തലശേരി: ചെങ്കല്ല് കയറ്റിയ ടിപ്പര്‍ലോറി നിയന്ത്രണം വിട്ടു കടകളിലേക്കു പാഞ്ഞുകയറി കന്യാകുമാരി സ്വദേശികളായ രണ്ടു തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കടയിലെ തൊഴിലാളികള്‍ മരിച്ച വിവരമറിഞ്ഞു സ്ഥാപനയുടമ കുഴഞ്ഞുവീണു. വെളളിയാഴ്ച വൈകുന്നേരം നാലിനു ചൊക്ലി മേക്കുന്ന് ഹെല്‍ത്ത് സെന്ററിനു സമീപമായിരുന്നു അപകടം.
ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ പാട്യം ഓട്ടച്ചിമാക്കൂല്‍ കോങ്ങാറ്റയിലെ കാവുഞ്ചാല്‍ ധനില്‍ (26), മേക്കുന്നിലെ മോഡേണ്‍ സ്റ്റീല്‍സിലെ ജീവനക്കാരും കന്യാകുമാരി സ്വദേശികളുമായ ദയ (25), വിനോദ് (30) എന്നിവരാണു മരിച്ചത്. ലോറി ക്ലീനര്‍ പാട്യം വള്ള്യായിയിലെ കോയ്യോടന്‍ മോഹന്‍ദാസിനെ (47) ഗുരുതരമായ പരിക്കുകളോടെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മോഡേണ്‍ സ്റ്റീല്‍ ഫര്‍ണിച്ചര്‍, ഫാഷന്‍ പാലസ് ടെക്‌സ്റ്റൈല്‍സ് എന്നീ കടകളിലേക്കാണു ടിപ്പര്‍ പാഞ്ഞുകയറിയത്. തന്റെ കടയിലെ തൊഴിലാളികളുടെ മരണവാര്‍ത്തയറിഞ്ഞു കുഴഞ്ഞുവീണ മോഡേണ്‍ സ്റ്റീല്‍സ് ഉടമ കൂത്തുപറമ്പ് സ്വദേശി ധനേഷിനെ (29) ചൊക്ലി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
പാനൂര്‍ ഭാഗത്തുനിന്നു വരുകയായിരുന്നു ടിപ്പര്‍ ലോറി. അപകടത്തില്‍ മുന്‍ഭാഗം തകര്‍ന്ന ലോറിക്കുള്ളില്‍ ഡ്രൈവറും ക്ലീനറും കുടുങ്ങിപ്പോയി കടയ്ക്കും ലോറിക്കുമിടയില്‍പ്പെട്ട നിലയിലായിരുന്നു തൊഴിലാളികളായ ദയയും വിനോദും. ഓടിക്കൂടിയ നാട്ടുകാര്‍ തൊട്ടടുത്ത മരമില്ലില്‍ നിന്നു ക്രെയിന്‍ കൊണ്ടുവന്നു ലോറി നീക്കിയാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. ഉടന്‍തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേര്‍ അപ്പോഴേക്കും മരിച്ചിരുന്നു. രണ്ടു കടകള്‍ പൂര്‍ണമായും തകര്‍ന്നു.
ഫാഷന്‍സ് ടെക്‌സ്റ്റൈല്‍സ് ഉടമ മധുസൂദനന്‍ അപകടത്തില്‍നിന്ന് അത്ഭുതകരമായാണു രക്ഷപ്പെട്ടത്. പാഞ്ഞെത്തിയ ലോറി മധുസൂദനന്‍ ഇരിക്കുന്ന കാഷ് കൗണ്ടറിന്റെ തൊട്ടു മുന്നിലെത്തി നില്‍ക്കുകയായിരുന്നു. കടയ്ക്കുളളില്‍ ത്തന്നെ നില്‍ക്കാറുള്ള മോഡേണ്‍ സ്റ്റീല്‍ ഫര്‍ണിച്ചര്‍ ഉടമ ധനേഷ് അത്യാവശ്യമുണ്ടായതിനാല്‍ വീട്ടിലേക്കു പോയതിനാലാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്.
ഒരു വര്‍ഷമായി മോഡേണ്‍ ഫര്‍ണിച്ചറില്‍ ജോലി ചെയ്തുവരുകയായിരുന്ന ദയയും വിനോദും ഒരേ നാട്ടുകാരാണ്. ഒരു വര്‍ഷം മുമ്പു വിവാഹിതനായ വിനോദ് ഭാര്യയോടൊപ്പമാണു ചൊക്ലിയില്‍ താമസിക്കുന്നത്. ഭാര്യ ഇപ്പോള്‍ ഗര്‍ഭിണിയുമാണ്. കാവുഞ്ചാല്‍ വീട്ടില്‍ ഭാസ്‌കരന്‍-കമല ദമ്പതികളുടെ മകനാണു ധനില്‍. ധന്യ, ധനിക എന്നിവര്‍ സഹോദരങ്ങളാണ്. ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ പോസ്റ്റ്്‌മോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
അപകടം നടന്നു മിനിറ്റുകള്‍ക്കുള്ളില്‍ മന്ത്രി കെ.പി. മോഹനന്‍ സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിച്ച മന്ത്രി ജനറല്‍ ആശുപത്രിയിലും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലുമെത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.

No comments:
Post a Comment