Latest News

ഈ പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത് എങ്ങോട്ട്

ഒളിച്ചോട്ടത്തിന്റെ മന:ശാസ്ത്രമെന്താണ്? ചില പത്രവാര്‍ത്തകള്‍ കാണുമ്പോള്‍ നടുങ്ങിപ്പോവാറുണ്ട്. ഭര്‍ത്താവിനേയും, കുട്ടികളേയും ഉപേക്ഷിച്ചു പോകുന്നവര്‍, വൃദ്ധരായ മാതാപിതാക്കളേയും ഗള്‍ഫിലുള്ള ഭര്‍ത്താവിനേയും ഒഴിവാക്കി കടന്നു കളയുന്നവര്‍, ഭര്‍ത്താവ് വരാനിരിക്കെ അദ്ദേഹത്തിന്റെ അനുജന്റെ കൂടെ , അല്ലെങ്കില്‍ കാര്യസ്ഥന്റെ കൂടെ പുതിയ തീരം തേടി പോയവര്‍.....എങ്ങനെയാണ് ഇവര്‍ക്ക് ഇത് സാധിക്കുന്നത്? വിദ്യാഭ്യാസമുള്ളവരും ഉദ്ദ്യോഗസ്ഥയായവരുമൊക്കെ മററുള്ളവരില്‍ ആകൃഷ്ടയാകുന്നത് എന്തു കൊണ്ട്? അടക്കവും ഒതുക്കവും വിനയവും മതബോധവും സ്ത്രീയെ തളച്ചിടേണ്ട അതിര്‍വരമ്പുകളാണ്. അതു ലംഘിക്കുന്നിടത്ത് പിശാച് കാമുകന്റെ വേഷത്തില്‍ കയറി വരുന്നു. നാട്ടിലെന്തു സംഭവിച്ചാലും ഇതെന്റെ മോളെ ബാധിക്കില്ലന്നു വിശ്വസിക്കുന്നവര്‍ ഏറെയാണ്. പക്ഷേ,ചില പത്രവാര്‍ത്തകള്‍ ഇത്തരക്കാരുടേയും ഉറക്കം കെടുത്തുന്നു എന്നത് വസ്തുതയാണ്. പെണ്‍കുട്ടികളെ ഏതെല്ലാം വിധത്തില്‍ കബളിക്കപ്പെടുന്നുവെന്നറിയാന്‍ ഈ പത്രവാര്‍ത്ത വായിക്കുക: റേഡിയോ ജോക്കിയുടെ നഗ്ന വീഡിയോ- സഹപ്രവര്‍ത്തകയും കൂട്ടാളിയും പിടിയില്‍. ദുബായ് ആസ്ഥാനമായ എഫ്.എം.റേഡിയോയിലെ ജോക്കിയായ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഇ-മെയിലിലൂടെ പ്രചരിപ്പിച്ചതിന് സഹപ്രവര്‍ത്തകയും സുഹൃത്തും അറസ്റ്റില്‍. അശ്വിനുമായി യുവതിക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നു. പക്ഷേ പിന്നീട് അകന്നതായും പോലീസ് പറഞ്ഞു. അടുപ്പമുണ്ടായിരുന്ന വേളയില്‍ പകര്‍ത്തിയ ദൃശ്യങ്ങലാണ് പലര്‍ക്കും അയച്ചു കൊടുത്തത്. അശ്വിന്‍ സ്വന്തം ക്യാമറയില്‍ എടുത്ത ചിത്രങ്ങള്‍ വ്യാജ ഇ-മെയില്‍ ഐ.ഡി സൃഷ്ടിച്ച് അതില്‍ നിന്ന് അയക്കുകയായിരുന്നു. (മലയാള മനോരമ,2012 നവംബര്‍ 13)
ആരാണ് വടി കൊടുത്ത് അടി വാങ്ങുന്നതെന്നറിയാന്‍ ഈ റിപ്പോര്‍ട്ട് ഉപകരിക്കും. ഇതിപ്പോള്‍ വിവാഹത്തിനു മുമ്പേ അലസിയെങ്കില്‍ എല്ലാം ഉപേക്ഷിച്ച് ഒളിച്ചോടുന്ന പെണ്‍കുട്ടികളും പിന്നീട് മറ്റൊരു തരത്തില്‍ തകര്‍ക്കപ്പെടുകയാണ്. പ്രേമത്തിന്റെ ആവേശത്തില്‍ നിനക്ക് ഞാനെന്നും ഉണ്ടാകും എന്ന് ആണയിടുന്ന കാമുകന്റെ വേറിട്ട മുഖമാണ് കുറച്ചു നാള്‍ കഴിയുമ്പോള്‍ കാണേണ്ടിവരുന്നത്. നിന്നെ എങ്ങനെ വിശ്വസിക്കും ,നീ അവനെ വഞ്ചിച്ചതുപോലെ എന്നെ വഞ്ചിക്കില്ലെന്നാരറിഞ്ഞു എന്നു ചോദിക്കുന്നതോടെ അവളുടെ ഭാവി തകരാന്‍ കുടങ്ങി എന്നര്‍ത്ഥം. മിക്കവാറും ഭര്‍ത്താക്കന്‍മാര്‍ മദ്യപാനികളാവുന്നു. പിന്നെ കലഹങ്ങളില്ലാത്ത ദിവസങ്ങള്‍ വീട്ടില്‍ കുറവ്.
ഒളിച്ചോടിയ പെണ്‍കുട്ടികള്‍ കാഴ്ചവെയ്ക്കപ്പെടുന്ന സംഭവങ്ങളും കുറവല്ല. കാമുകന്റെ മറ്റൊരു മുഖം കണ്ട് അവര്‍ അമ്പരക്കുന്നു. അപ്പോഴേക്കും എല്ലാം പിടിവിട്ടു പോയിരിക്കും .കരുനാഗപള്ളിയിലെ റോസ്‌മേരിയും,ആനമലയിലെ റശീദയും മഞ്ചേരിയിലെ മുഹ്‌സിനയും കൊയിലാണ്ടി കടപ്പുറത്തെ ബിന്ദുവുമൊക്കെ ഇതിന്റെ ഇരകളാണ്. പെണ്‍ വാണിഭ സംഘങ്ങളുടെ ഇരയാകുന്ന പെണ്‍കുട്ടികളെ കുറിച്ചൊരു പഠനം നടത്തണം. നാല്‍പതു ശതമാനവും ഒളിച്ചോടിപോയവരാണെന്നു ഒരു സര്‍വ്വേയില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. തകര്‍ന്നു കഴിയുന്നവര്‍ക്ക് പരാതി പറയാനൊരിടമില്ലാതെ ഇരകളായിത്തീരുകയും അവസാനം വേശ്യയായി മരിച്ചു ജീവിക്കുകയും ചെയ്യുന്നു. പ്രദര്‍ശന പരതയാണ് ഇന്ന് പെണ്‍കുട്ടികളെ സ്വാദീനിച്ചു കൊണ്ടിരിക്കുന്നത്. എങ്ങനെ ,ഷൈന്‍ ചെയ്യാം എന്നാണ് ഓരോരുത്തരുടേയും ചിന്ത. ബ്യൂട്ടി പാര്‍ലറുകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതി പരമായ വസ്തുക്കള്‍ ഉപേക്ഷിച്ച് കൃത്രിമമായ ഉല്‍പന്നങ്ങള്‍ വാരിവലിച്ചുപയോഗിക്കുമ്പോള്‍ നഷ്ടപെടുന്നത് വ്യക്തിത്വം തന്നെയാണെന്ന് പലരും തിരിച്ചറിയുന്നില്ല. ജീവിച്ചു വളര്‍ന്ന ചുറ്റുപാടും ആത്മീയ രക്ഷക്കു നിമിത്തമായ മത സംഹിതയും ഉപേക്ഷിച്ചതാണ് ആധുനിക മങ്കമാര്‍ നേരിടുന്ന വലിയൊരു ദുരന്തം. ഒരു പെണ്‍കുട്ടി എങ്ങനെയായിരിക്കണം എന്ന മതത്തിന്റെ കാഴ്ചപ്പാട് സത്യത്തില്‍ അവളെ ഹനിക്കാനുളളതല്ല. സ്വാതന്ത്രത്തിനെതിരുമല്ല. അവള്‍ക്ക് രക്ഷയും പരിചയുമാണ്. മുമ്പൊക്ക് ഫാഷന്‍ പരേഡ് മറ്റു രാജ്യങ്ങളിലാണ് നാം കേട്ടിരുന്നത്. ഇപ്പോള്‍ മിസ്സ് ഇന്‍ഡ്യയും മിസ്സ് കേരളയുമൊക്കെയായി. ഇനി ഓരോ നഗരവും കേന്ദ്രീകരിച്ച് മത്സരങ്ങള്‍ ഉണ്ടാവുന്ന കാലവും അതിവിദൂരമല്ല. മിസ് കോഴിക്കോട്, മിസ് വടകര, മിസ് തലശ്ശേരി .എന്നിങ്ങനെ.
ഇനിയും മനസ്സിലാവാത്തത്, പിടികിട്ടാത്ത സ്ത്രീ മനസ്സു തന്നെയാണ്. കൂടെ കഴിഞ്ഞ ഭര്‍ത്താവിനെ, പോറ്റി വളര്‍ത്തിയ മാതാപിതാക്കളെ, ആശയും സംരക്ഷണവും ആവേണ്ട പൈതലുകളെ ഉപേക്ഷിക്കാന്‍ എങ്ങനെ സാധിക്കുന്നു ഇവര്‍ക്ക്? എന്താണിതിന്റെ രഹസ്യം?
ജീവിതത്തില്‍ ഏറ്റവും വലിയ സുഖം മനസ്സമാധാനമാണെന്ന് അനുജത്തിമാര്‍ തിരിച്ചറിയുക. ലൈഗീകത മാത്രമല്ല. അത് ആപേക്ഷികമാണ്. പൂര്‍ണ്ണമാകുന്നത് കുടുംബത്തിന്റെ പിന്‍തുണയുണ്ടെങ്കില്‍ മാത്രം. മത സംസ്‌കാരത്തെ വലിച്ചെറിഞ്ഞ് പുതുവഴി തേടിയ പലരും പിന്നീട് വിരല്‍ കടിച്ചതാണ് വാര്‍ത്തകള്‍ .മനസ്സാക്ഷി കുത്ത് ജീവിതത്തെബാധിക്കുന്ന വലിയ അസ്വസ്ഥതയാണ്. തിളപ്പിന്റെ ആദ്യ നാളുകള്‍ കഴിയുമ്പോള്‍ പെണ്‍കുട്ടിയെ കുറ്റബോധം അലട്ടാന്‍ തുടങ്ങുന്നു. അതോടെ ഉറക്കമില്ലാത്ത രാവുകളാവുന്നു. ഭര്‍ത്താവ് സുഖമായി കൂര്‍ക്കംവലിച്ചുറങ്ങുമ്പോള്‍, ഭാര്യയെ വേട്ടയാടുന്നത് പഴയ ഓര്‍മ്മകളാണ്. പോറ്റി വളര്‍ത്തിയ മാതാ പിതാക്കള്‍ ,കുടുംബക്കാര്‍, അയല്‍വാസികള്‍...ചെയ്തത് തെറ്റായെന്ന തിരിച്ചറിവ് കാലാകാലം അവളെ വേട്ടയാടുന്നു. കുടുംബത്തെ അവഗണിച്ച് ,പ്രേമിച്ചവന്റെ കൂടെ ഇറങ്ങിപ്പോരണമെന്നാണ് സിനിമയിലും, സീരിയതിതുമൊക്കെ നല്‍കുന്ന മെസ്സേജുകള്‍. ചാനലില്‍ ഇതു സംബന്ധമായി നല്‍കുന്ന മറുപടികളും മറിച്ചല്ല. പക്ഷേ ജീവിച്ചു തുടങ്ങുമ്പോഴാണ് അവളറിയുന്നത് ഇത് സിനിമയല്ലല്ലോ. സ്തീധനത്തിന്റെ പേരില്‍ കുത്തുവാക്കുകള്‍ പറയുന്ന ഭര്‍ത്താക്കന്‍മാരുണ്ട്. ആവേശം കഴിയുമ്പോള്‍ ഇവര്‍ക്കൊക്കെ എത്ര മുഖങ്ങളാണെന്ന് കണ്ടിട്ട് പെണ്‍കുട്ടി പകച്ചു നില്‍ക്കുന്നു. ഒരു നിമിഷത്തിന്റെ ദൗര്‍ബല്യത്തില്‍ എടുത്തു ചാടേണ്ടതല്ല ജീവിതം. ഒളിച്ചോടിയ പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും ആത്മഹത്യയുടെ പാത തെരെഞ്ഞടുക്കുന്നു. സ്വന്തമെന്നു കരുതിയവന്റെ യഥാര്‍ത്ഥമുഖമാണ് അവളെ കടുംകൈക്ക് പ്രേരിപ്പിക്കുന്നത്.ദുന്‍യാവും പരലേകവും നഷ്ടപ്പെട്ട ഹതഭാഗ്യകള്‍ എത്ര.
അരുത് അനിയത്തി ......വിവേകത്തിന്റെ വഴി അടച്ചു പോകരുത്. മൊബൈല്‍ കിന്നാരങ്ങളും പ്രലോപനങ്ങളും ചതികുഴിയുടെ കവാടങ്ങളാണെന്ന് തിരിച്ചറിയണം. വിവാഹം വൈകുന്നത് ഒരു പക്ഷേ പരീക്ഷണമായിരിക്കാം. ഒരാളെയും അല്ലാഹു കൂടുതല്‍കാലം പരീക്ഷിക്കില്ലെന്ന കാര്യം സത്യമാണ്. പരീക്ഷണം കൂടുന്നുവെങ്കില്‍ പരലോകത്ത് ഉന്നത വിജയം കാത്തിരിക്കുന്നു എന്നാണര്‍ത്ഥം. മുള്ളുകള്‍ നിറഞ്ഞ ജീവിതം തിരഞ്ഞെടുത്ത് നഷ്ടം ഏറ്റുവാങ്ങാതെ നല്ല നാളേക്കായി കാത്തിരിക്കുക. നാശത്തിന്റെ വഴി തിരഞ്ഞെടുക്കാതിരിക്കുക. ദുന്‍യാവില്‍ ഉത്തമ വിഭവം പരിശുദ്ധതയുളള സ്ത്രീയാണ് എന്ന നബിവചനം മറക്കാതിരിക്കുക നാഥന്‍ തുണക്കെട്ടെ,ആമിന്‍.
ശരീഫ്. കെ. നാട്യമംഗലം
(പൂങ്കാവനം)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.