Latest News

‘നിതാഖാത്’ നല്‍കുന്ന പാഠം

 Gulf, Saudi Arabia, Nitaqat
സൗദിയില്‍ നിന്ന് നാട്ടിലേക്കുള്ള പ്രവാസികളുടെ തിരിച്ചുപോക്ക് ഇന്ത്യക്കാരിലും പൊതുവെ കേരളീയരിലും ഉണ്ടാക്കുന്ന ആശങ്ക എത്രത്തോളമാണെന്ന് വാര്‍ത്താമാധ്യമങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അറിയാന്‍ കഴിയുന്നു. ഭാവിയില്‍ മറ്റു ഗള്‍ഫ് നാടുകളിലും ഇതുതന്നെ സംഭവിക്കും. ഒരു രാജ്യത്തെ ജനതയുടെ തൊഴിലില്ലായ്മക്കും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ക്കും പരിഹാരമായി സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍ പരിഷ്കരണങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വേണ്ടത് ചെയ്യാന്‍ കഴിയാതെപോയ കേരളീയരും ഭരണാധികാരികളും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇതു തന്നെ ധാരാളം.

മത, രാഷ്ട്രീയ, സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സംഘടനകള്‍ പ്രവാസികള്‍ക്കായുണ്ട്. 2011 നവംബറില്‍ പ്രാബല്യത്തില്‍ വന്ന ‘നിതാഖാത്’ നിയമത്തിന്‍െറ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴുണ്ടായ പരാക്രമം കാണുമ്പോള്‍ സ്വാഭാവികമായും തോന്നിപ്പോകുന്നത് മരണം ഓര്‍മപ്പെടുത്തിയ വേദഗ്രന്ഥത്തിലെ വാക്കുകള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ മന്ത്രവാദിയെയും സഹായിയെയും വിളിച്ച് വേര്‍പാടില്‍ വേവലാതിപ്പെടുന്ന ദുര്‍ബലനായ മനുഷ്യനെയാണ്. 

ഏറ്റവുമവസാനം ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും കണ്ണുതുറന്നതിനാല്‍ സൗദി വിദേശകാര്യ മന്ത്രി സഊദ് അല്‍ഫൈസല്‍ ഇ.അഹമ്മദുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് പറഞ്ഞിരിക്കുന്നു.
ബര്‍മ, സിലോണ്‍ തുടങ്ങിയ പഴയ തലമുറയിലെ കഥകള്‍ നല്‍കുന്ന പാഠം പ്രവാസം ശാശ്വതമായ ഒന്നല്ലെന്നാണ്. 

സ്വദേശികളുടെ തൊഴിലില്ലായ്മ കണ്ടില്ലെന്നു നടിക്കാന്‍ അവിടുത്തെ ഭരണകൂടങ്ങള്‍ക്കാവുമോ? ജനസംഖ്യ വര്‍ധനവ്, വിദ്യാഭ്യാസ പുരോഗതി, തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കുറ്റവാസനകള്‍ എന്നിവയും സ്വശേദിവല്‍കരണത്തിന് പ്രധാന കാരണങ്ങളാണ്. അതുകൊണ്ടുതന്നെ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് പ്രവാസികളുടെ ഭാവിക്കുവേണ്ടി ചിലത് ചെയ്യേണ്ടതുണ്ട് എന്നതിന്‍െറ ഓര്‍മപ്പെടുത്തലാണ് സൗദി ഭരണകൂടം നടപ്പാക്കുന്ന നിതാഖാത്. മൂന്ന് മില്യന്‍ കേരളീയര്‍ വിദേശങ്ങളില്‍ ജോലി ചെയ്യുന്നു. 

2012 ഡിസംബര്‍ വരെ അവരുടെ എന്‍.ആര്‍.ഐ നിക്ഷേപം മാത്രം 627.08 ബില്യന്‍ ആണ്. അവര്‍ നാടിന്‍െറ സമ്പത്താണ്. കുറെ കോണ്‍ക്രീറ്റ് കാടുകളും പള്ളികളും പാര്‍ട്ടി ഫണ്ടുകളും മന്ദിരങ്ങളും എയര്‍പോര്‍ട്ടുകളും മാത്രമാണ് അവന്‍െറ സ്മാരക സൗധങ്ങള്‍. മാറിമാറിവരുന്ന ഭരണകൂടങ്ങള്‍, മത-സാമൂഹിക പ്രസ്ഥാനങ്ങള്‍ എന്നിവരുടെ കറവപ്പശുക്കള്‍ മാത്രമായിരുന്നു എന്നും പ്രവാസികള്‍. പ്രവാസിക്കും അവന്‍െറ കുടുംബത്തിനും ഉപകാരപ്രദമാകുന്ന ഉല്‍പാദന ക്ഷമതയുള്ള പ്രവര്‍ത്തനങ്ങള്‍ വിരളമാണ്. 

ചോദിക്കാനും പറയാനും ആളില്ലാത്തതിനാല്‍ പ്രവാസിയോട് എന്തുമാകാമെന്നതാണ് പാസ്പോര്‍ട്ട് സ്വകാര്യവത്കരണത്തിലൂടെ പ്രകടമായ വസ്തുത. മാത്രവുമല്ല മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയത്തിന്‍െറ അതിപ്രസരം കേരളീയരില്‍ പ്രകടമാണ്. ചൈനയില്‍ മഴ പെയ്താല്‍ കേരളത്തില്‍ കുടപിടിക്കും എന്നതുപോലെ എന്തിനും ഏതിനും പരിപാടികള്‍ സംഘടിപ്പിക്കുന്നതിനപ്പുറം പ്രവാസികളുടെ പുരോഗതിക്ക് ഉതകുന്ന നയവും പരിപാടികളും രൂപീകൃതമാകണം. തിരിച്ചുപോക്കിന് ഉതകത്തക്ക വിധം പ്രൊജക്റ്റുകള്‍ രൂപകല്‍പന ചെയ്യുക, അത്തരം പരിപാടികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുക, കുട്ടികളുടെ വിദ്യാഭ്യാസത്തിന് എന്‍.ആര്‍.ഇ ക്വോട്ടകള്‍ റിസര്‍വ് ചെയ്യുക, പ്രവാസലോകത്ത് നേരിടുന്ന നിയമ പ്രശ്നങ്ങള്‍ പരിഹരിക്കുക, പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുക, ജയില്‍ കേസുകളില്‍ എംബസികള്‍ കാണിക്കുന്ന ഉദാസീനതക്കെതിരെ കൂട്ടായ ശബ്ദമുയര്‍ത്തുക, പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കാനും അവരുടെ ശബ്ദം ഭരണ സിരാകേന്ദ്രങ്ങളില്‍ എത്തിക്കാനും മുന്‍ പ്രവാസികളുടെ സംഘടന രൂപവത്കരിക്കുക എന്നിവ വഴിയേ സര്‍ക്കാരിന്‍െറ കണ്ണ് തുറപ്പിക്കാന്‍ സാധിക്കൂ. 

സമരം ചെയ്യാതെ ഒന്നും നേടാന്‍ കഴിയില്ല എന്നതാണ് കേരളീയ രാഷ്ട്രീയ പശ്ചാത്തലം. പ്രവാസി സ്വന്തത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഇനിയും വൈകിക്കൂട എന്ന മുന്നറിയിപ്പാണ് നിതാഖാത്.

കടപ്പാട്: മാധ്യമം

Keywords: Gulf, Saudi Arabia, Nitaqat

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.