Latest News

സാക്ഷരതക്ക് ഊര്‍ജ്ജമേകിയ ചേലക്കാടന്‍ ആയിഷ അന്തരിച്ചു

മലപ്പുറം: കേരളം സമ്പൂര്‍ണ സാക്ഷരത നേടിയതായി പ്രഖ്യാപിച്ച മലപ്പുറം കാവനൂരിലെ ചേലക്കോടന്‍ ആയിഷ (95) നിര്യതയായി. വാര്‍ധക്യസഹജമായ രോഗങ്ങളില്‍ ചികിത്സയിലിരിക്കെ ശ്വാസതടസം മൂലം വ്യാഴാഴ്ച രാത്രി ഒമ്പതോടെ കാവനൂരിലെ വസതിയിലായിരുന്നു അന്ത്യം. 1991 ഏപ്രില്‍ 18ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയാണ് സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയത്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരടക്കം മന്ത്രിമാരും പ്രമുഖരുമുള്ള വേദിയില്‍ ചരിത്രസാക്ഷാത്കാരമായി ആ പ്രഖ്യാപനം.
പിന്നീട് സംസ്ഥാന സര്‍ക്കാറിന്‍െറ സാക്ഷരതാ അംബാസിഡറായും ഇവര്‍ അറിയപ്പെട്ടു. സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നിര്‍വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ നീണ്ട പട്ടികയില്‍ നിന്നാണ് ഏറനാട്ടില്‍ നിന്ന് ചേലക്കോടന്‍ ആയിഷക്ക് നറുക്ക് വീഴുന്നത്.
സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം കഴിഞ്ഞ് 22 വര്‍ഷം കഴിയുമ്പോഴും സംസ്ഥാനത്ത് ഇപ്പോഴും തുടരുന്ന തുടര്‍ സാക്ഷരതാ പദ്ധതികളിലും തുല്യതാപഠന പ്രവര്‍ത്തനങ്ങളിലും ആയിശയുടെ അനുഭവങ്ങളും പങ്കാളിത്തവും പഠിതാക്കള്‍ക്ക് മുതല്‍ക്കൂട്ടായിരുന്നു. കാവനൂര്‍ ഇരിവേറ്റി റോഡില്‍ കുറ്റിപ്പുളി പറമ്പ് അങ്കണവാടിയിലെ പത്തോളംപേര്‍ക്കൊപ്പമാണ് ആയിഷ അക്ഷരവെളിച്ചം നേടിയത്. 58-ാം വയസിലാണ് അക്ഷരങ്ങളോടുള്ള തീരാത്ത ഭ്രമം അവരിലുണ്ടായത്. അക്കങ്ങള്‍ക്കും വാക്കുകള്‍ക്കുമപ്പുറം പാരമ്പര്യ മനക്കണക്കുകൊണ്ട് പ്രായത്തെ അതിജീവിച്ച അക്ഷരസ്നേഹിയായി പഠനനാളുകളില്‍തന്നെ അവര്‍ ശ്രദ്ധിക്കപ്പെട്ടു. കുറ്റിപ്പുളിപറമ്പ് അങ്കണവാടിയിലെ അധ്യാപിക വിലാസിനിയാണ് അക്ഷരവെളിച്ചം ആദ്യം പകര്‍ന്നത്. ചെറുപ്പകാലത്ത് അക്ഷരപഠനം സാധ്യമാവാത്തതിന്‍െറ വേവലാതി ഉള്ളിലൊതുക്കി പേരമക്കള്‍ക്ക് ആവുന്നത്ര പഠനവഴി തുറന്നുകൊടുക്കാന്‍ ആയിഷ എല്ലാവരേയും ഉപദേശിക്കുമായിരുന്നു.

പരേതനായ മൊയ്തീന്‍കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ്, മറിയുമ്മ, നഫീസ, ആമിന, ഫാത്തിമ, ഖദീജ. മരുമക്കള്‍: ഫാത്തിമ, ബീരാന്‍കുട്ടി, മുഹമ്മദ്, അബൂബക്കര്‍, അബ്ദുറഹ്മാന്‍, പരേതനായ റഷീദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കാവനൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.