Latest News

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍

ബാംഗളൂര്‍: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് കടക്കവേ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്ന് ഉറപ്പായി. കേവലഭൂരിപക്ഷത്തിനാവശ്യമായ 113 സീറ്റുകളിലധികം കോണ്‍ഗ്രസിന് വിജയിക്കാനാകുമെന്നാണ് ഒടുവിലത്തെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. 115 സീറ്റുകളെങ്കിലും കോണ്‍ഗ്രസ് നേടുമെന്നാണ് കണക്കൂകൂട്ടല്‍. ഭരണത്തിലിരുന്ന ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയെന്നത് കോണ്‍ഗ്രസിന്റെ വിജയത്തിന് ഇരട്ടിമധുരം നല്‍കുന്നുണ്ട്.

ഒരു മണി വരെയുള്ള ഫലമനുസരിച്ച് 84 സീറ്റുകളില്‍ കോണ്‍ഗ്രസും 28 സീറ്റുകളില്‍ ജനതാദള്‍ എസും വിജയിച്ചിട്ടുണ്ട്. ഭരണകക്ഷിയായിരുന്ന ബിജെപി 23 സീറ്റില്‍ വിജയിച്ച് മൂന്നാം സ്ഥാനത്താണ്. മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ കര്‍ണാടക ജനതാ പാര്‍ട്ടി ഒരു സീറ്റിലും മറ്റുള്ളവര്‍ എട്ടു സീറ്റിലും വിജയിച്ചിട്ടുണ്ട്. അഴിമതി മുക്ത ഭരണമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രിക്കസേരയിലേക്കുളള ശക്തനായ സ്ഥാനാര്‍ഥിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. വരുണ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം 18000 ത്തില്‍പരം വോട്ടുകള്‍ക്കാണ് വിജയിച്ചത്.

മുഖ്യമന്ത്രിസ്ഥാനത്തക്ക് സാധ്യതയുണ്ടായിരുന്ന കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി പരമേശ്വരന്‍ കൊരട്ടഗരെയില്‍ പിന്നിട്ടുനില്‍ക്കുകയാണ്. മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടാര്‍ ഹൂബ്ലി ധര്‍വാദ് സെന്‍ട്രലില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. മത്സരിച്ച മൂന്ന് മലയാളികളുടെ വിജയം കേരളത്തിനും അഭിമാനമായി. മംഗലാപുരത്തുനിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച മലയാളി യു.ടി ഖാദര്‍ 30,650 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ശാന്തിനഗര്‍ മണ്ഡലത്തില്‍ മത്സരിച്ച എന്‍എ ഹാരീസ്, സര്‍വജ്ഞനഗറില്‍ മത്സരിച്ച കെ.ജെ ജോര്‍ജ് എന്നിവരാണ് വിജയിച്ച മറ്റ് മലയാളികള്‍. ഭദ്രാവതിയില്‍ വിജയപ്രതീക്ഷയുണ്ടായിരുന്ന മലയാളി സ്ഥാനാര്‍ഥി സി.എം ഇഹ്രാഹീം പരാജയപ്പെട്ടു. ശിഖാരിപുരയില്‍ നിന്നും പതിനയ്യായിരത്തിലധികം വോട്ടുകള്‍ നേടിയാണ് യെദിയൂരപ്പ വിജയിച്ചത്. അതേസമയം അദ്ദേഹത്തിന്റെ ഉറ്റ അനുയായിയും മുന്‍മന്ത്രിയുമായ ശോഭാ കരന്ത്‌ലജെ രാജാജി നഗറില്‍ പരാജയപ്പെട്ടത് കെജെപിക്ക് തിരിച്ചടിയായി.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമായ ആധിപത്യം നേടിയ കോണ്‍ഗ്രസ് അത് നിലനിര്‍ത്തിക്കൊണ്ടു മുന്നേറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒരിക്കല്‍ പോലും ബിജെപിക്ക് മുന്നിട്ടെത്താന്‍ കഴിഞ്ഞില്ല. ബിജെപിക്ക് മുന്‍തൂക്കമുള്ള തീരമേഖലയില്‍ പോലും കോണ്‍ഗ്രസ് മുന്നിട്ടുനിന്നു. ബാംഗളൂര്‍ അര്‍ബന്‍, റൂറല്‍ മേഖലകളില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മിലാണ് മത്സരം നടക്കുന്നത്. ഇവിടെ ബിജെപിക്ക് ചുവടുറപ്പിക്കാന്‍ പോലുമായിട്ടില്ല. അതേസമയം ജനതാദള്‍- എസ് അത്ഭുതപ്പെടുത്തുന്ന മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. കാര്‍ഷിക മേഖലയായ ദക്ഷിണ കര്‍ണാടകയിലാണ് പാര്‍ട്ടി കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

സംസ്ഥാനത്തിന്റെ കഴിഞ്ഞ 35 വര്‍ഷ ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്. (71.29) ശതമാനം. ഇതിനുമുമ്പ് 1978ല്‍ രേഖപ്പെടുത്തിയ 71.9 ശതമാനമാണു സമീപകാലത്തെ സംസ്ഥാനത്തെ ഉയര്‍ന്ന പോളിംഗ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.