Latest News

വൃക്ക ആവശ്യമുണ്ടെന്ന് പരസ്യം നല്‍കി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കൊച്ചി: വൃക്ക ആവശ്യമുണ്ടെന്ന് പരസ്യം നല്‍കി യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിലായി. കണ്ണൂര്‍ തളിപ്പറമ്പ് പോര്‍ക്കളകര പുളിച്ചമാക്കാല്‍ വീട്ടില്‍ ജോസ് (33) ആണ് അറസ്റ്റിലായത്.

ഈ മാസം 18ന് കൊച്ചിയില്‍ വെച്ചായിരുന്നു സംഭവം. അന്ന് രക്ഷപ്പെട്ട പ്രതിയെ വൃക്ക നല്‍കാനുണ്ടെന്ന വ്യാജേന എറണാകുളം സൗത്ത് പോലീസ് ശനിയാഴ്ച വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. വൃക്ക ആവശ്യമുണ്ടെന്ന് കാട്ടി ജോസ് മാര്‍ച്ചില്‍ പത്രങ്ങളില്‍ പരസ്യം നല്‍കി. ഇതുകണ്ട് വിളിച്ച കോട്ടയം സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയോട് ഇയാള്‍ പണം വാഗ്ദാനം ചെയ്യുകയും പരിശോധനകള്‍ക്കായി കൊച്ചിയിലേക്കെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.

കൊച്ചിയിലെത്തിയ യുവതിയെ രക്തപരിശോധനയ്‌ക്കെന്നു പറഞ്ഞ് സ്വന്തം കാറില്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടിനടുത്ത ലാബിലെത്തിച്ചു. പിന്നീട് ശരീര പരിശോധനയ്‌ക്കെന്നു പറഞ്ഞ് നഗരത്തിലെ ഒരു പ്രമുഖ ആസ്​പത്രിയിലേക്കു കൊണ്ടു പോകുകയായിരുന്നു. ഈ ആസ്​പത്രിയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍വെച്ച് പ്രതി യുവതിയെ കയറിപ്പിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതി ഉടന്‍ കാറിന്റെ ഡോര്‍ തുറന്ന് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.

വൃക്കദാനം നടത്താന്‍ തയ്യാറാണെന്ന് പറഞ്ഞ് മറ്റൊരു യുവതിയെക്കൊണ്ട് വിളിപ്പിച്ചാണ് പോലീസ് ഇയാളെ കുടുക്കിയത്. പത്രത്തില്‍ പരസ്യം കണ്ടതുപ്രകാരം വിളിക്കുന്നതാണെന്ന് പറഞ്ഞ ഇവരോട് വെണ്ടുരുത്തി പാലത്തിനു സമീപത്തെത്താന്‍ ജോസ് നിര്‍ദേശിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ സ്ഥലത്തെത്തിയ ജോസിനെ സൗത്ത് എസ്.ഐ. വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. വൃക്ക കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ചുള്ള നിരവധി രേഖകള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വൃക്കലോബിയുടെ പ്രധാന ഏജന്റാണ് ഇയാളെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

മാനഭംഗപ്പെടുത്താന്‍ നോക്കിയതിനും ഏതെങ്കിലും തരത്തിലുള്ള പ്രേരണയോടെ അവയവ കൈമാറ്റത്തിന് ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍, എറണാകുളം സൗത്ത് സി.ഐ. ജി. വേണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനസ്, റോബര്‍ട്ട്, വിനോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.