Latest News

സിനാന്റെ കുടുംബത്തിന് സഹായം നല്‍കണം: പി കരുണാകരന്‍ എം.പി


കാഞ്ഞങ്ങാട്: അധികൃതരുടെ അനാസ്ഥ കാരണം മരിച്ച എന്‍ഡോസള്‍ഫാന്‍ ഇര അമ്പലത്തറ പാറപ്പള്ളിയിലെ സിനാന്റെ കുടുംബത്തിന് സഹായമെത്തിക്കണമെന്ന് പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു. സിനാന്റെ അമ്പലത്തറ പാറപ്പള്ളിയിലെ വാടക വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കണമെന്നും എംപി അധികൃതരോട് ആവശ്യപ്പെട്ടു.
സ്വന്തമായി ഭൂമി നല്‍കാന്‍ അധികൃതര്‍ തയ്യാറായാല്‍ വീട് നിര്‍മാണത്തിനുള്ള ധനസഹായം നല്‍കാന്‍ കഴിയും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ രൂപീകരിച്ച ജില്ലാതല സെല്ലിനെ നഷ്ടപരിഹാരത്തിനായി സിനാന്റെ മാതാപിതാക്കള്‍ക്ക് സമീപിക്കാമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എട്ടുമാസം മാത്രം പ്രായമുണ്ടായിരുന്ന സിനാന്റെ തല വലുതായി വായുപോലും ശ്വസിക്കാനാകാതെയാണ് മരിച്ചത്. കുടുംബം സ്വന്തമായും നാട്ടുകാരുടെ സഹായത്തോടെയുമാണ് ചികിത്സിച്ചത്. പലതവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ സഹായം കിട്ടിയിട്ടില്ല. ചികിത്സാസഹായം ആവശ്യപ്പെട്ട സമയത്ത് നല്‍കാതെ മരിച്ച കുഞ്ഞിനെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുപ്പിക്കാനുള്ള കത്തയച്ചത് ക്രൂരതയാണ്.
നേരത്തേ കുറ്റമറ്റരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാപഞ്ചായത്തിന് കീഴിലെ എന്‍ഡോസള്‍ഫാന്‍ സെല്‍ നിലവിലുണ്ടായിരുന്നെങ്കില്‍ ഇത്തരം ദുരന്തം ഉണ്ടാകുമായിരുന്നില്ല. മരിച്ച സിനാനെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ക്ക് ആരോഗ്യവകുപ്പ് കത്തയച്ചത് കടുത്ത മനുഷ്യാവകാശ ലംഘനത്തിന് തെളിവാണ്. സര്‍ക്കാരിന്റെ അവഗണനക്കെതിരെ സിനാന്റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമീഷനെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തംഗം എ വി നാരായണന്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി എ വി കുഞ്ഞമ്പു എന്നിവര്‍ എംപിയോടൊപ്പമുണ്ടായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Endosulfan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.