ചെറുവത്തൂര്‍: ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പ്രധാനാധ്യാപകനെ കോടതി റിമാന്‍ഡ് ചെയ്തു. ചെറുവത്തൂരിനടുത്ത എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ രാധാകൃഷ്ണനെ (52) യാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഇയാള്‍ പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്നാണ് പരാതി.
കഴിഞ്ഞ മാസം തന്നെ വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ ചെന്ന് രക്ഷിതാക്കളോട് പീഡന വിവരം പറഞ്ഞിരുന്നു. ഇതേകുറിച്ച് ജനപ്രതിനിധിയും മദര്‍ പി.ടി.എ പ്രസിഡന്റും സ്‌കൂളില്‍ ചെന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍ അധ്യാപകന്‍ ആരോപണം നിഷേധിക്കുകയും വാത്സല്യത്തോടെ കുട്ടികളെ തഴുകുകയായിരുന്നുവെന്നുമാണ് അറിയിച്ചതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം ചൂണ്ടിക്കാട്ടി. കുട്ടികളോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അധ്യാപകന്‍ ഉപദ്രവിച്ചെന്ന് അഞ്ചു കുട്ടികള്‍ അറിയിച്ചതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
സ്‌കൂളില്‍ നിന്ന് പിരിഞ്ഞ് പോയ കുട്ടികളും തങ്ങള്‍ക്ക് ഉപദ്രവം നേരിട്ടതായി വെളിപ്പെടുത്തിയതോടെയാണ് മാനേജ്‌മെന്റ് അധികൃതരും പീഡനത്തിനിരയായ കുട്ടികളുടെ രക്ഷിതാക്കളും ചൈല്‍ഡ് ലൈന്‍ അധികൃതരെ പരാതിയുമായി സമീപിച്ചത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സ്‌ലിംഗില്‍ പന്ത്രണ്ടോളം കുട്ടികള്‍ അധ്യാപകനെതിരെ മൊഴി നല്‍കിയതായും വിവരമുണ്ട്. അധ്യാപകനും മാനേജ്‌മെന്റും തമ്മില്‍ സ്‌കൂളിന്റെ പേരില്‍ ഒരു തരത്തിലുള്ള പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്ന് മാനേജ്‌മെന്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. മാനേജ്‌മെന്റിന് കീഴിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 25 വര്‍ഷം മുമ്പ് തുടങ്ങിയതാണെന്നും ഇതുമായി അധ്യാപകന്‍ പീഡിപ്പിച്ച സംഭവം കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ലെന്നും മാനേജ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി.

No comments:
Post a Comment