Latest News

ഗണേഷ് കുമാറിന്റെ സ്വത്ത് വെളിപ്പെടുത്തലില്‍ വന്‍ പൊരുത്തക്കേട്

Kerala, KB Ganesh Kumar, Assets,
തിരുവനന്തപുരം: കെ.ബി.ഗണേഷ് കുമാര്‍ സ്വന്തം സ്വത്ത് വെളിപ്പെടുത്തിയതില്‍ വന്‍ പൊരുത്തക്കേട്. തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കണക്കും വിവാഹമോചനത്തിനായി ഭാര്യയുമായി ഉണ്ടാക്കിയ കരാറിലെ കണക്കും തമ്മില്‍ ഒരുകോടിയിലേറെ രൂപയുടെ വ്യത്യാസം പ്രകടമായി. ചെന്നൈയിലെ ഫ്ലാറ്റിന്റെ മതിപ്പുവില കാണിച്ചതിലാണ് വന്‍ ക്രമക്കേട് വ്യക്തമായത്.

ഇരുകക്ഷികളും ഒപ്പുവച്ച കരാറില്‍ മൂന്ന് പ്രധാന ഉപാധികളാണ് ഉണ്ടായിരുന്നത്. ഗണേഷ് കുമാറിന്റെ പേരില്‍ തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍ ലെയ്നിലുള്ള വീട് യാമിനി തങ്കച്ചിക്കും മക്കള്‍ക്കുമായി കൈമാറും. ചെന്നൈ സാലിഗ്രാമത്തിലെ ഫ്ലാറ്റ് വിറ്റ് ആറുമാസത്തിനുള്ളില്‍ ഒന്നരക്കോടി രൂപ നല്‍കും. മറ്റ് സ്ഥാവരജംഗമ സ്വത്തുക്കളുടെ പങ്കായ 75ലക്ഷം രൂപ മാര്‍ച്ച് 30ന് മുന്‍പ് നല്‍കും. മാര്‍ച്ച് 19ന് മന്ത്രി ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തില്‍ തയ്യാറാക്കിയ ഈ കരാറില്‍ പറയുന്ന ചെന്നൈ ഫ്ലാറ്റിന്റെ മതിപ്പുവിലയുടെ കാര്യത്തിലാണ് ഗുരുതരമായ ക്രമക്കേട് പുറത്തുവരുന്നത്. 

2011ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഈ ഫ്ലാറ്റിന്റെ വിവരങ്ങള്‍ ഗണേശ് കുമാര്‍ ബോധിപ്പിച്ചിരുന്നു. 4037 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്ലാറ്റ് 2007ല്‍ വാങ്ങിയത് അഞ്ച് ലക്ഷം രൂപക്ക്. 2011ലെ കമ്പോളവിലയായി കാണിച്ചത് വെറും 17,50,000രൂപ. ഇതേ ഫ്ലാറ്റാണ് ഇപ്പോള്‍ ഒന്നരക്കോടി രൂപക്കുണ്ടെന്ന് യാമിനി തങ്കച്ചിയുമായി ഉണ്ടാക്കിയ കരാറില്‍ പറയുന്നത്. 

കരാറിന് പ്രധാന കാരണക്കാരനായ മന്ത്രി ഷിബു ബേബി തന്നെയാണ് പിന്നീട് വിവാദം കത്തിക്കയറിയപ്പോള്‍ ഇത് നിയമസഭയില്‍ ഹാജരാക്കിയത്. സ്ഥാവരസ്വത്തുക്കളുടെ മൂല്യം നിര്‍ണയിക്കുന്നതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാമെങ്കിലും ഒരുകോടിയിലേറെ രൂപയുടെ വൈരുധ്യം ശ്രദ്ധയില്‍പെട്ടാല്‍ തിരഞ്ഞെടുപ്പ് കമ്മിഷനും അവഗണിക്കാനാവില്ല. 2011ല്‍ കണക്ക് കൊടുക്കുന്നത് വരെ ഗണേഷ് കുമാറിനുള്ള ബാങ്ക് നിക്ഷേപം, ആഭരണം, വാഹനം തുടങ്ങി ജംഗമവസ്തുക്കളുടെ ആകെ മൂല്യം 25ലക്ഷം രൂപ മാത്രമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. 

രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ കടംവാങ്ങിയെങ്കിലും ഭാര്യക്ക് രൊക്കം നല്‍കാമെന്ന് ഗണേഷ് കുമാര്‍ ഏറ്റത് 75ലക്ഷംരൂപയാണ്. ഇതുകൂടാതെ ആറ് മാസത്തിനുള്ളില്‍ ഫ്ലാറ്റ് വിറ്റിട്ടാണെങ്കിലും വേറൊരു ഒന്നരക്കോടിയും.

Keywords: Kerala, KB Ganesh Kumar, Assets, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.