Latest News

എന്‍ഡോസള്‍ഫാന്‍: സിനാന്റെ കുടുംബത്തിന് അഞ്ചു ലക്ഷം

കാസര്‍കോട്:എന്‍ഡോസള്‍ഫാന്‍ വിഷഭൂമിയുടെ പ്രതീകമായി മാറിയ സിനാനെ ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടുത്താന്‍ തീരുമാനം. എന്‍ഡോസള്‍ഫാന്‍മൂലം മരിച്ചവരുടെ പട്ടികയിലുള്‍പ്പെടുത്തി അഞ്ചുലക്ഷം രൂപ അനുവദിക്കും. ഇതിന്റെ ആദ്യഗഡുവായ ഒന്നരലക്ഷം സിനാന്റെ കുടുംബത്തിന് നല്‍കും. ഇതിനുപുറമെ, കഴിഞ്ഞയാഴ്ച വൈകല്യങ്ങളോടെ പിറന്നുവീണ കരയാത്ത പെണ്‍കുഞ്ഞിന്റെ എല്ലാ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുത്തു. വ്യാഴാഴ്ച ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ ഉന്നതതല ഉദ്യോഗസ്ഥസമിതിയുടെ അടിയന്തരയോഗത്തിലാണ് തീരുമാനം. മറ്റ് മൂന്നുപേരെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി.

തലച്ചോറില്‍ വെള്ളം നിറഞ്ഞ് തല വലുതാകുന്ന ഹൈഡ്രോ സെഫാലസ് എന്ന രോഗവുമായി പിറന്നുവീണ സിനാന്‍ ഒന്‍പതാം മാസം മരിച്ചു. സിനാന്റെ ദുരിതം പത്രവാര്‍ത്തയാവുകയും ചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നെങ്കിലും സാങ്കേതികത്വം പറഞ്ഞ് സിനാനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഒടുവില്‍ ഏപ്രില്‍ ഏഴിന് സിനാന്‍ മരിച്ചു.

രണ്ട് പാദങ്ങളും മുകളിലേക്കു വളഞ്ഞും നീളം കുറഞ്ഞ കൈകളോടെയും വിരലുകള്‍ ഒട്ടിച്ചേര്‍ന്നും വൈകല്യങ്ങളോടെ കഴിഞ്ഞ 19നാണ് തളങ്കരയിലെ ആസ്പത്രിയില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നത്. കാറഡുക്ക പഞ്ചായത്തിലെ മഞ്ഞംപാറയിലെ മദ്രസ അധ്യാപകനായ അഹമ്മദിന്റെയും ബീഫാത്തിമയുടെയും നാലാമത്തെ കുഞ്ഞായിരുന്നു ഇത്. മറ്റു രണ്ടു കുട്ടികള്‍ക്കും ഇതേ വൈകല്യങ്ങളായിരുന്നു. അതിലൊരാള്‍ മരിക്കുകയും ചെയ്തു.

ഈ പെണ്‍കുഞ്ഞിനെ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍പ്പെടുത്താനും മംഗലാപുരം യെനപ്പോയ മെഡിക്കല്‍ കോളേജില്‍ ചികത്സിക്കാനും തീരുമാനിച്ചു. ഇതിന്റെ മുഴുവന്‍ ചെലവും ജില്ലാ ഭരണകൂടം വഹിക്കും.

സിനാന്റെ അനുഭവം മുന്നിലുള്ളതുകൊണ്ടാണ് അടിയന്തരസ്വഭാവത്തോടെ ഈ പെണ്‍കുഞ്ഞിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതിനു പുറമെ മറ്റു മൂന്നുപേരെക്കൂടി എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതില്‍ രണ്ടുപേര്‍ അര്‍ബുദബാധിതരാണ്.

കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ പി.കെ.സുധീര്‍ബാബു, ഡോ.മുഹമ്മദ് അഷീല്‍, ആരോഗ്യവിഭാഗം ജില്ലാ ഉപമേധാവി വിമല്‍രാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Endosulfan, Sinan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.