Latest News

മാധ്യമങ്ങള്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കരുത് - അഡ്വ.തമ്പാന്‍ തോമസ്

കണ്ണൂര്‍: റേറ്റിങ്ങിനുവേണ്ടി മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നവരാകരുത് മാധ്യമങ്ങളെന്ന് മുന്‍ എം.പി അഡ്വ.തമ്പാന്‍ തോമസ് പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മുനഷ്യാവകാശവും മാധ്യമങ്ങളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങളെ ചൂണ്ടിക്കാട്ടേണ്ടവരാണ് മാധ്യമങ്ങള്‍. അവര്‍തന്നെ മനുഷ്യാവകാശ ലംഘനം നടത്തിയാല്‍ ജനങ്ങള്‍ അവരെ തിരുത്തുകതന്നെ ചെയ്യും. ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവോടെ ജനങ്ങളുടെ സ്വകാര്യതയ്ക്ക് തീരെ വിലകല്പിക്കുന്നില്ല. കോടതിപോലും പത്രവാര്‍ത്തകളില്‍ ആകൃഷ്ടരായി പലരുടെയും നീതി നിഷേധിച്ച അനുഭവം നമുക്കുണ്ട്. തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതുതന്നെ മനുഷ്യാവകാശ ലംഘനമാണെന്നും ജസ്റ്റിസുമാരായ കെ.ടി.തോമസും വി.ആര്‍.കൃഷ്ണയ്യരും അതേ അഭിപ്രായക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ പ്രസിഡന്റ് പി.പി.ശശീന്ദ്രന്‍, ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റര്‍ എ.വി.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.എന്‍.ബാബു സ്വാഗതവും വി.പി.സന്തോഷ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.