറഹ്മാന്‍ ഫാറൂഖിയെ ഏതാനും ദിവസം മുമ്പ് വിമത വിഭാഗം ടെലിഫോണില്‍ അറിയിച്ചിരുന്നു. ഇതിന്‍െറ കാരണം തേടിയതോടെ വിഷയം ചര്‍ച്ചയാവുകയും വ്യാഴാഴ്ച ശാഖാ കമ്മിറ്റി വിളിച്ചുകൂട്ടുകയും ചെയ്തു. ഇതില്‍ ഖത്തീബിനെ മാറ്റണമെന്നും വേണ്ടെന്നും രണ്ടഭിപ്രായമുയര്‍ന്നതോടെ യോഗം അലസിപ്പിരിഞ്ഞു. സംഘര്‍ഷ സാധ്യതയുണ്ടെന്ന് ഔദ്യാഗിക നേതൃത്വം പൊലീസില്‍ പരാതിപ്പെട്ടതോടെ വെള്ളിയാഴ്ച രാവിലെ പത്തിന് മഞ്ചേരി സി.ഐ വി.എ. കൃഷ്ണദാസിന്‍െറ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. തല്‍ക്കാലം നിലവിലെ സ്ഥിതി തുടരണമെന്ന പൊലീസ് നിര്‍ദേശം വിമത വിഭാഗം സ്വീകരിച്ചില്ല. 12 മണിയോടെ പുതിയ ഖത്തീബ് ഫൈസല്‍ മുസ്ലിയാരെ വിമത വിഭാഗം പള്ളിയിലെത്തിച്ചു. സ്ഥിരം ഖുതുബ നിര്‍വഹിക്കുന്നയാള്‍ എത്തിയെങ്കിലും മാറിനിന്നു. സംഘര്‍ഷം മുറുകുമെന്ന് മനസ്സിലാക്കി കൂടുതല്‍ പൊലീസിനെ എത്തിച്ചു. എസ്.ഐ എല്‍. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പള്ളിക്കകത്ത് കയറി ഇരുവിഭാഗത്തെയും അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. ഇതിനിടയില്‍ ചിലര്‍ മൈക്ക് കൈക്കലാക്കി. കൈയാങ്കളിയും ഉന്തും തള്ളും തുടങ്ങിയതോടെ പുറത്തുനിന്നിരുന്ന എം.എസ്.പി സംഘം പള്ളിയില്‍ കയറി ആളുകളെ ബലംപ്രയോഗിച്ച് പുറത്തിറക്കി. ചെറുക്കാന്‍ നിന്ന പലര്‍ക്കും ലാത്തിയടിയേറ്റു.
മുന്നൂറിലധികം പേര്‍ ജുമുഅക്ക് ചേരുന്ന പള്ളിയാണിത്. 42 അംഗ കമ്മിറ്റിയില്‍ രണ്ടുപേരെ ഔദ്യാഗിക വിഭാഗം പുറത്താക്കിയിട്ടുണ്ട്. പ്രസിഡന്‍റ് എ.വി. അബ്ദുല്‍ ഹമീദ് വിമതപക്ഷത്തും സെക്രട്ടറി വല്ലാഞ്ചിറ അബ്ദുല്‍ അസീസ്, ട്രഷറര്‍ എം.പി. ഹൈദരലി കുരിക്കള്‍ എന്നിവര്‍ ഔദ്യാഗിക പക്ഷത്തുമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.