Latest News

സൗദി സ്വദേശിവല്‍ക്കരണം: കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: സൗദിയില്‍ സ്വദേശിവല്‍ക്കരണം മൂലം ജോലി നഷ്ടപ്പെടുന്ന പ്രവാസികളുടെ പുനരധിവാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴില്‍ നഷ്ടപ്പെടുന്നവരെ അവിടെ തന്നെ മറ്റ് ജോലികള്‍ക്കായി പരിഗണിക്കുന്ന തരത്തിലുള്ള പുനരധിവാസ പദ്ധതിയെക്കുറിച്ച് സൗദി അധികൃതരുമായി സംസാരിക്കാന്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡറെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.

അധികം വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും വയലാര്‍ രവി പറഞ്ഞു. ജോലി നഷ്ടപ്പെടുന്ന പരമാവധി ആളുകളെ അവിടെ തന്നെ ഉള്‍ക്കൊള്ളിക്കുന്ന തരത്തിലുള്ള സമീപനം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി. നതാഖത്ത് എന്ന പേരില്‍ തൊഴിലിടങ്ങളില്‍ സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ട് സൗദി നടപ്പാക്കുന്ന തൊഴില്‍ നിയമമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് പ്രതിസന്ധിയായത്. ഒന്‍പതിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഒരു സൗദി പൗരനെ നിയമിക്കണമെന്നതാണ് തൊഴില്‍ നിയമത്തിലെ പ്രധാന വ്യവസ്ഥ. ഇതാകട്ടെ സൗദി സര്‍ക്കാര്‍ നിശ്ചയിക്കുന്ന ശമ്പള വ്യവസ്ഥയോടെ ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. മലയാളികളടക്കമുള്ളവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ഈ വ്യവസ്ഥ അംഗീകരിച്ച് മുന്നോട്ടുപോകാന്‍ കെല്‍പ്പില്ലാത്തവയാണ്. അതുകൊണ്ടുതന്നെ സ്ഥാപനങ്ങളും കടകളും അടച്ചുപൂട്ടേണ്ട ഗതികേടിലാണ് മലയാളികള്‍.

മലപ്പുറം പോലുള്ള മലബാര്‍ജില്ലകളില്‍ സൗദിയിലെ തൊഴില്‍നിയമം കനത്ത ആഘാതമായിരിക്കും വരുത്തുക. തൊഴില്‍ പരിഷ്‌കാരം ഒരുലക്ഷത്തോളംപേരെ ബാധിക്കുമെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ അനൗദ്യോഗിക കണക്കുകളില്‍ ഉപജീവനം വഴിമുട്ടുന്നവരുടെ എണ്ണം ഇതിലും വളരെ വലുതാണ്. മലപ്പുറത്തുനിന്നുമാത്രം ഒരു ലക്ഷത്തോളം പേര്‍ തൊഴില്‍ രഹിതരാകുമെന്നാണ് ലഭ്യമാകുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. സൗദി സ്വദേശിയുടെ പേരില്‍ രജിസ്‌ട്രേഷന്‍ എടുത്തശേഷം വിദേശികള്‍ നടത്തുന്ന ബിനാമി ചെറുകിട സ്ഥാപനങ്ങള്‍ ഏകദേശം രണ്‌ടേമുക്കാല്‍ ലക്ഷം വരുമെന്നാണ് അനൗദ്യോഗിക കണക്ക്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ നടത്തിപ്പില്‍ മലയാളികളും സജീവമാണ്. ഇവരേയും പുതിയ നിയമം ബാധിക്കും.

സ്വദേശിവത്കരണം ശക്തമായി പാലിക്കുന്ന സ്ഥാപനങ്ങളിലും സ്വന്തം സ്‌പോണ്‍സറുടെ കീഴിലും മാത്രമേ ഇനിമുതല്‍ വിദേശികള്‍ക്ക് സൗദിയില്‍ ജോലി ചെയ്യാന്‍ കഴിയൂ. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷമായി സൗദി അറേബ്യയില്‍ കര്‍ശന നിയമങ്ങളാണു പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. പുതിയ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ അനധികൃത താമസക്കാരെയും സ്വന്തം സ്‌പോണ്‍സറുടെ കീഴിലല്ലാതെ 'ഖഫാല'ത്തില്‍ ജോലി ചെയ്യുന്നവരെയും പിടിക്കുന്നതിനായി ജവാസത്ത് (പാസ്‌പോര്‍ട്ട് ഓഫീസ്) അധികൃതര്‍ വ്യാപകമായ റെയ്ഡാണ് കഴിഞ്ഞദിവസം നടത്തിയത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.