Latest News

പന്തളം പീഡനം:അധ്യാപകരുടെ പ്രവൃത്തി ക്രൂരവും മനുഷ്യത്വരഹിതവുമെന്ന് കോടതി; ശിക്ഷ ശരിവെച്ചു

കൊച്ചി: പന്തളത്ത് കോളേജ് വിദ്യാര്‍ഥിനിയെ കെണിയില്‍ കുടുക്കി പീഡിപ്പിച്ച അധ്യാപകരുടെ പ്രവൃത്തി ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി കേസില്‍ അധ്യാപകരുള്‍പ്പെടെ ആറ് പ്രതികളുടെയും ശിക്ഷ ശരിവെച്ചു. വിവിധ വകുപ്പുകളിലായി ഇവര്‍ നല്‍കേണ്ട പിഴയും ഉയര്‍ത്തിയിട്ടുണ്ട്. 

പിഴത്തുകയില്‍ നിന്ന് ആറ് ലക്ഷം രൂപ യുവതിക്ക് നല്‍കണം. വിചാരണക്കോടതി ശിക്ഷിച്ച രണ്ട് അധ്യാപകരെ കോളേജില്‍ തുടരാന്‍ അനുവദിച്ച പന്തളം എന്‍.എസ്.എസ്. കോളേജ് മാനേജ്‌മെന്‍റിനെയും കോടതി നിശിതമായി വിമര്‍ശിച്ചു. വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയാകേണ്ട ഗുരുനാഥന്‍മാരുടെ പ്രവൃത്തികള്‍ ഞെട്ടിക്കുന്നതാണെന്ന് കോടതി വിലയിരുത്തി.

ജസ്റ്റിസ് പി. ഭവദാസനാണ് പ്രതികളുടെ അപ്പീല്‍തള്ളിക്കൊണ്ട് വിധിന്യായം പുറപ്പെടുവിച്ചത്.

യുവതിയുടെ കോളേജ് അധ്യാപകരായ കെ. വേണുഗോപാല്‍, സി.എം. പ്രകാശ്, കോണ്‍ട്രാക്ടര്‍ വേണുഗോപാല്‍, ബിസിനസ്സുകാരായ ജ്യോതിഷ് കുമാര്‍, മനോജ് കുമാര്‍, അറുനൂറ്റിമംഗലം സ്വദേശി ഷാ ജോര്‍ജ് എന്നിവരുടെ തടവുശിക്ഷയാണ് കോടതി ശരിവെച്ചത്. കോളേജിലെ മലയാളം ഡിപ്പാര്‍ട്ട്‌മെന്‍റ് അധ്യാപകനായ രാധാകൃഷ്ണന്‍ കേസ് നടക്കുമ്പോള്‍ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു അധ്യാപകനും രണ്ടാം പ്രതിയുമായ ബി. രവീന്ദ്രനാഥന്‍ പിള്ള ഹൈക്കോടതിയില്‍ അപ്പീല്‍ പരിഗണിക്കവേ മരിച്ചു. ശേഷിച്ച ആറ് പേരുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. കീഴ്‌ക്കോടതി പ്രതികള്‍ക്ക് കഠിന തടവാണ് വിധിച്ചിരുന്നത്. 1997-ലാണ് കേസിനാസ്പദമായ സംഭവം.

മലയാളം മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ യുവതിയോട് അധ്യാപകരായ രാധാകൃഷ്ണനും വേണുഗോപാലും രവീന്ദ്രനാഥന്‍ പിള്ളയും സി.എം. പ്രകാശും 1996 മുതല്‍ അടുപ്പം കാണിച്ചു തുടങ്ങിയെന്ന് തെളിവുകള്‍ പരിശോധിച്ച കോടതി വിലയിരുത്തി. അറ്റന്‍ഡറെ കൊണ്ട് ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫീസില്‍ വിളിച്ചുവരുത്തിച്ച് അശ്ലീലം കലര്‍ന്ന തമാശകള്‍ പറഞ്ഞു. പിന്നീട് സൗന്ദര്യം ആസ്വദിക്കാനുള്ളതാണ് എന്നും മറ്റും പറഞ്ഞ് വിദ്യാര്‍ഥിനിയെ പ്രകോപിപ്പിക്കാന്‍ തുടങ്ങി. പെണ്‍കുട്ടി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഓഫീസിലേക്ക് വിളിപ്പിച്ച് ആളില്ലാത്ത സമയങ്ങളില്‍ അപമര്യാദയായി ശരീരത്തില്‍ തൊട്ടു.

കുട്ടിയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ എന്ന നിലയിലാണ് അച്ഛന്‍ അധ്യാപകനായ രാധാകൃഷ്ണനെ കണക്കാക്കിയിരുന്നത്. എന്നിട്ടും അച്ഛന്റെ രോഗ വിവരം പറയാന്‍ ബന്ധുവീട്ടിലേക്ക് പോകുമ്പോള്‍ അധ്യാപകന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഭാര്യ വീട്ടിലുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിളിച്ചത്. അടുത്ത വീട്ടില്‍ പോയ ഭാര്യയെ വിളിച്ചു കൊണ്ടുവരാമെന്നു പറഞ്ഞ് അധ്യാപകന്‍ വീട് പൂട്ടി പുറത്തിറങ്ങി. അപ്പോള്‍ അടുത്ത മുറിയിലുണ്ടായിരുന്ന രവീന്ദ്രനാഥന്‍ പിള്ള വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ചു. എതിര്‍ത്തെങ്കിലും വായ് പൊത്തിപ്പിടിച്ചതോടെ തളര്‍ന്ന വിദ്യാര്‍ഥിനിയെ അയാള്‍ ബലാത്സംഗം ചെയ്തു.

മേലില്‍ ആവര്‍ത്തിക്കില്ലെന്നും പുറത്തുപറയരുതെന്നും വിദ്യാര്‍ഥിനിയോട് പറഞ്ഞു. വീട്ടിലെത്തിയ വിദ്യാര്‍ഥിനി വിവരം അമ്മയോട് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് വിദ്യാര്‍ഥിനി കോളേജില്‍ പോയപ്പോള്‍ രാധാകൃഷ്ണന്‍ വീണ്ടും ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫീസിലേക്ക് വിളിപ്പിച്ചു. മറ്റു മൂന്ന് അധ്യാപകരും ആ സമയത്ത് അവിടെയുണ്ടായിരുന്നു. അവരെല്ലാം വിവരം അറിഞ്ഞെന്നും പുറത്തുപറഞ്ഞാല്‍ മലയാളം വകുപ്പുതലവനെ അറിയിച്ച് കോളേജില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ഭീഷണി മുഴക്കി പല സ്ഥലങ്ങളില്‍ പീഡനം തുടര്‍ന്നു. അധ്യാപകരുടെ സുഹൃത്തുക്കളായ ബിസിനസ്സുകാരും ഇതില്‍ ഉള്‍പ്പെട്ടു. എട്ടു സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് തെളിഞ്ഞിട്ടുള്ളത്.

1997-ല്‍ കോളേജ് കൗണ്‍സില്‍ യോഗത്തില്‍ ഒരു അധ്യാപകന്‍ ഈ പ്രശ്‌നം ഉന്നയിച്ചെങ്കിലും പ്രിന്‍സിപ്പല്‍ അതേക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും സംഘടനകള്‍ അധ്യാപകരുടെ ഈ പ്രവൃത്തിക്കെതിരെ ശബ്ദമുയര്‍ത്തി. അധ്യാപകര്‍ക്കെതിരെ ചുവരെഴുത്തുകളുമുണ്ടായി. ഇത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായിട്ടും പെണ്‍കുട്ടി കോളേജില്‍ വരാതായതിനു ശേഷമാണ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനിയുടെ അച്ഛനെ വിളിപ്പിച്ച് വിവരം അന്വേഷിച്ചത്. 

1997 നവംബറില്‍ അച്ഛന്‍ നല്‍കിയ പരാതി പ്രിന്‍സിപ്പല്‍ പോലീസിന് കൈമാറുകയായിരുന്നു. കേസന്വേഷണവും കീഴ്‌ക്കോടതിയിലെ വിചാരണയും നല്ല രീതിയില്‍ നടത്തിയവരെ കോടതി അഭിനന്ദിച്ചു. 2002 ജനവരി മൂന്നിലെ കീഴ്‌ക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലുകളും ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവതി നല്‍കിയ റിവിഷന്‍ ഹര്‍ജിയുമാണ് കോടതി പരിഗണിച്ചത്. ഹൈക്കോടതിയിലെ അപ്പീലില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.ഐ. അബ്ദുള്‍ റഷീദും യുവതിക്കു വേണ്ടി അഡ്വ. എം.കെ. ദാമോദരനും ഹാജരായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Teachers, Police, Case, Court Order

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.