Latest News

'മിടുക്കി': റീമ കല്ലിങ്കലിനെ സിനിമയില്‍ വിലക്കുമെന്ന് ഫിലിം ചേംബര്‍

Rima_kallingal-MalabarFlash
കൊച്ചി: മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ചലച്ചിത്ര നടി റിമ കല്ലിങ്കലിന് ഫിലിം ചേംബര്‍ വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുന്നു.
ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ പേരിലാണ് വിലക്കേര്‍പ്പെടുത്തുന്നത്.ചാനല്‍ പരിപാടിയില്‍ നിന്ന് പിന്‍മാറുന്നില്ലെങ്കില്‍ റീമയെ വച്ച് സിനിമകള്‍ നിര്‍മിക്കുകയോ അവര്‍ അഭിനയിച്ച ചിത്രങ്ങള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യേണ്ടതില്ലെന്ന് നിര്‍മാതാക്കളും വിതരണക്കാരുമടക്കമുള്ളവര്‍ പങ്കെടുത്ത ഫിലിം ചേംബറിന്റെ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
മെയ് 15ന് ശേഷം സ്റ്റേജ് ഷോകളിലും അവാര്‍ഡു നിശകളിലും പങ്കെടുക്കുന്ന നടീനടന്‍മാര്‍ക്ക് സിനിമയില്‍ വിലക്കേര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. മഴവില്‍ മനോരമയിലെ 'മിടുക്കി' എന്ന പരിപാടിയുടെ അവതാരികയായി പ്രത്യക്ഷപ്പെടുന്നതാണ് റിമയുടെ വിലക്കിന് കാരണം. സുരേഷ്‌ഗോപി, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നുണ്ട്. ഇവരില്‍ സുരേഷ്‌ഗോപിയും ജഗദീഷും മറ്റും സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടു നിന്നുകൊണ്ടാണ് ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് ടെലിവിഷന്‍ പരിപാടിയില്‍ നിന്ന് പിന്‍മാറിയതായി താരസംഘടനയായ അമ്മയെ അറിയിച്ചതായാണ് വിവരം.
സിനിമാ താരങ്ങള്‍ ടെലിവിഷന്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നത് വിലക്കിക്കൊണ്ടുള്ള തീരുമാനം ചേംബര്‍ പത്ത് വര്‍ഷം മുമ്പ് കൈക്കൊണ്ടതാണ്. ഇതു സംബന്ധിച്ച് താരസംഘടനയും ചേംബറും തമ്മില്‍ 2002ല്‍ ഒപ്പിട്ട കരാറും നിലവിലുണ്ട്.
കരാര്‍ കര്‍ശനമായി നടപ്പാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി അടുത്തിടെ ചാനല്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്ന നടീനടന്‍മാര്‍ക്ക് നോട്ടീസയച്ചിരുന്നുവെന്ന് ചേംബര്‍ പ്രസിഡന്റ്മുദ്ര ശശി പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.