Latest News

പയ്യന്നൂരില്‍ താലൂക്ക് അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ വ്യാപക പ്രതിഷേധം


പയ്യന്നൂര്‍: പയ്യന്നൂരില്‍ താലൂക്ക് അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ രാഷ്ട്രീയ കക്ഷികളും സംഘടനകളും പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച് സി. കൃഷ്ണന്‍ എം.എല്‍.എ., മുഖ്യമന്ത്രി, റവന്യുമന്ത്രി, ധനകാര്യമന്ത്രി എന്നിവരെ കണ്ട് പ്രതിഷേധം അറിയിച്ചു. ടി.വി. രാജേഷ് എം.എല്‍.എ.യും ഒപ്പമുണ്ടായിരുന്നു.
ബഡ്ജറ്റ് അവതരണത്തിന്റെ ഭാഗമായി പുതുതായി കേരളത്തില്‍ 12 താലൂക്കുകള്‍ അനുവദിച്ചപ്പോള്‍ പയ്യന്നൂരിനെ ഒഴിവാക്കിയത് രാഷ്ട്രീയ വിവേചനമാണ്. റവന്യുവകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ നാലാമതായി സ്ഥാനം പിടിച്ച പയ്യന്നൂരിനെ ഒഴിവാക്കിയത് ഖേദകരമാണ്. ഇപ്പോള്‍ പ്രഖ്യാപിച്ച താലൂക്കുകള്‍ക്കൊപ്പം പയ്യന്നൂര്‍ കേന്ദ്രമായും താലൂക്ക് അനുവദിക്കണം. സി.കൃഷ്ണന്‍ എം.എല്‍.എ. നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
യു.ഡി.എഫ്. സര്‍ക്കാര്‍ പുതിയ താലൂക്കുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പയ്യന്നൂരിനെ അവഗണിച്ചതില്‍ എല്‍.ഡി.എഫ്. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി ടി.ഐ. മധുസൂദനന്‍ പ്രതിഷേധിച്ചു.
പയ്യന്നൂര്‍ താലൂക്ക് അനുവദിച്ചിരുന്നുവെങ്കിലും യു.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കുകയായിരുന്നു-മധുസൂദനന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. താലൂക്ക് രൂപവത്കരണത്തില്‍ പയ്യന്നൂരിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് പയ്യന്നൂരില്‍ എല്‍.ഡി.എഫ്. പ്രകടനം നടന്നു. പി.വി.കുഞ്ഞപ്പന്‍, ഇ.പി.തമ്പാന്‍, വി.കുഞ്ഞികൃഷ്ണന്‍, കെ.വി.ബാബു, ടി.സി.വി.ബാലകൃഷ്ണന്‍, പി.ജയന്‍, കെ.വി.തമ്പാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പയ്യന്നൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.യു. വിജയകുമാര്‍, വി.നന്ദകുമാര്‍, എ.വി.ശ്രീധരന്‍, വി.പി. സതീശന്‍, എം.കെ.ബഷീര്‍, സത്യജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. താലൂക്ക് രൂപവത്കരണ വിഷയത്തില്‍ പയ്യന്നൂരിനെ അവഗണിച്ചതില്‍ ഡി.വൈ.എഫ്.ഐ. പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ഡി.വൈ.എഫ്.ഐ. അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.