Latest News

ഹൃദയം പിളരുന്ന വേദനയില്‍ അന്ത്യചുംബനം; അമ്മ മക്കളെ യാത്രയാക്കി

കാലടി: രണ്ടു മക്കളുടെയും മരണം കണ്‍മുന്‍പില്‍ കാണേണ്ടിവന്ന പിതാവിന്റെ മരവിപ്പും ആകെയുള്ള രണ്ടു മക്കള്‍ക്ക് അന്ത്യചുംബനമര്‍പ്പിക്കാന്‍ ഒന്‍പതു ദിവസത്തിനുശേഷം നിയമത്തിന്റെ കനിവു നേടി കുവൈറ്റില്‍നിന്നു നാട്ടിലെത്തിയ അമ്മയുടെ കരള്‍ പിളരുന്ന വേദനയും കണ്ടുനിന്നവര്‍ക്കു താങ്ങാനായില്ല. ഉറക്കെ കരയാന്‍ ശബ്ദമില്ലാതെ, പൊഴിക്കാന്‍ ഒരു തുള്ളി കണ്ണീര്‍ ബാക്കിയില്ലാതെ തങ്ങളുടെ എല്ലാമെല്ലാമായിരുന്ന രണ്ടു മക്കളെയും ഈ മാതാപിതാക്കള്‍ ഒരുമിച്ചു നിത്യതയിലേക്കു യാത്രയാക്കി.

വെണ്‍മണി തെക്കന്‍തോണി പുഴയില്‍ കഴിഞ്ഞ 22നു മുങ്ങിമരിച്ച സഹോദരങ്ങളായ സിജോയുടെയും ജിത്തുവിന്റെയും സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം ശ്രീമൂലനഗരം രാജഗിരി ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍ നടത്തി. വ്യാഴാഴ്ച രാവിലെയാണു മാതാവ് ജിന്‍സി കുവൈറ്റില്‍നിന്നു നാട്ടിലെത്തിയത്. മക്കളുടെ മരണ വിവരം അന്നുതന്നെ അറിഞ്ഞിരുന്നെങ്കിലും ഒരു വര്‍ഷം മുന്‍പ് സ്‌പോണ്‍സര്‍ഷിപ് മാറിയതിനെത്തുടര്‍ന്നു നിയമക്കുരുക്കില്‍പ്പെട്ട ജാന്‍സിക്ക് ഉടന്‍ നാട്ടിലേക്കു പുറപ്പെടാന്‍ സാധിച്ചില്ല.

മരണം സംഭവിച്ച് ഒന്‍പതാം ദിനത്തില്‍ രാവിലെ ഒന്‍പതോടെയാണു ജിന്‍സി നെടുമ്പാശേരിയിലെത്തിയത്. പന്ത്രണ്ടോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ അങ്കമാലി എല്‍എഫ് ആശുപത്രി മോര്‍ച്ചറിയില്‍നിന്നു കൈപ്ര ഷാപ്പുകവലയിലുള്ള വീട്ടിലെത്തിച്ചു. നാട്ടുകാരും സഹൃത്തുക്കളുമുള്‍പ്പെടെ വലിയൊരു ജനാവലി അന്ത്യോപചാരമര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു. കോളജില്‍നിന്നു സിജോയുടെ സഹപാഠികള്‍ യൂണിഫോമില്‍ കൂട്ടമായി കൂട്ടുകാരനെ അവസാനമായി കാണാനെത്തിയപ്പോള്‍ കണ്ടുനിന്നവരും വിതുമ്പി.

മുന്നോടെ സംസ്‌കാര ശുശ്രൂഷകള്‍ തുടങ്ങി. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ജോസ് തെറ്റയില്‍, സിപിഎം ജില്ലാ സെക്രട്ടറി ദിനേശ്മണി എന്നിവര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും വൈദികരും സമൂഹത്തിലെ നാനാതുറകളില്‍നിന്നുള്ള നിരവധിപേരും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. രാജഗിരി പള്ളി സെമിത്തേരിയില്‍ അടുത്തടുത്ത രണ്ടു കല്ലറകളിലായാണു സഹോദരങ്ങളെ സംസ്‌കരിച്ചത്.

ഇടുക്കി സ്വദേശിയായ ഇവരുടെ പിതാവ് ജോസഫ് ചൊവ്വര സ്വദേശി ജിന്‍സിയെ വിവാഹം കഴിച്ചതുമുതല്‍ ശ്രീമൂലനഗരം പ്രദേശത്തു വിവിധ വാടക വീടുകളിലായാണു മാറിമാറി താമസിച്ചിരുന്നത്. മരംവെട്ടുകാരനായ ഭര്‍ത്താവിന്റെ ചെറിയ വരുമാനംകൊണ്ടു കുടുംബം പുലര്‍ത്താന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണു നാലു വര്‍ഷം മുമ്പു വിദേശത്തു ജോലി തേടാന്‍ ജിന്‍സിയെ പ്രേരിപ്പിച്ചത്.
(കടപ്പാട്: ദീപിക)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.