Latest News

'രമയുടെ ദു:ഖം സഹിക്കാനായില്ല, തോക്കുമായി എത്തിയത് പിണറായിയെ ഭീഷണിപ്പെടുത്താൻ'

Kerala, Rama, TP Chandrasekharan, Pinarayi Vijayan, Gun,
തലശ്ശേരി: രമയുടെ ദുഃഖം മനസിൽ നിന്ന് മായുന്നില്ല. പിണറായിയെ ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു തന്റെ ലക്ഷ്യം. ടി.പി. ചന്ദ്രശേഖരൻ വധത്തിൽ ഇവർക്കും പങ്കുണ്ട്. ഇതാണ് പിണറായിയെ ഭീഷണിപ്പെടുത്തണമെന്ന് ആലോചിക്കാൻ കാരണം-സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന് സമീപത്ത് നിന്ന് ആയുധങ്ങളുമായി പിടിയിലായ കുഞ്ഞിക്കൃഷ്ണന്റേതാണ് വാക്കുകൾ. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് എയർഗണും കൊടുവാളുമായി നാദാപുരം വളയം സ്വദേശി കുഞ്ഞിക്കൃഷ്ണൻ നന്പ്യാർ പിടിയിലാകുന്നത്.

`രണ്ടാഴ്ചയായി താൻ സ്വന്തം വീട്ടിൽ പോകാറില്ല. 15 വർഷമായി തോക്ക് ഉപയോഗിക്കാറുണ്ട്. ലൈസൻസ് ലഭിച്ചിരുന്നെങ്കിലും പിന്നീട് പുതുക്കിയിട്ടില്ല. രണ്ടുമാസം മുന്പ് കോഴിക്കോട് നടക്കാവിലെ ഷോപ്പിൽ നിന്ന് 8500 രൂപയ്ക്ക് ഒരു എയർഗൺ വാങ്ങി. ഇതാണ് ഇന്നലെ തന്റെ കൈവശമുണ്ടായിരുന്നത്. പിണറായി പേടിപ്പെടുത്തുക മാത്രമായിരുന്നു തന്റെ ലക്ഷ്യം. താൻ കമ്മ്യൂണിസ്റ്റുകാരനാണ്.' കുഞ്ഞിക്കൃഷ്ണൻ നന്പ്യാർ പറഞ്ഞു.

ഇന്നലെ രാത്രി വടകര റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ കുഞ്ഞിക്കൃഷ്ണൻ നന്പ്യാർ വാടകയ്ക്ക് താമസിച്ച വടകര ആലക്കൽ റസിഡൻസിയിൽ റെയ്ഡ് നടത്തി. ഇതേസമയത്തു തന്നെ വളയം എസ്.ഐയുടെ നേതൃത്വത്തിൽ കുഞ്ഞിക്കൃഷ്ണൻ നന്പ്യാരുടെ വീട്ടിലും റെയ്ഡ് നടത്തി. കാര്യമായൊന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്.

കണ്ണൂ‌ർ എസ്.പി രാഹുൽ ആർ. നായരുടെ നിർദ്ദേശ പ്രകാരം കുഞ്ഞിക്കൃഷ്ണൻ നന്പ്യാരുടെ മകൻ പ്രകാശനെയും മകളുടെ ഭർത്താവ് ചന്ദ്രശേഖരനേയും ധർമ്മടം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അച്ഛന് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും കുറച്ചുകാലമായി വീട്ടിലെത്താറില്ലെന്നുമാണ് ഇവർ പറഞ്ഞത്. പക മനസിൽ കൊണ്ടുനടക്കുന്നയാളാണ് അച്ഛനെന്നും ഇവർ അറിയിച്ചു. എന്നാൽ, അക്രമവാസനയൊന്നും ഉണ്ടായിട്ടില്ല.

കുഞ്ഞിക്കൃഷ്ണൻ നന്പ്യാ‌രുടെ പേരിൽ ധർമ്മടം പൊലീസ് ലൈസൻസില്ലാതെ തോക്ക് കൈവശം വച്ചതിന് കേസെടുത്തിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്തതിന് ശേഷം ഇന്ന് ഉച്ചയോടെ തലശ്ശേരി കോടതിയിൽ ഹാജരാക്കും. എയർഗൺ വിദഗ്ധ പരിശോധനയ്ക്കായി കണ്ണൂ‌രിലേക്ക് മാറ്റിയിട്ടുണ്ട്. തലശ്ശേരി എ.എസ്.പി നീരജ് കുമാർ ഗുപ്ത, തലശ്ശേരി സി.ഐ, ധർമ്മടം എസ്.ഐ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ കൂടുതൽ അന്വേഷണത്തിനായി വളയത്തേക്ക് തിരിച്ചു. ഇന്ന് രാവിലെ മുതൽ പിണറായി വിജയന്റെ വീട്ടിന് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തി.

Keywords: Kerala, Rama, TP Chandrasekharan, Pinarayi Vijayan, Gun, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.