Latest News

പൂരാഘോഷത്തെ വരവേല്‍ക്കാന്‍ വടക്കന്‍ കേരളം ഒരുങ്ങി

കാഞ്ഞങ്ങാട്: ഈ വര്‍ഷത്തെ പൂരാഘോഷത്തെ വരവേല്‍ക്കാന്‍ വടക്കന്‍ കേരളത്തിലെ വീടുകളും ക്ഷേത്രങ്ങളും കാവുകളും കഴകങ്ങളുമൊരുങ്ങി. മീനമാസത്തിലെ കാര്‍ത്തികദിനമായ ഞായറാഴ്ച പൂരോല്‍സവത്തിനു തുടക്കം കുറിക്കും.
മേളപ്പെരുക്കങ്ങളും കരിമരുന്നു പ്രയോഗവും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരും നിറയുന്ന തെക്കിന്റെ പൂരമായ തൃശൂര്‍ പൂരത്തില്‍ നിന്നു വ്യത്യസ്തമാണ് വടക്കന്‍ കേരളത്തിന്റെ പൂരം. പൂവിളി, പൂരക്കളി, പൂരംകുളി തുടങ്ങി വടക്കന്‍ പൂരത്തിന് ചന്തം ചാര്‍ത്തുന്ന കാഴ്ചകള്‍ ഏറെയാണ്. പൂരപ്പൂക്കള്‍ മിഴിതുറന്നതോടെ കുംഭമാസത്തില്‍ തന്നെ പൂരോല്‍സവം ആഘോഷിക്കാന്‍ നാട് ഒരുങ്ങി. മീനമാസത്തിലെ കാര്‍ത്തികനാളില്‍ തുടങ്ങുന്ന പൂരോല്‍സവം പൂരം നാളില്‍ കൊടിയിറങ്ങും. ഒമ്പത് നാളുകളാണ് പൂരക്കാലം. ഒരുമാസക്കാലം പൂരോല്‍സവം നീണ്ടുനില്‍ക്കുന്ന ക്ഷേത്രങ്ങളും വടക്കന്‍ കേരളത്തിലുണ്ട്. പീലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം, ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം എന്നിവ ഒരുമാസക്കാലം പൂരോല്‍സവം നടത്തുന്ന ക്ഷേത്രങ്ങളാണ്.
കന്യകമാര്‍ക്ക് പൂരക്കാലം വ്രതാനുഷ്ഠാനത്തിന്റെ ദിനങ്ങളാണ്. കാമപൂജയാണ് പൂരത്തിന് മുഖ്യം. പെണ്‍കൊടിമാര്‍ ഈ ദിനങ്ങളില്‍ കാമദേവനെ പൂവിട്ടു പൂജിക്കും. ചെമ്പകപ്പൂവുകൊണ്ടാണ് മലരമ്പനെ ഒരുക്കുന്നത്. കട്ടപ്പൂവ്, മുരിക്കിന്‍പൂവ്, വയറപ്പൂവ്, മുല്ലപ്പൂവ് തുടങ്ങിയവയാണ് പൂരപ്പൂക്കള്‍. പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികളും പൂക്കള്‍ ശേഖരിച്ചു നല്‍കാനുണ്ടാവും. പൂരദിനത്തിലാണ് പൂവിട്ടു പൂജിച്ച കാമദേവനെ യാത്രയാക്കുക. അന്ന് കാമദേവന് പൂരക്കഞ്ഞിയും പൂരടയും നിവേദിക്കും. 'നേരത്തേ കാലത്തേ വരണേ കാമാ' എന്ന് അടക്കം പറഞ്ഞാണ് കാമനെ യാത്രയയക്കുക. 

പൂരക്കാലമായാല്‍ 18 നിറങ്ങളില്‍ പൂരക്കളിയുടെ ചടുല ചലനങ്ങള്‍ നിറയും. കാമദേവന്റെ തിരിച്ചുവരവിനായി 18 കന്യകമാര്‍ 18 നിറങ്ങളില്‍ പാടിക്കളിച്ചതാണ് പൂരക്കളിയെന്നാണ് ഐതിഹ്യം. കായികപ്രധാനമായ ഈ കളി പില്‍ക്കാലത്ത് പുരുഷന്‍മാര്‍ ഏറ്റെടുത്തതാണെന്നു പഴമക്കാര്‍ പറയുന്നു. പൂരംകുളിയാണ് പൂരോല്‍സവത്തിലെ മറ്റൊരു പ്രധാന ചടങ്ങ്. പൂരംകുളി ദിവസം വിഗ്രഹങ്ങളും തിരുവായുധങ്ങളും കുളക്കടവിലേക്ക് എഴുന്നള്ളിച്ച് കുളിപ്പിച്ചു ശുദ്ധിവരുത്തുന്നതാണ് പൂരംകുളി.

പൂരോല്‍സവത്തിന് തുടക്കം കുറിക്കുന്നതിന് നാളുകള്‍ക്കു മുമ്പേ തന്നെ അനുബന്ധചടങ്ങുകള്‍ പൂര്‍ത്തിയാക്കും. പൂരക്കളി പണിക്കരെ കൂട്ടിക്കൊണ്ടുവരുന്നതാണ് പ്രധാന ചടങ്ങ്. പ്രസാദവും വെള്ളിനാണയവും നല്‍കി പണിക്കന്‍മാരെ നാളും മുഹൂര്‍ത്തവും നോക്കിയാണ് ക്ഷേത്രങ്ങള്‍, കാവുകള്‍, കഴങ്ങള്‍ എന്നിവിടങ്ങളിലേക്ക് കൂട്ടികൊണ്ടുവരുന്നത്. ഇത്തരം മനോഹര കാഴ്ചകളാണ് ഓരോ പൂരക്കാലത്തും വടക്കന്‍ കേരളത്തില്‍ നിറയുന്നത്.
(തേ­ജസ്)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.