Latest News

കേരളമുള്‍പ്പെടെ അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ എയര്‍ടെല്ലിന്റെ 3 ജി സേവനം സുപ്രീംകോടതി വിലക്കി

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ അനുമതിയില്ലാത്ത ഏഴ് സര്‍ക്കിളുകളില്‍ എയര്‍ടെല്ലിന്റെ 3 ജി സേവനം സുപ്രീംകോടതി വിലക്കി. കേരളത്തെക്കൂടാതെ കോല്‍ക്കത്ത, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശിന്റെ തെക്കന്‍ മേഖല എന്നിവിടങ്ങളിലാണ് സേവനം വിലക്കിയത്. റോമിംഗിലൂടെയായിരുന്നു എയര്‍ടെല്‍ 3 ജി സേവനം ഇവിടങ്ങളില്‍ നല്‍കിയിരുന്നത്. പുതിയ ഉപഭോക്താക്കള്‍ക്ക് ഇവിടെ 3 ജി സേവനം നല്‍കുന്നതിനാണ് വിലക്ക്.

ഇത് സംബന്ധിച്ച ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനം ശരിവെച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ എയര്‍ ടെല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കേസില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനും കേന്ദ്രസര്‍ക്കാരിനും മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി അറിയിക്കണമെന്നാണ് നിര്‍ദേശം. കേസ് വീണ്ടും മെയ് 9 ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍, ജസ്റ്റീസ് വിക്രംജിത് സെന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നിയമവിരുദ്ധമായി കഴിഞ്ഞ രണ്ടു വര്‍ഷമായി എയര്‍ടെല്‍ ഈ മേഖലകളില്‍ 3 ജി സേവനം നല്‍കുന്നുണ്‌ടെന്നും കോല്‍ക്കത്തയില്‍ 3 ജി സിം കാര്‍ഡുകള്‍ പോലും വിതരണം ചെയ്യുന്നുണ്‌ടെന്നും റിലയന്‍സിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.

മാര്‍ച്ച് 15 നാണ് എയര്‍ടെല്ലിന്റെ പരിധി വിട്ട 3 ജി സേവനം ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ഈ മേഖലകളില്‍ വിലക്കിയത്. ലൈസന്‍സിലെ മാനദണ്ഡങ്ങളും ഉപാധികളും ലംഘിച്ചതിന് ഒരു സര്‍ക്കിളിന് 50 കോടി രൂപ വീതം 350 കോടി രൂപ പിഴയടയ്ക്കാനും എയര്‍ടെല്ലിനോട് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ്‌വിഷയം ഡല്‍ഹി ഹൈക്കോടതിയില്‍ എത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.