Latest News

ബ്ലേഡ് മാഫിയയുടെ പിടിയിലായ കുടുംബത്തിലെ മൂന്ന് മക്കള്‍ അനാഥാല­യത്തില്‍

തൊടുപുഴ:ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം ഉണ്ടായിരുന്ന കുടുംബം ബ്ലേഡ് മാഫിയയുടെ പിടിയില്‍പ്പെട്ട് നാലുവഴിക്കായി. അച്ഛന്‍ എറണാകുളത്ത് സെക്യൂരിറ്റി, അമ്മ കോതമംഗലത്ത് ഹോം നഴ്‌സിങ് സ്ഥാപനത്തില്‍. മക്കള്‍ മൂവരും ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ അനാഥാലയത്തില്‍.
മൂന്നാര്‍ സ്വദേശി റ്റി.എ.ജോര്‍ജിന്റെയും ഭാര്യ മോളി ജോര്‍ജിന്റെയും ദുരിതം ആരംഭിക്കുന്നത് 2004ലാണ്. ഇവിടെ ഇവര്‍ക്ക് എട്ടേമുക്കാല്‍ സെന്‍റ് സ്ഥലവും 18 മുറികളുള്ള ഹോം സ്റ്റേയുമുണ്ടായിരുന്നു. ഇതിന്റെ പണിതീരാറായപ്പോള്‍ പണത്തിന് ഞെരുക്കമായി. ആവശ്യത്തിന് വെള്ളം കിട്ടാതിരുന്നതിനാല്‍ ഹോംസ്റ്റേ തുടങ്ങാനുമായില്ല. ഈ സമയത്ത് ഭാര്യയുടെ പ്രസവസംബന്ധമായ ആവശ്യത്തിന് ജോര്‍ജ് മൂന്നാറിലെ ഒരു പണമിടപാടുകാരനില്‍നിന്ന് 25,000 രൂപവാങ്ങി. ജോര്‍ജ് പലപ്പോഴായി 10 ലക്ഷം രൂപ വാങ്ങിയെന്നും പറയുന്നുണ്ട്. ഇതിന്റെ പേരില്‍ ഒപ്പിട്ടുനല്‍കിയ 50രൂപ പത്രത്തിന്റെ ബലത്തില്‍ പണമിടപാടുകാരന്‍ ഇവിടെ അധികാരമുറപ്പിച്ചു. ജില്ലാ കോടതിയില്‍നിന്ന് ആധാരം നടത്തിക്കിട്ടാനുള്ള ഉത്തരവും ഇയാള്‍ക്ക് കിട്ടി. ഇതിനെതിരെ മോളി ജോര്‍ജ്ജിന് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചു.
ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടപടി കാത്തിരിക്കുകയാണ് ഈ കുടുംബം. മൂത്തമകന്‍ സച്ചിന്‍ ഇപ്പോള്‍ ചാലക്കുടി തിരുമുടിക്കുന്ന് ഗവ.ഹൈസ്‌കൂളില്‍ ഒന്‍പതില്‍ പഠിക്കുകയാണ്. പെണ്‍മക്കളായ സാന്ദ്രയും സുവര്‍ണയും ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ സ്‌കൂളില്‍ത്തന്നെയാണ്.
മൂന്നാറില്‍ ഈ ഭാഗത്ത് സ്ഥലത്തിന് സെന്‍റിന് എട്ടു ലക്ഷത്തിലധികം വിലയുണ്ട്. ഹോം സ്റ്റേയും ചേര്‍ത്ത് കോടിയിലധികം മതിക്കും ഇത്. പ്രതിദിനം 20,000 രൂപയിലേറെ ഹോംസ്റ്റേയ്ക്ക് വരുമാനമുണ്ടാകുമെന്ന് മോളി ജോര്‍ജ് പറയുന്നു. ജീവിക്കാന്‍ മറ്റ് വകയില്ലാത്തതിനാലാണ് മോളി ഹോംനഴ്‌സിങ് സ്ഥാപനത്തില്‍ ജോലിക്ക് പേയിത്തുടങ്ങിയത്. മക്കളെ അനാഥാലയത്തിലാക്കിയത് ഹൃദയം തകരുന്ന വേദനയോടെയാണെന്നും അവര്‍ പറഞ്ഞു. പത്രലേഖകര്‍ക്ക് മുന്നില്‍ മോളി ഇവ വിവരിക്കുമ്പോള്‍ നിറകണ്ണുകളുമായി സുവര്‍ണയും സാന്ദ്രയും അമ്മയോട് ചേര്‍ന്ന് ഉണ്ടായിരുന്നു
(Mathrubhumi)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.