Latest News

മഅദനിയെ ചില നേതാക്കള്‍ കച്ചവട ചരക്കാക്കുന്നുവെന്ന് ആരോപിച്ച് യില്‍ PDP യില്‍ നിന്നും കൂട്ടരാജി


കാസര്‍കോട് : ജയിലില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയെ പി ഡി പി സംസ്ഥാന നേതാക്കളിലെ ചിലര്‍ കച്ചവട ചരക്കാക്കുന്നുവെന്നും ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നും രാജി് വെക്കുന്നതായും സംസ്ഥാന-ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അബ്ദുല്‍ നാസര്‍ മഅദനിയെ ബാംഗ്ലൂര്‍ ജയിലില്‍ അടക്കുന്നതില്‍ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിനും മഅദനിയുടെ ബന്ധു എന്നവകാശപ്പെടുന്ന മുഹമ്മദ് റജിബിനും പങ്കുണ്ടെന്നും ഇവര്‍ ആരോപിച്ചു. മഅദനിയുടെ മോചനത്തിനായി നടത്താന്‍ തീരുമാനിച്ചിരുന്ന കര്‍ണ്ണാടക മാര്‍ച്ച്, ബാംഗ്ലൂര്‍ മാര്‍ച്ച്, നേതാക്കളുടെ മരണംവരെയുള്ള നിരാഹാര സമരം, കേരളയാത്ര എന്നിവ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ അട്ടിമറിക്കാന്‍ ചില നേതാക്കള്‍ ആസൂത്രിത ശ്രമം നടത്തിയിട്ടുണ്ട്.

മഅദനി മോചനത്തിനായി കേരളത്തില്‍ ബി ജെ പി ഒഴികെയുള്ള മുഴുവന്‍ പ്രസ്ഥാനങ്ങളും സമരരംഗത്ത് പിന്തുണയുമായി എത്തിയിട്ടും പി ഡി പി സംസ്ഥാന കമ്മിറ്റി കഴിഞ്ഞ മൂന്നുവര്‍ഷമായി ഒരു സമരപരിപാടികളും സംഘടിപ്പിച്ചിട്ടില്ല. മഅദനിയുടെ മോചനം ആവശ്യപ്പെട്ട് രൂപീകരിച്ച ജസ്റ്റിസ് ഫോര്‍ മഅദനി ഫോറവുമായി പോലും ഇന്നുവരെ ഈ നേതാക്കള്‍ സഹകരിക്കുകയോ, യോഗങ്ങളില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ചെയര്‍മാനായ മുന്‍ എം പി സെബാസ്റ്റ്യന്‍ പോള്‍ കഴിഞ്ഞ രണ്ടരവര്‍ഷക്കാലമായി മഅദനി വിഷയവുമായും കേസുമായും ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടിട്ടും ഇന്നു വരെ നല്‍കാന്‍ നേതാക്കള്‍ തയ്യാറായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

മഅദനിയുടെ മോചനത്തിനായി പുതിയ സമരമാര്‍ഗ്ഗത്തിലൂടെ ഇടപ്പെടലുകള്‍ നടത്തും. സംസ്ഥാന നേതാക്കളായ പൂന്തുറ സിറാജ്, മുഹമ്മദ് റജീബ്, നിസാര്‍ മേത്തര്‍, സാബു കൊട്ടാരക്കര, സുബൈര്‍ സബാഹി, വര്‍ക്കല രാജ്, അടങ്ങിയ നേതാക്കള്‍ മഅദനിയെ വഞ്ചിക്കുന്ന സമീപനത്തില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ രാജിവെക്കുന്നതെന്നും അവര്‍ അറിയിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സുബൈര്‍ പടുപ്പ്, ജില്ലാ പ്രസിഡണ്ട് ഐ എസ് സക്കീര്‍ ഹുസൈന്‍, ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഉമര്‍ ഫാറൂഖ് തങ്ങള്‍, ജില്ല ജോ.സെക്രട്ടറി അബ്ദുല്‍റഹ്മാന്‍ തെരുവത്ത്, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഹമീദ് കടഞ്ചി, സെക്രട്ടറി ആബിദ് മഞ്ഞംപാറ, ട്രഷറര്‍ അഷ്‌റഫ് കുമ്പഡാജെ, വൈസ് പ്രസിഡണ്ട് നൗഫല്‍ ഉളിയത്തടുക്ക, ജോ. സെക്രട്ടറി സി എച്ച് ജബ്ബാര്‍, ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് ഇബ്രാഹിം കോലിയടുക്കം, എന്നിവരുള്‍പ്പെടെ ആയിരത്തോളം പേരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതെന്നും അവര്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ അജിത്കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, ഐ എസ് സക്കീര്‍ ഹുസൈന്‍, സയ്യദ് ഉമര്‍ ഫാറൂഖ് തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.