Latest News

ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ലക്ഷ്മണ രേഖ കടക്കുന്നു: ആന്റണി


കൊച്ചി: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്മണ രേഖ വേണമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ കെ ആന്റണി. കലൂര്‍ എ ജെ ഹാളില്‍ നടന്ന കോണ്‍ഗ്രസ് ഐ എറണാകുളം ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണ കക്ഷി പ്രതിപക്ഷം പോലെ ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്ന് ഗ്രൂപ്പിനായി വാദിച്ചാല്‍ അത് ഇരിക്കുന്ന കൊമ്പ് മുറിക്കലിന് തുല്യമാണെന്നും ആന്റണി പറഞ്ഞു.

തിരുവനന്തപുരത്തും പാര്‍ട്ടി ഓഫീസുകളിലുമായി പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ മുഖ്യ പങ്കുംനടക്കുന്നതിനാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രവര്‍ത്തകര്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നില്ല. അരാഷ്ട്രീയ വാദികളും മറ്റും ഈ രംഗം കയ്യേറുകയാണ്. ജനസമ്പര്‍ക്കം കുറഞ്ഞ് വരികയാണ്. താഴെ തട്ട് മുതല്‍ പാര്‍ട്ടി ശക്തിപ്പെടുത്തണം. ആനയ്ക്ക് ആനയുടെ വലിപ്പമറിയില്ലെന്ന് പറയുന്നത് പോലെയാണ് കോണ്‍ഗ്രസിന്റെ ശക്തി. കോണ്‍ഗ്രസ് ശക്തിപ്പെട്ടാല്‍ യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. യുഡിഎഫിനെ കുറിച്ച് അഭിപ്രായം പറയാന്‍ തനിക്ക് താല്‍പര്യമില്ല. യുഡി എഫിലെ പ്രശ്‌നങ്ങളെ കുറിച്ച് അഭിപ്രായം പറയേണ്ടത് പിപി തങ്കച്ചനും ഉമ്മന്‍ ചാണ്ടിയുമാണ്- ആന്റണി പറഞ്ഞു.

അവരുടെ കൂടെ നില്‍കണമെന്നല്ലാതെ അവരുടെ മുന്നില്‍ നില്‍ക്കാന്‍ താന്‍ തയ്യാറല്ല. ഇതൊരു വല്ലാത്തതും നിര്‍ണായകവുമായ കാലഘട്ടമാണ്. യുപിഎ സര്‍ക്കാരും ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റും നടത്തുന്ന ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെടുത്താന്‍ അണികള്‍ തയ്യാറാകണം. ഇന്നലത്തെ മഴയില്‍ കിളിര്‍ത്ത പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. തീയില്‍ കുരുത്തതാണ്. ദേശീയ തലത്തില്‍ കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ പ്രസക്തി ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല. ഇപ്പോഴത്തെ കാറ്റൊരു കാറ്റല്ല. ഇതിനേക്കാള്‍ വലിയ കൊടുങ്കാറ്റിനെ അതിജീവിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ ആരംഭിച്ചതായും സംസഥാനത്ത് ഇത് ഉടന്‍ ആരംഭിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ ആസ്ഥാനം തിരുവനന്തപുരത്താണെങ്കിലും തറവാട് എറണാകുളത്താണ്. കണ്ടകശനിയുള്ള കാലത്തും അടിയുറച്ച് നിന്നത് എറണാകുളമായിരുന്നു. പരാജയത്തിന്റെ നെല്ലിപ്പലക കണ്ട ഇലക്ഷനില്‍ പോലും ഏറ്റവും കൂടുതല്‍ എം എല്‍ എ മാരെ ജയിപ്പിച്ച ജില്ലയാണ് എറണാകുളമെന്നും ആന്റണി ഓര്‍മിപ്പിച്ചു.

Keywords: A.K. Antony, Kerala Pradesh Congress Committee, Kerala politics

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.