BalaJrishnan |
കാസര്‍കോട് 2001 ല്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ് നേതാവ് ബാലകൃഷ്ണന്റെ പിതാവ് ജി ഗോപാലന് ഭാര്യ എം പങ്കജാക്ഷി എന്നിവര്‍ സമര്‍പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
2001 സപ്തംമ്പര്‍ 18 നാണ് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ ഡിടിഎസ് കൊറിയര്‍ സ്ഥാപനം നടത്തുകയായിരുന്ന വിദ്യാനഗര്‍ പടുവടുക്കത്തെ റിട്ട.തഹസീല്‍ദാര്‍ ഗോപാലന്റെ മകന് ബാലകൃഷ്ണ(32)നെയാണ് പുലിക്കുന്ന് ചെമ്മനാട് കടവത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
നഷ്ടപരിഹാരം തേടി മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു വ്യക്തിയുടെ ജീവനു നേരെയുണ്ടായ ഭീഷണി തടയുന്നതിലും തുടരന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നതിലും വീഴ്ച വരുത്തിയ ഗവണ്മെന്റ് 2.50 ലക്ഷം രൂപ നല്‍കണമെന്നു ജസ്റ്റീസ് പി. ഭവദാസന്‍ വിധിച്ചത്.
ബാലകൃഷ്ണന്റെ മാതാപിതാക്കളായ എം. ഗോപാലന്, എം. പങ്കജാക്ഷി എന്നിവര്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ പണം കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ആറര ശതമാനം പലിശയും കോടതി ചെലവായി 15,000 രൂപയും കൊടുക്കേണ്ടി വരും.
ഹര്‍ജിക്കാരന്റെ മകനെതിരേ നടത്തിയ ഗൂഢാലോചന കണ്ടെത്താനോ തടയാനോ സര്‍ക്കാര്‍ കാര്യമായ ശ്രമം നടത്തിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കേസന്വേഷണത്തിനു നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ മാതാപിതാക്കള്‍ അഞ്ചു തവണ ഹൈക്കോടതിയെ സമീപിച്ചു. നിരവധി തവണ ഹര്‍ജി നല്കിയ ശേഷമാണു സിബിഐ അന്വേഷണം പോലും സാധ്യമായത്. അന്വേഷണ ഏജന്‍സിയുടെ അലംഭാവം, കഴിവുകേട്, വ്യക്തിസ്വാതന്ത്ര്യത്തോടുള്ള നിസംഗത എന്നിവയ്ക്ക് ഉദാഹരണമാണു നടപടികള്‍. ഇതെല്ലാം പരിഗണിക്കുമ്പോള്‍ നഷ്ടപരിഹാരം നല്കാന് സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു കോടതി പറഞ്ഞു.
നിയമവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരില്‍നിന്നു സംരക്ഷണം തേടുന്നയാള്‍ക്ക് അതു നല്കാന് സര്‍ക്കാരിനു ബാധ്യതയുണ്ടോ, ഉണ്ടെങ്കില്‍ ഏതു സാഹചര്യത്തിലാണ് ഇതു നിര്‍വഹിക്കേണ്ടത്, സര്‍ക്കാര്‍ വീഴ്ച വരുത്തിയാല്‍ എന്താണു പരിഹാരം, എന്തു നഷ്ടപരിഹാരമാണു നല്കേണ്ടതു തുടങ്ങിയവയാണു ഹര്‍ജിയില്‍ കോടതി പരിഗണിച്ചത്. ഭരണഘടന, മനുഷ്യാവകാശ സംരക്ഷണ നിയമം, പോലീസ് ആക്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ പൗരന്റെ ജീവിക്കാനുള്ള മൗലിക അവകാശത്തിനു ഭംഗം വന്നാല്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നു വ്യക്തമാണ്.
ഭരണഘടന നല്കുന്ന സ്വാതന്ത്ര്യം അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശമാണ്. വ്യക്തിയുടെ ജീവനു ഭീഷണി ഉണ്ടാക്കുന്ന അതിക്രമങ്ങള്‍ സര്‍ക്കാര്‍ തടയണം. ഇതു പൊതുവായ സമൂഹത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമാണ്. രണ്ടു മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്ന അവസരത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. ഇന്റലിജന്‍സിനെ ഉപയോഗിപ്പെടുത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായിരുന്നെങ്കില്‍ കൊലപാതകം തടയാമായിരുന്നുവെന്നു കോടതി നിരീക്ഷിച്ചു.
കേസില്‍ രാഷ്ട്രീയസ്വാധീനമുണ്ടായിരുന്നതായി ഹൈക്കോടതി കണ്ടെത്തി. സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന രീതിയിലുള്ള കേസില്‍ പോലീസ് നിരുത്തരവാദപരമായി അന്വേഷിച്ചതിനു സര്‍ക്കാരിനു ഉത്തരവാദിത്വമുണ്ടെന്നു വിധിന്യായത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. കേസില്‍ ബാലകൃഷ്ണന്റെ പിതാവിന്റെ നിയമപോരാട്ടം ചരിത്രസംഭവമാണെന്നും കോടതി വിലയിരുത്തി. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് രാജു ജോസഫ്, അഡ്വ. ജൂലിയര്‍ സേവ്യര്‍ എന്നിവരാണു വാദിഭാഗത്തിനു വേണ്ടി ഹാജരായത്. കേസുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അന്വേഷണം പ്രഹസനമായതിനെത്തുടര്ന്നു ബാലകൃഷ്ണന്റെ പിതാവും റിട്ട. തഹസില്‍ദാറുമായ എന്‍.ഗോപാലന് ഹൈക്കോടതിയെ സമീപിച്ചതിനെതുടര്ന്നു അന്വേഷണം സിബിഐക്കു കൈമാറുകയായിരുന്നു.
സിബിഐ അന്വേഷണത്തില്‍ ബാക്കിയുണ്ടായിരുന്ന പ്രതികളെല്ലാം പിടിയിലായെങ്കിലും ഗൂഡാലോചന നടത്തിയാണു തന്റെ മകനെ കൊലപ്പെടുത്തിയതെന്നും ഇതില്‍ പങ്കാളികളായവരില്‍ പലരും ഇനിയും പിടിക്കപ്പെടാനുണെ്ടന്നുമായിരുന്നു ഗോപാലന്റെ ആരോപണം.
മകന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന തങ്ങള്‍ക്ക് രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്കിയ ഹര്‍ജിയില്‍ വിധിയുണ്ടായത് ആശ്വാസകരമാണെങ്കിലും അപൂര്‍വത്തില്‍ അപൂര്‍വമായ കേസില്‍ തുടര്‍നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെയാണു പിതാവ് ഗോപാലന്റെ തീരുമാനം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Balakrishnan Murder Case
No comments:
Post a Comment