Latest News

തിരക്കേറിയ റോഡില്‍ വണ്ടിയോടിക്കാനും ഫീസ് വരുന്നു

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തിരക്കേറിയ പൊതു നിരത്തില്‍ സ്വന്തം വാഹനം ഓടിക്കുന്നവര്‍ക്ക് പ്രത്യേക ഫീസ് വരുന്നു. കണ്‍ജഷന്‍ ഫീ എന്ന പേരിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇതനുസരിച്ച് തിരക്കേറിയ നിരത്തുകളില്‍ വാഹനം, പ്രത്യേകിച്ച് നാലുചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ ഒരു നിശ്ചിത തുക സര്‍ക്കാരിന് നല്‍കണം. ഫീസ് നല്‍കാത്ത സ്വകാര്യ വാഹനങ്ങള്‍ക്ക് നഗരത്തില്‍ ഫീസൊടുക്കി യാത്ര ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ള മേഖലകളില്‍ പ്രവേശനം അനുവദിക്കില്ല.

രാജ്യവ്യാപകമായി വന്‍ ജനരോഷം ഉയര്‍ത്താനിടയുള്ള ഈ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരാണ് മുന്നോട്ടു വച്ചിരിക്കുന്നത്.  പല വിദേശ രാജ്യങ്ങളിലും നിലവിലുള്ളസംവിധാനമാണ് ഇന്ത്യയിലും നടപ്പാക്കാന്‍ പോകുന്നത്. രാജ്യത്തെ ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ഇത് നടപ്പാക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല.  നഗരങ്ങളിലെ കടുത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. കേന്ദ്ര നഗര വികസന മന്ത്രാലയമാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും സര്‍ക്കുലര്‍ അയച്ചത്.

 പൊതു ഗതാഗത സംവിധാനം ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി കൂടിയാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രത്തിന്റെ സര്‍ക്കുലറില്‍ പറയുന്നു.  ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നതിനു മുമ്പ് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനും ഉയര്‍ന്നു വരാനിടയുള്ള എതിര്‍പ്പിന്റെ കാഠിന്യം കുറയ്ക്കാനും കഴിയുമെങ്കില്‍ എതിര്‍പ്പു തന്നെ ഇല്ലാതാക്കാനുമുള്ള നടപടികള്‍ സംസ്ഥാനങ്ങള്‍ സ്വീകരിക്കണം. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തുകയും വേണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 എല്ലാ സംസ്ഥാനങ്ങളിലേയും പ്രധാന നഗങ്ങളില്‍ ഫീസ് ഏര്‍പ്പെടുത്താനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത് ബാധകമാവില്ല. കണ്‍ജഷന്‍ ഫീസായി ലഭിക്കുന്ന പണം റോഡു വികസനം അടക്കമുള്ള കാര്യങ്ങള്‍ക്ക് വിനിയോഗിക്കും. പല വിദേശ രാജ്യങ്ങളിലും നിലവിലുള്ള സംവിധാനമാണിത്.പല രാജ്യങ്ങളിലും പല വിധത്തിലാണ് ഇത് നടപ്പാക്കുന്നത്.ഇന്ത്യയില്‍ സിംഗപ്പൂര്‍, മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവയുടെ മാതൃക പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്.

 സിംഗപ്പൂരില്‍ എല്ലാ ദിവസവും എല്ലാ സ്വകാര്യ വാഹനങ്ങള്‍ക്കും പ്രധാന നിരത്തുകളില്‍ ഇറങ്ങാന്‍ കഴിയില്ല.ചില ദിവസങ്ങളില്‍ ഒറ്റ അക്കം നമ്പരുള്ള വാഹനങ്ങള്‍ക്ക് ഓടാന്‍ അനുമതി നല്‍കുമെങ്കില്‍ മറ്റു ചില ദിവസങ്ങളില്‍ ഇരട്ട അക്കത്തിലെ വാഹനങ്ങള്‍ക്കാണ് അനുമതി. ഇവിടത്തെ പൊതു ഗതാഗത സംവിധാനം തീര്‍ത്തും കാര്യക്ഷമമായതിനാല്‍ ധനികര്‍ പോലും സര്‍ക്കാര്‍ വക ഹൈടെക്ക് ബസുകളെയാണ് യാത്രയ്ക്കായി പൊതുവേ ആശ്രയിക്കാറ്. മറ്റു ചില വിദേശ രാജ്യങ്ങളില്‍ നിരത്തുകളില്‍ പാര്‍ക്കിംഗിന് വളരെ കുറച്ചു സ്ഥലം മാത്രമേ അനുവദിക്കൂ.അതിനാകട്ടെ കനത്ത ഫീസും ഈടാക്കും.സ്വാഭാവികമായുംപ്രധാന റോഡുകളില്‍ ഗതാഗതക്കുരുക്ക് വളരെ കുറവായിരിക്കും.പൊതു ഗതാഗത സംവിധാനമായിരിക്കും കൂടുതല്‍ പേരും ഉപയോഗിക്കുക.ഇതും ഫലപ്രദമാണോ എന്ന് പരിശോധിക്കും.


Key Words: Kerala, Keralam, Userf fee, Own Vehicles, Roads, National News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.