Latest News

കണ്ണൂര്‍ നഗരസഭാധ്യക്ഷ സ്ഥാനം ലീഗിനു തലവേദനയാകുന്നു

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാധ്യക്ഷയെ കണ്ടെത്താന്‍ മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തിയെങ്കിലും അന്തിമ തീരുമാനമായില്ല. മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും നിലവില്‍ മുനിസിപ്പല്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ റോഷ്‌നി ഖാലിദ്, കൗണ്‍സിലര്‍ സി. സീനത്ത് എന്നിവരാണ് സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കു റോഷ്‌നിയെ പരിഗണിക്കണമെന്നു ഒരു വിഭാഗവും സീനത്തിനെ പരിഗണിക്കണമെന്നു മറുവിഭാഗവും ആവശ്യപ്പെട്ടതാണു വോട്ടിംഗിലേക്കു കാര്യങ്ങള്‍ എത്തിച്ചത്.

മുസ്‌ലിം ലീഗിനു 17 കൗണ്‍സിലര്‍മാരാണുള്ളത്. ഇതില്‍ 16 പേര്‍ വോട്ട് രേഖപ്പെടുത്തി. എട്ടു പേര്‍ റോഷ്‌നി ഖാലിദിനെ അനുകൂലിച്ചപ്പോള്‍ ഏഴുപേര്‍ സീനത്തിനെ പിന്തുണച്ചു. നിലവിലെ ആക്ടിംഗ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി. സമീര്‍ വോട്ടു ചെയ്യാന്‍ എത്തിയില്ല. സമീര്‍ സ്ഥലത്തില്ലെന്നാണ് പറയുന്നത്. ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങുകളിലായതിനാല്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ കൗണ്‍സിലര്‍ ടി.കെ. നൂറുന്നിസ വോട്ടിംഗില്‍ പങ്കെടുത്തില്ലെങ്കിലും ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കു തന്നെ പരിഗണിക്കണമെന്നു കാണിച്ചു കത്തു നല്‍കിയിട്ടുണ്ട്.

നേരത്തെയുള്ള ഭരണ പരിചയം വച്ചു തന്നെ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. വോട്ടിംഗില്‍ പങ്കെടുക്കാതിരുന്ന സമീറിന്റെ അഭിപ്രായം കൂടി ആരാഞ്ഞതിനു ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം ഉണ്ടാവുക. സമീര്‍ സീനത്തിന് അനുകൂലമായ നിലപാടാണ് എടുക്കുക എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അങ്ങിനെയാണെങ്കില്‍ റോഷ്‌നിക്കും സീനത്തിനും എട്ടു വോട്ടുകള്‍ വീതമായിരിക്കും ലഭിക്കുക. ഇതു നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഇരുവര്‍ക്കും തുല്യ വോട്ടുകള്‍ ലഭിച്ചാല്‍ നറുക്കെടുപ്പിലൂടെയായിരിക്കും ചെയര്‍പേഴ്‌സണെ കണെ്ടത്തുക.

എന്നാല്‍ വോട്ടിംഗ് സംബന്ധിച്ചു നേരത്തെതന്നെ അറിയിപ്പു നല്‍കിയിട്ടും വിട്ടുനിന്നവരുടെ അഭിപ്രായം ഇനി ആരായേണ്ടതില്ലെന്നാണ് ഒരു വിഭാഗം മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശം. സാധാരണഗതിയില്‍ പോളിംഗ് നടക്കുന്ന ദിവസം വോട്ടു രേഖപ്പെടുത്താത്തവര്‍ക്കു പിന്നീട് അവസരം നല്‍കാറില്ലെന്ന കാര്യമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. മുസ്‌ലിം ലീഗ് മുനിസിപ്പല്‍ ട്രഷറര്‍ ടി.എ. തങ്ങളുടെ വീട്ടില്‍ വച്ചു രഹസ്യബാലറ്റിലൂടെ ഇന്നലെയായിരുന്നു വോട്ടെടുപ്പ്. മുസ്‌ലിം ലീഗിന്റെ ചരിത്രത്തില്‍തന്നെ ഇങ്ങനെയൊരു സംഭവം ആദ്യമാണത്രെ. വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ മുനിസിപ്പല്‍ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനം കൈക്കൊള്ളുമെന്നാണ് അറിയുന്നത്.

അതേസമയം ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉന്നത നേതൃത്വത്തിന്റെ ഇടപെടലിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സീനത്തിനു വേണ്ടി കേന്ദ്ര സഹമന്ത്രിയും ലീഗ് അഖിലേന്ത്യാ നേതാവുമായ ഇ. അഹമ്മദ് തന്നെ രംഗത്തിറങ്ങിയതാണ് ഇത്തരം ഒരു സംശയത്തിനിടയാക്കുന്നത്. അഹമ്മദ് ചൊവ്വാഴ്ച കണ്ണൂരിലുണ്ടായിരുന്നു.

സീനത്തിനെ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്ന് ഇ. അഹമ്മദ് ജില്ലാ കമ്മിറ്റിക്കു നിര്‍ദേശം നല്‍കിയതായും അഭ്യൂഹമുണ്ട്. സീനത്തിനു വേണ്ടി നിലവില്‍ പാര്‍ട്ടിയില്‍ ഒരു ഭാരവാഹിത്വവും ഇല്ലാത്ത മുന്‍ നഗരസഭാ ചെയര്‍മാനും രംഗത്തുണ്ട്. വാഗ്ദാനങ്ങള്‍ നല്‍കിയും പ്രലോഭിപ്പിച്ചും മറ്റും കൗണ്‍സിലര്‍മാരെ സ്വാധീനിക്കാന്‍ ഇദ്ദേഹം ശ്രമം നടത്തുന്നതായാണ് മറുപക്ഷം ആരോപിക്കുന്നത്. മുന്നണി ധാരണ അനുസരിച്ചു കോണ്‍ഗ്രസിലെ എം.സി. ശ്രീജ രാജിവച്ചതിനെ തുടര്‍ന്നാണ് ലീഗിനു ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.