തലശ്ശേരി: നഗരമധ്യത്തിലെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റാഗിംഗ്. മുന്നറിയിപ്പ് നല്‍കിയിട്ടും ക്ലാസ് മുറിയില്‍ ഷു ചവിട്ടി വന്നുവെന്നതിന്റെ പേരില്‍ ഒരു കൂട്ടം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഗുണ്ടാ സ്റ്റൈലില്‍ നടത്തിയ അക്രമത്തില്‍ ബി ഇ എം പി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സാരമായി പരിക്കേറ്റു.[www.malabarflash.com]
പുന്നോല്‍ സ്വദേശി അസ്മാസില്‍ മുഹമ്മദ് കൈഫിനാണ് പരിക്ക്. പുറത്തും മുഖത്തും കൈക്കും പരിക്കേറ്റ കൈഫ് തലശ്ശേരി ജനറല്‍ ആശുപത്രി സര്‍ജിക്കല്‍ വാര്‍ഡില്‍ ചികിത്സയിലാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
ക്ലാസില്‍ ചെരുപ്പിട്ട് വരണമെന്നും ഷൂ ഉപയോഗിക്കരുതെന്നും സീനിയര്‍ മാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവത്രെ. എന്നാല്‍ പുതിയ ചെരിപ്പ് വാങ്ങിയിട്ടില്ലാത്തതിനാല്‍ ഷൂ ധരിക്കാന്‍ വീട്ടില്‍ നിന്നും പറഞ്ഞതിനാലാണ് കൈഫ് ഷൂ ചവിട്ടി ക്ലാസില്‍ എത്തിയത്. ഇന്റര്‍വെല്‍ സമയത്ത് സംഘടിച്ചെത്തിയ 15 ഓളം മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കൈഫിനെ ക്ലാസ്സില്‍ കയറി വളഞ്ഞിട്ട് തല്ലുകയായിരുന്നു. കൈ കൊണ്ട് അടിച്ചതിന് പുറമെ ചുമരോട് ചേര്‍ത്തും ബഞ്ച് കൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ജനറലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൈഫ് പറഞ്ഞു.
അടിയേറ്റ വേദനയാല്‍ അലറി വിളിച്ചെങ്കിലും ആരും അടുത്തില്ല. നിലവിളി ശബ്ദം കേട്ട് മൂന്നോളം അധ്യാപകര്‍ ഓടിയെത്തിയപ്പോള്‍ അധ്യാപകര്‍ക്ക് നേരെയും കയ്യേറ്റ ശ്രമം നടന്നു. കേട്ടാലറക്കുന്ന ഭാഷയില്‍ തെറി വിളിച്ചാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് നേരെ തിരിഞ്ഞതത്രെ.
കൈഫിന്റെ പരാതി കിട്ടിയാല്‍ കേസെടുക്കുമെന്ന് പോലിസ് അറിയിച്ചു. അടിയന്തര സ്റ്റാഫ് മീറ്റിംഗും പി ടി എ യോഗവും ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണമെന്ന് റാഗിംഗിന് നേര്‍സാക്ഷികളായ അധ്യാപകര്‍ പ്രതികരിച്ചു.
No comments:
Post a Comment