Latest News

അടിയന്തര പോലീസ് സഹായം: സംവിധാനം ഉടന്‍ നടപ്പാക്കും ­ദാഹി ഖല്‍ഫാന്‍

ദുബൈ: അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് പോലീസ് സഹായം ലഭ്യമാക്കാനുള്ള സാങ്കേതിക സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് ദുബൈ പോലീസ് മേധാവി ലെഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അറിയിച്ചു. വീടുകളില്‍ ഘടിപ്പിക്കാവുന്ന ഈ സംവിധാനത്തിലെ ബട്ടണില്‍ അമര്‍ത്തി മറുതലക്കല്‍ പോലീസുമായി സംസാരിച്ച് സഹായം തേടാന്‍ സാധിക്കും. ചാനല്‍-4 107.8 എഫ്.എമ്മുമായി 'പീപിള്‍സ് പ്രോഗ്രാം' പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

'ബട്ടണില്‍ അമര്‍ത്തി സുരക്ഷിതരാകൂ' എന്ന പേരിലുള്ള സംരംഭത്തിന്റെ പരീക്ഷണ ഘട്ടമാണിപ്പോഴെന്നും ഇത് പൂര്‍ണമായും നടപ്പാക്കാന്‍ സാധിക്കുന്നതിലൂടെ പോലീസും ജനങ്ങളും തമ്മിലുള്ള ആശയ വിനിമയം വഴി കൂടുതല്‍ മെച്ചപ്പെട്ട പൊതുസേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്നും ദാഹി ഖല്‍ഫാന്‍ പ്രത്യാശിച്ചു.

ലോകത്ത് ഇന്നു വരെയുള്ളതില്‍ വച്ചേറ്റവും വേഗമേറിയ സഹായ സംവിധാനമാണിത്. എന്നാല്‍, ഇതിന്റെ സാങ്കേതികമായ വിശദീകരണം അദ്ദേഹം നല്‍കിയില്ല.
രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും ഈ ഉപകരണം മുഖേന പോലീസുമായി ബന്ധപ്പെടാം. ഉദ്യോഗസ്ഥര്‍ക്ക് വേഗത്തില്‍ നിശ്ചിത സ്ഥലത്ത് എത്തിച്ചേര്‍ന്ന് സഹായം നല്‍കാന്‍ സാധിക്കും.
യു.എ.ഇ എംബസികളും കോണ്‍സുലേറ്റുകളുമായി ബന്ധപ്പെടുത്തുന്ന ഈ സംവിധാനം സ്വദേശികള്‍ക്ക് വേണ്ടിയാണാദ്യം നടപ്പാക്കുന്നത്. ഉയര്‍ന്ന കാര്യക്ഷമതയുള്ള ഈ സംവിധാനം രാജ്യത്തുടനീളവും പിന്നീട് ആഗോള തലത്തിലും നടപ്പാക്കും.

ദുബൈയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ഒരു വീട്ടില്‍ കഴിയുന്ന സ്വദേശി വൃദ്ധനെ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഉപകരണവുമായി ബന്ധപ്പെടുത്തുകയും സംസാരമവസാനിപ്പിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് അവിടെയെത്തി സഹായം നല്‍കുകയും ചെയ്തു. അതിനിടെ, ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും പൊതു സേവകരും അവരുടെ പദവി നോക്കാതെ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ സദാ സന്നദ്ധരാവണമെന്ന് ദാഹി ഖല്‍ഫാന്‍ ഓര്‍മിപ്പിച്ചു.

രണ്ടു വര്‍ഷം മുമ്പ് 'ഞാനൊരു പൊതു സേവന ജീവനക്കാരന്‍' എന്ന പേരിലുള്ള സംരംഭം താന്‍ ആരംഭിച്ചിരുന്നുവെന്നും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ, പ്രത്യേകിച്ചും ട്വിറ്റര്‍ വഴി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായി സംവദിക്കാന്‍ നിരന്തരം ശ്രമിച്ചിരുന്നുവെന്നും ദാഹി ഖല്‍ഫാന്‍ പറഞ്ഞു.

ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി മൊബൈല്‍ ഫോണും മറ്റു വസ്തുക്കളും മോഷ്ടിച്ച് ഉപദ്രവിച്ച സംഭവം അദ്ദേഹം വിവരിച്ചു. യുവാവിന്റെ കൈവശം മറ്റൊരു ഫോണുണ്ടായിരുന്നു. അതില്‍ 999ല്‍ ഡയല്‍ ചെയ്യുകയും തനിക്കെന്താണ് സംഭവിച്ചതെന്ന് പോലീസിനെ അറിയിക്കുകയും ചെയ്തു. അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസര്‍ പട്രോളിംഗ് ടീമിനെ പ്രസ്തുത സ്ഥലത്തേക്ക് പറഞ്ഞയക്കുകയും അപഹര്‍ത്താക്കളില്‍ നിന്ന് യുവാവിനെ മോചിപ്പിക്കുകയും ചെയ്തുവെന്നും ദാഹി ഖല്‍ഫാന്‍ വിശദീകരിച്ചു.
(Chandrika)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.