പായിപ്പാട് സ്വദേശിനിയും ചങ്ങനാശേരിയിലുള്ള സ്കൂളിലെ വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെയാണു രണ്ടംഗസംഘം സ്കോര്‍പ്പിയോ കാറില്‍ തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെ 9.30നു വീടിനു സമീപത്തുള്ള റോഡില്നിന്നുമാണു പെണ്‍കുട്ടിയെ സംഘം കാറില്‍ കയറ്റിക്കൊണ്ടു പോയത്.
പെണ്‍കുട്ടിയുടെ പിതാവ് തൃക്കൊടിത്താനം പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി ഡിവൈഎസ്പി കെ.എന്‍. രാജീവ്, തൃക്കൊടിത്താനം എസ്ഐ കെ.ജെ. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ ഊര്‍ജിത അന്വേഷണമാണു പെണ്‍കുട്ടിയെ തിരിച്ചുകിട്ടാന്‍ സഹായകമായത്.
സംഭവവുമായി ബന്ധപ്പെട്ടു പായിപ്പാട് സ്വദേശി ബിനാസ്(19), ചങ്ങനാശേരി പെരുന്ന സ്വദേശി അനന്തു(20) എന്നിവരുടെ പേരില്‍ പോലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ലൈംഗികവേഴ്ചയ്ക്കു ശ്രമിച്ചെന്ന പേരിലാണു കേസ്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
പോലീസ് പറയുന്നതിങ്ങനെ: പെണ്‍കുട്ടി വീടിനു സമീപത്തുള്ള റോഡില്‍ നില്ക്കുമ്പോള് സ്കോര്‍പ്പിയോ കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ പിടിച്ചു കയറ്റി അതിവേഗത്തില്‍ കാര്‍ ഓടിച്ചുപോയി. സംഭവം അറിഞ്ഞയുടന്‍ പെണ്‍കുട്ടിയുടെ പിതാവ് പോലീസിനെ അറിയിച്ചു. വിവരം അറിഞ്ഞ നിമിഷം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പെണ്‍കുട്ടിയുമായി പരിചയമുള്ളവരാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നു മനസിലാക്കിയ പോലീസ് ആ വഴിക്ക് അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയുടെയും തട്ടികൊണ്ടുപോയ സംഘത്തിലെ ബിനാസിന്റെയും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പോലീസ് ശേഖരിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഈ നമ്പറുകളിലേക്കു വിളിച്ച് ടവര്‍ ലെക്കേഷന്‍ പോലീസ് നിരന്തരം പരിശോധിച്ചു. ചങ്ങനാശേരി, ആലപ്പുഴ, തിരുവല്ല, മല്ലപ്പള്ളി, കറുകച്ചാല്‍, വെങ്കോട്ട ഭാഗങ്ങളിലും പോലീസ് അന്വേഷണം നടത്തി. ഇതിനിടെ, വൈകുന്നേരം ആറിനു പെണ്‍കുട്ടിയെ മോട്ടോര്‍ ബൈക്കില്‍ കൊണ്ടുവന്നു വീടിനു സമീപത്ത് എത്തിച്ചശേഷം യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു.
ബിനാസും അനന്തുവുമായി പെണ്‍കുട്ടിക്ക് അടുത്ത പരിചയമുണ്ടായിരുന്നു. ഈ അടുപ്പമാണു തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ബിനാസിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണു സ്കോര്‍പ്പിയോ കാര്‍.ബിനാസാണു കാര്‍ ഓടിച്ചിരുന്നത്. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തിയശേഷം കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment