Latest News

തൊഴിലാളികളുടെ പാസ്പോര്‍ട്ട് തൊഴിലുടമ സൂക്ഷിക്കരുത്

Gulf, UAE, Ministry of labour,
ദുബൈ: തൊഴിലാളികളുടെ പാസ്പോര്‍ട്ട് അവരുടെ സമ്മതമില്ലാതെ തൊഴിലുടമകള്‍ വാങ്ങി സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് യു.എ.ഇ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഈ വ്യവസ്ഥ രാജ്യത്തെ എല്ലാ ഫ്രീസോണുകള്‍ക്കും ഫ്രീസോണിന് പുറത്തെ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും മന്ത്രാലയം പറഞ്ഞു.

ഷാര്‍ജ എയര്‍പോര്‍ട്ട് ഇന്‍റര്‍നാഷനല്‍ ഫ്രീസോണ്‍ അതോറിറ്റി (സൈഫ്സ) തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവരുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കുന്നത് സംബന്ധിച്ച് പ്രാദേശിക പത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ‘സൈഫ്സ’യുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ അവധിക്ക് നാട്ടില്‍പോയി തിരിച്ചെത്തിയാല്‍ ഉടന്‍ പാസ്പോര്‍ട്ട് ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കണമെന്നും വൈകിയാല്‍ ഒരു ദിവസത്തേക്ക് 10 ദിര്‍ഹം തോതില്‍ പിഴ ചുമത്തുന്നുവെന്നുമാണ് പറയുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ഒരു തൊഴിലുടമക്കും പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ നിയമപരമായി അവകാശമില്ലെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് പറഞ്ഞത്.

‘തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്പോര്‍ട്ട് ഉടമകള്‍ വാങ്ങിവെക്കുന്നത് നിയമവിരുദ്ധമാണെന്ന് ഫെഡറല്‍ നിയമങ്ങളിലും ആഭ്യന്തര മന്ത്രാലയത്തിന്‍െറ വ്യവസ്ഥകളിലും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. ഇങ്ങനെ ചെയ്യുന്നത് ഫെഡറല്‍ നിയമങ്ങളുടെ ലംഘനമാണ്. പാസ്പോര്‍ട്ട് ഉടമകള്‍ സൂക്ഷിക്കുന്നത് കോടതി നിര്‍ദേശങ്ങള്‍ക്കും എതിരാണ്’- തൊഴില്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍, ഷാര്‍ജ എയര്‍പോര്‍ട്ട് ഇന്‍റര്‍നാഷനല്‍ ഫ്രീസോണ്‍ അതോറിറ്റിക്ക് ഈ വ്യവസ്ഥ ബാധകമല്ലെന്ന് അതോറിറ്റി വക്താവ് വ്യക്തമാക്കി. ‘ഫ്രീസോണുകള്‍ക്ക് അവരുടേതായ നിയമ വ്യവസ്ഥകളുണ്ട്. അതിനാല്‍ മറ്റു വ്യവസ്ഥകള്‍ ബാധകമല്ല. സുരക്ഷക്ക് വേണ്ടിയാണ് പാസ്പോര്‍ട്ട് തങ്ങള്‍ സൂക്ഷിക്കുന്നത്. നിരവധി തൊഴിലാളികള്‍ ഒരുമിച്ച് താമസിക്കുന്നതിനാല്‍ ഏതെങ്കിലും വിധത്തില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കുകയാണ് ലക്ഷ്യം. അതേസമയം യാത്രക്കും പാസ്പോര്‍ട്ട് പുതുക്കാനും മറ്റാവശ്യങ്ങള്‍ക്കും പാസ്പോര്‍ട്ട് നല്‍കുന്നുണ്ട്’-വക്താവ് പറഞ്ഞു.

Keywords: Gulf, UAE, Ministry of labour,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.