Latest News

കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നല്‍കാന്‍ ശുപാര്‍ശ

കണ്ണൂര്‍: മട്ടന്നൂരിനടുത്ത് മൂര്‍ഖന്‍പറമ്പില്‍ സ്ഥാപിക്കുന്ന നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നല്‍കാന്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ഏതാനും നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. ഇവ അംഗീകരിച്ച് വിമാനത്താവള കമ്പനി അധികൃതര്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവള നിര്‍മാണത്തിന് അനുമതി നല്‍കാമെന്ന് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. 
കമ്മിറ്റിയുടെ ശുപാര്‍ശ പരിസ്ഥിതി-വനം മന്ത്രാലയം പരിശോധിച്ച് അന്തിമ തീരുമാനം അറിയിക്കും. നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ അനുമതി മാത്രമാണ് ലഭിക്കാനുണ്ടായിരുന്നത്. വിമാനത്താവളത്തിനായി മുറിക്കേണ്ടിവരുന്ന ഓരോ മരങ്ങള്‍ക്കും 10 മരങ്ങള്‍ വീതം നട്ടുപിടിപ്പിക്കാന്‍ കമ്പനി അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. മട്ടന്നൂര്‍ നഗരസഭയിലെയും കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലെയും പൊതുജനങ്ങളുടെ സ്ഥലത്തും റോഡരികിലുമാണ് ഈ വിധം മരങ്ങള്‍ നട്ടുപിടിപ്പിക്കുക. ഇതിനായി സൗജന്യമായി വൃക്ഷതൈകള്‍ വിതരണം ചെയ്യും. പരിസ്ഥിതി സംരക്ഷണത്തിനായുള്ള മറ്റ് നിരവധി നടപടികളും വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.