Latest News

ജ്യോതിഷിനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയത് ഗള്‍ഫില്‍, മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്: സിനാന്‍ വധക്കേസിലെ പ്രതിയും ബി.ജെ.പി. പ്രവര്‍ത്തകനുമായ അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷിനെ (28) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ മുഖ്യ പ്രതിയായ തായലങ്ങാടിയിലെ പി.എ.ടി. ഹൗസില്‍ സൈനുല്‍ ആബിദിനെ (22) അറസ്റ്റുചെയ്തതായി കാസര്‍കോട് എസ്.പി. എസ്. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജ്യോതിഷിനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയത് ദുബൈയിലെ കറാമയില്‍ വെച്ചാണെന്നും എസ്.പി. വെളിപ്പെടുത്തി.
ഗള്‍ഫിലെ കറാമയില്‍ ഷോപ്പിംഗ് മേഖലയില്‍വെച്ചാണ് ജ്യോതിഷിനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ഗള്‍ഫിലുണ്ടായിരുന്ന മറ്റൊരു പ്രതിയുമായി നാട്ടിലെത്തുകയും നാട്ടില്‍വെച്ച് മറ്റു നാല് പേരുമായി ആലോചിച്ച് ആക്രമണ പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു. 2013 ഫെബ്രുവരി അഞ്ചിന് വൈകുന്നേരം നുള്ളിപ്പാടിയില്‍ നിന്ന് ബുള്ളറ്റില്‍ ജ്യോതിഷ് യാത്ര ആരംഭിച്ചപ്പോള്‍ പ്രതികള്‍ കാറിലും ബൈക്കിലും പിന്തുടരുകയും കാര്‍ നാലാംമൈല്‍ പള്ളിക്ക് സമീപം കാത്തുനില്‍ക്കുകയുമായിരുന്നു.
ചെര്‍ക്കളയില്‍ വിവാഹം ക്ഷണിക്കാന്‍ പോയ ജ്യോതിഷ് തിരിച്ചുവരുമ്പോള്‍ ബൈക്കില്‍ പിന്തുടര്‍ന്നവര്‍ കാറില്‍ കാത്തുനിന്നവര്‍ക്ക് സന്ദേശം കൈമാറുകയും നാലാംമൈല്‍ പള്ളിക്ക് സമീപം എത്തിയപ്പോള്‍ ജ്യോതിഷ് സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചുവീഴ്ത്തുകയും റോഡിലേക്ക് തെറിച്ചുവീണ ജ്യോതിഷ് പ്രാണരക്ഷാര്‍ത്ഥം പള്ളി കോമ്പൗണ്ടിലേക്ക് ഓടിയപ്പോള്‍ പിറകിലൂടെ എത്തിയ സംഘം വടിവാള്‍കൊണ്ടും മറ്റും വെട്ടിവീഴ്ത്തുകയുമായിരുന്നു.
നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ സൈനുല്‍ ആബിദിനെതിരെ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കരുതല്‍ തടങ്കലിന് വാറണ്ട് നിലവിലുണ്ടെന്നും എസ്.പി. വെളിപ്പെടുത്തി. ദുബൈയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ടാണ് ആബിദിനെ മംഗലാപുരം എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി പോലീസിന് കൈമാറിയത്.
കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അഞ്ച് ക്രിമിനല്‍ കേസിലും വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു ക്രിമിനല്‍ കേസിലും പ്രതിയാണ് സൈനുല്‍ ആബിദ്. ഇതില്‍ മൂന്ന് കേസുകള്‍ വധശ്രമത്തിനും രണ്ട് കേസുകള്‍ കടയില്‍ അക്രമം നടത്തിയതിനുമാണെന്നും എസ്.പി. പറഞ്ഞു. ജ്യോതിഷിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിനുശേഷം കാസര്‍കോട്ട് വര്‍ഗീയ സംഘര്‍ഷം ഉടലെടുക്കാന്‍ ചെയ്യാന്‍ കാരണമായതായി എസ്.പി. അറിയിച്ചു.
കുറ്റകൃത്യം നടത്തിയശേഷം ഗള്‍ഫിലേക്ക് രക്ഷപ്പെടുന്ന പതിവാണ് സൈനുല്‍ ആബിദിന്റെത്. പ്രതികളുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി ഒളിവില്‍ കഴിയാന്‍ സഹായംചെയ്തുകൊടുത്ത അഞ്ച്‌പേരെ നേരത്തെ അറസ്റ്റുചെയ്തിട്ടുണ്ട്. ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവരെകുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും എസ്.പി. പറഞ്ഞു. സൈനുല്‍ ആബിദിന്റെ അറസ്‌റ്റോടെ ഈ കേസിലെ മറ്റുപ്രതികളെ കുറിച്ചും പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
സൈനുല്‍ ആബിദിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റുപ്രതികളും വധശ്രമത്തിന് സാമ്പത്തിക സഹായം നല്‍കിയവരും അധികംവൈകാതെ പിടിയിലാകുമെന്നും എസ്.പി. പറഞ്ഞു. ഡി.വൈ.എസ്.പി. മോഹന്‍കുമാര്‍, സി.ഐ. സി.കെ. സുനില്‍കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.