Latest News

'ഊരുകാവല്‍' മികച്ച നാടകമായി തിരഞ്ഞെടുത്തു


ഉദിനൂര്‍:കിനാത്തില്‍ സാംസ്‌കാരികസമിതി വായനശാലയും ജ്വാല തിയറ്റേഴ്‌സും ചേര്‍ന്ന് സംഘടിപ്പിച്ച സംസ്ഥാന അമച്വര്‍ നാടകമത്സരത്തില്‍ തൃക്കരിപ്പൂര്‍ റെഡ് ഫോഴ്‌സ്, കൊയോങ്കര അവതരിപ്പിച്ച 'ഊരുകാവല്‍' മികച്ച നാടകമായി തിരഞ്ഞെടുത്തു. കാസര്‍കോട് അരവത്ത് യുവശക്തിയുടെ 'വാണിങ് ബെല്‍' ആണ് മികച്ച രണ്ടാമത്തെ നാടകം. മികച്ച നടനായി ഊരുകാവലിലെ അഭിനയത്തിന് ദിജേഷ് കുഞ്ഞൂട്ടനും നടിയായി അശ്വതി കാങ്കോലും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു പുരസ്‌കാരങ്ങള്‍- സംവിധായകന്‍: തൃശ്ശൂര്‍ ഗോപാല്‍ജി (വാണിങ് ബെല്‍), രചന: ഡോ. സി.കെ.ഭാഗ്യനാഥ്(കാല്‍വരിയിലേക്കുള്ള വഴി, തലശ്ശേരി പൊന്ന്യം കലാധാര), ദീപനിയന്ത്രണം: രാജു രാമഗിരി (വാണിങ് ബെല്‍), പശ്ചാത്തലസംഗീതം: കിഷോര്‍ രാവണീശ്വരം (വാണിങ് ബെല്‍), ചമയം: സുരഭി ഈയ്യക്കാട് (ഊരുകാവല്‍), രംഗശില്പം: ജിതേഷ്, സദാശിവന്‍ (വാണിങ് ബെല്‍), സംഘാടകസമിതിയുടെ ജനകീയ പുരസ്‌കാരം: 'ചോളപ്പൂക്കള്‍ അഥവാ നവംബര്‍ 10' (വടകര കടത്തനാട് പെണ്‍മ).

വി.ശശി, എസ്.സുനില്‍, സുധി പാനൂര്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. രണ്ടു ദിവസങ്ങളിലായി അവതരിപ്പിക്കപ്പെട്ട അഞ്ചു നാടകങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് മത്സരനാടകങ്ങള്‍ എന്ന നിലയില്‍ മികച്ചുനിന്നതെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. സ്ത്രീനാടകക്കൂട്ടായ്മയില്‍ പിറന്ന 'ചോളപ്പൂക്കള്‍ അഥവാ നവംബര്‍ 10' എന്ന നാടകം അവതരിപ്പിച്ച വടകര കടത്തനാട് പെണ്‍മയുടെ ഉദ്യമം പ്രശംസനീയമാണെന്നും വിധികര്‍ത്താക്കള്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി സമ്മാനം നല്കി.

പഴയകാല വായനശാല-നാടകപ്രവര്‍ത്തകരുടെ സംഗമവും നടന്നു. ഇ.വി.കുഞ്ഞമ്പു നായര്‍, സി.എം.ദാമോദരന്‍ നായര്‍, തിരുനെല്ലി കുഞ്ഞമ്പു നായര്‍, കെ.വി.രാഘവന്‍ മാസ്റ്റര്‍, എം.ഗോപാലന്‍ നായര്‍, എന്‍.ഗോപാലന്‍, കെ.പി.ഗോപാലന്‍, എ.കുഞ്ഞിരാമന്‍, ടി.വി.ഗോപാലന്‍, കെ.പി.ദാമോദരന്‍ നായര്‍, കെ.വി.നാരായണന്‍, പി.വി.ഗോവിന്ദന്‍, ടി.കുഞ്ഞിരാമന്‍, കെ.രാജന്‍, സി.എം.കുമാരന്‍ നായര്‍, പി.പി.സുധാകരന്‍, സി.എം.മനോഹരന്‍ മാസ്റ്റര്‍, കെ.പി.കണ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ പഴയകാലാനുഭവങ്ങള്‍ പങ്കു വെച്ചു. ഉദിനൂര്‍ ബാലഗോപാലന്‍ മോഡറേറ്ററായിരുന്നു. സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് നേടിയ കെ.പി.കണ്ണന്‍ മാസ്റ്ററെ കെ. മുരളി മാസ്റ്റര്‍ ഉപഹാരം നല്‍കി ആദരിച്ചു. പി.വി.മഹേഷ്‌കുമാര്‍ സ്വാഗതവും ടി.വി.സുധീര്‍കുമാര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.