Latest News

കര്‍ണ്ണാടകയിലെ ഭരണമാററം: മഅദനിയുടെ മോചനത്തിനു വഴിതെളിയുമോ...?

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ബി.ജെ.പിയെ പിന്തള്ളി കോണ്‍ഗ്രസ് അധികാരത്തിലേറിയത് പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നസര്‍ മഅദനി അടക്കമുള്ളവര്‍ക്ക് മോചന പ്രതീക്ഷ നല്‍കുന്നു. കര്‍ണാടക ബി.ജെ.പി സര്‍ക്കാരിന്റെ കടുത്ത നിലപാടാണ് സുപ്രീം കോടതിയില്‍ വരെ നീണ്ട നിയമപോരാട്ടത്തിലും മഅദനിക്ക് ജാമ്യം നിഷേധിക്കാനിടയാക്കിയത്.

കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം കര്‍ണാടകയില്‍ എത്തി മഅദനിയുടെ മോചനത്തിന് ശ്രമം നടത്തിയിരുന്നെങ്കിലും ബി.ജെ.പി സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല.
മുമ്പ് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒമ്പതു വര്‍ഷം തമിഴ്‌നാട്ടിലെ ജയില്‍വാസത്തിനു ശേഷം നിരപരാധിയെന്നു കണ്ടാണ് മഅദനിയെ വെറുതെവിട്ടത്. അന്ന് തമിഴ്‌നാട്ടില്‍ ബി.ജെ.പി പിന്തുണച്ച ജയലളിത സര്‍ക്കാരാണ് മഅദനിയടക്കമുളളവരുടെ മോചനത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നത്. പിന്നീട് തമിഴ്‌നാട്ടില്‍ ഭരണമാറ്റമുണ്ടായി കരുണാനിധി മുഖ്യമന്ത്രിയായതോടെയാണ് മഅദനിയോട് മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചത്.

സമാനമായ അനുകൂല ഘടകമാണ് ഇപ്പോള്‍ കര്‍ണാടകയിലും ഉരുത്തിരിഞ്ഞിരിക്കുന്നത്.
കേരള പോലീസ് സുരക്ഷയും ഗണ്‍മാനുമുണ്ടായിരുന്ന മഅദനി 2010 ഏപ്രില്‍ 17ന് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ സ്‌ഫോടനത്തില്‍ ഗൂഢാലോചന നടത്തിയെന്നു പറഞ്ഞാണ് കര്‍ണാടക പോലീസ് 2010 ആഗസ്റ്റ് 17ന് അറസ്റ്റു ചെയ്തത്. രണ്ടര വര്‍ഷത്തിലേറെയായി മഅദനി പരപ്പന അഗ്രഹാര ജയിലില്‍ ജാമ്യം പോലും ലഭിക്കാതെ വിചാരണ തടവുകാരനായി കഴിയുകയാണ്. മഅദനിക്കെതിരെ കര്‍ണാടക പോലീസ് കൃത്രിമമായി സാക്ഷികളെയുണ്ടാക്കിയെന്ന് തെഹല്‍ക്ക ലേഖിക ഷാഹിന സാക്ഷികളെ നേരില്‍കണ്ട് നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സാക്ഷികളാരും മഅ്ദനിയെ കണ്ടിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തായത്. ഇതോടെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ഷാഹിനക്കെതിരെ കേസെടുക്കുകയായിരുന്നു കര്‍ണാടക പോലീസ്.

മഅദനിക്ക് ജാമ്യം നല്‍കിയാല്‍ അത് തീവ്രവാദ പ്രവര്‍ത്തനം ശക്തമാക്കുമെന്നു പറഞ്ഞാണ്് ബി.ജെ.പി സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. അടുത്തിടെ നടന്ന ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ പടിയിലായ ആള്‍ മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചുവെന്ന പുതിയ ആരോപണവും ഉയര്‍ത്തി. ഇതിന്റെ പേരിലും മഅദനിയുടെ മോചനം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ആശ്വാസം പകര്‍ന്ന് കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയിരിക്കുന്നത്.

കാലില്ലാത്ത ഒരാളെ തെളിവില്ലാതെ എന്തിനാണ് ജയിലില്‍ അടച്ചിരിക്കുന്നതെന്നാണ് കഴിഞ്ഞ വര്‍ഷം മഅദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കവേ ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കാട്ജു ചോദിച്ചത്. എന്നാല്‍ ഡിവിഷന്‍ ബെഞ്ചില്‍ ഒപ്പമുണ്ടായിരുന്ന ഗ്യാന്‍സുധ മിശ്ര മഅദനിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് അന്ന് മഅദനിക്കു സുപ്രീം കോടതി ജാമ്യം നിഷേധിച്ച് ചികിത്സാസൗകര്യം ഉറപ്പു വരുത്താന്‍ നിര്‍ദ്ദേശിച്ചത്.
മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യത്തിന് കേരളത്തിലെത്തിയപ്പോള്‍ വിവാഹചടങ്ങില്‍ സംസാരിച്ചതിനെതിരെ രംഗത്തെത്തി മഅദനിക്ക് ഇനി ജാമ്യം നല്‍കരുതെന്ന കടുത്ത നിലപാടിലായിരുന്നു കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍. ഈ പശ്ചാത്തലത്തിലാണ് കര്‍ണാടകയിലെ ഭരണമാറ്റം മഅദനിക്ക് പ്രതീക്ഷയാകുന്നത്.


Expresskerala
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.