Latest News

ഇന്ത്യയുടെ ആഘോഷവൈവിധ്യം വിളിച്ചോതി സംസ്‌കൃതി പരിപാടി

കോഴിക്കോട്: മുന്നില്‍ മലമടക്കുകളുടെ സൗന്ദര്യവുമായി മണിപ്പൂരിന്റെ നര്‍ത്തകര്‍, കടും നിറമുള്ള വസ്ത്രങ്ങളണിഞ്ഞ് അവര്‍ കോഴിക്കോടിന്റെ പാതയില്‍ നൃത്തമാടി. തൊട്ടുപിറകെ ഗോതമ്പുവയലുകളുടെ സൗന്ദര്യവുമായി പഞ്ചാബിന്റെ ഭാങ്ഡ കലാകാരന്മാര്‍... വ്യത്യസ്തമായ ചുവടുകളും പാട്ടുകളുമായി അവര്‍ വഴികള്‍ നിറഞ്ഞപ്പോള്‍ കോഴിക്കോട് നഗരത്തിനാകെ ഇന്ത്യയുടെ നിറമായിരുന്നു. നാനാത്വത്തിന്റെ ഏകഭംഗി.
കോഴിക്കോട് നെഹ്രു യുവകേന്ദ്ര സംസ്ഥാന ടൂറിസം വകുപ്പുമായിച്ചേര്‍ന്ന് നടത്തുന്ന സംസ്‌കൃതി പരിപാടിയുടെ തുടക്കമായി നടന്ന സാംസ്‌കാരികഘോഷയാത്രയാണ് ഇന്ത്യയുടെ ആഘോഷവൈവിധ്യം വിളിച്ചോതിയത്.
ഹിമാചല്‍പ്രദേശിന്റെ തണുപ്പൂറുന്ന ഭംഗി, മണല്‍ക്കാറ്റിന്റെ ചൂടുമായി രാജസ്ഥാന്‍, തടിച്ച തലപ്പാവുള്ള നര്‍ത്തകരും ചുകപ്പ് ചേലയണിഞ്ഞ് കൈനിറയെ വളകളണിഞ്ഞ സ്ത്രീകളും... ബംഗാളില്‍ നിന്ന് കൈയില്‍ എക്താരയുമായി ബാവുല്‍ഗായകര്‍... ഒഡിഷയില്‍നിന്ന് കൊണാര്‍ക്കിന്റെ സുന്ദരീസുന്ദരന്മാര്‍... പൊയ്ക്കാലില്‍ തമിഴ്‌നാട്, യക്ഷഗാന സൗന്ദര്യവുമായി കര്‍ണാടക... സ്റ്റേഡിയത്തിന് സമീപം വെച്ച് ആരംഭിച്ച ഘോഷയാത്ര മാനാഞ്ചിറയില്‍ സംഗമിച്ചു.
മാനാഞ്ചിറയുടെ പുല്‍ത്തകിടിയില്‍ പലയിടങ്ങളിലായി അവര്‍ ചുവടുവെച്ചു. നിരവധി ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് വേദിയായ മൈതാനം നൃത്തച്ചുവടുകളെ നെഞ്ചിലേറ്റി. പാഠപുസ്തകങ്ങളിലൂടെമാത്രം ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ചറിഞ്ഞ സ്‌കൂള്‍കുട്ടികള്‍ മാനാഞ്ചിറയില്‍ അത് നേരിട്ടുകണ്ടു. അരമണിക്കൂര്‍ നീണ്ടുനിന്ന നൃത്തപ്രകടനങ്ങള്‍ക്കുശേഷം നര്‍ത്തകസംഘം കലാമേളയുടെ വേദിയായ സരോവരത്തിലേക്ക് പോയി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.