Latest News

അഖിലേന്ത്യാതലത്തില്‍ യഥാര്‍ഥ വിപ്ലവപ്രസ്ഥാനം ഉടന്‍: മംഗത്ത്‌റാം പസല


വടകര: അഖിലേന്ത്യാതലത്തില്‍ ഉടന്‍ തന്നെ യഥാര്‍ഥ വിപ്ലവപ്രസ്ഥാനം നിലവില്‍ വരുമെന്ന് സി.പി.എം പഞ്ചാബ് മുന്‍സംസ്ഥാനസെക്രട്ടറി മംഗത്ത്‌റാം പസല പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്റെ ഒന്നാം രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി ഓര്‍ക്കാട്ടേരി ചന്തമൈതാനിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യഥാര്‍ഥ ഇടതുപക്ഷബദലാണ് ഇന്ന് രാജ്യത്തിന് ആവശ്യം. ആ ഒരു ലക്ഷ്യംവെച്ചുകൊണ്ടുള്ള ഒരു പ്രവര്‍ത്തനമാണ് ഇന്ന് കേരളത്തില്‍ റവലൂഷണറി പാര്‍ട്ടിയും പഞ്ചാബില്‍ 'സി.പി.എം പഞ്ചാബ്' പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്നത്. ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടക്കുന്നു. ആഗസ്ത് മാസത്തോടെ ഇന്ത്യയില്‍ പുതിയ റവലൂഷണറി പാര്‍ട്ടി രൂപവത്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടാനുള്ള ബദലായി പുതിയ സംഘടന മാറും-അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ രൂക്ഷമായ ക്ഷാമത്തിലേക്കും പട്ടിണിയിലേക്കും അഴിമതിയിലേക്കും തള്ളിവിട്ട യു.പി.എയ്ക്ക് ബദലായി ചില മാധ്യമകുത്തകകള്‍ എഴുന്നള്ളിച്ച് കാട്ടുന്നത് നരേന്ദ്രമോഡിയെയും എന്‍.ഡി.യെയുമാണ്. എന്നാല്‍ നരേന്ദ്രമോഡിയുടെ യഥാര്‍ഥമുഖം എന്തെന്ന് ഗുജറാത്ത് കലാപം തെളിയിച്ചതാണ്. അതുകൊണ്ട് ഈ രാജ്യത്തിന് ആവശ്യം യഥാര്‍ഥ വിപ്ലവപ്രസ്ഥാനത്തെയാണ് -മംഗത്ത്‌റാം പസല പറഞ്ഞു.

ഇന്നത്തെ സി.പി.എം. ജനങ്ങള്‍ക്കുവേണ്ടി പോരാടുന്നു എന്ന് പറയുമ്പോള്‍ത്തന്നെ ബൂര്‍ഷ്വാവര്‍ഗവുമായി ഒത്തുതീര്‍പ്പിലെത്തുന്നതും കാണുന്നുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ ഭഗത്‌സിങ്ങിനെപ്പോലെ എന്നും വിപ്ലവയുവത്വമായി നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുളങ്ങര ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ടി.പി.യുടെ വീട്ടുമുറ്റത്തെ സ്മൃതികുടീരത്തില്‍ സ്ഥാപിച്ച പ്രതിമ തീര്‍ത്ത ശില്‍പ്പികളായ സതീഷ്ബാബു, ഭാര്യ ഷെറിന്‍ സതീഷ്, സ്മൃതികുടീരം രൂപകല്പനചെയ്ത മധു മടപ്പള്ളി, മുരളി ഏറാമല, എന്‍ജിനീയര്‍ സുരേഷ്ബാബു എന്നിവര്‍ക്ക് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ജയരാജന്‍ ഉപഹാരം നല്‍കി. ഡോ. പി.ഗീത രചിച്ച കുലംകുത്തി എന്ന കവിതാസമാഹാരം മംഗത്ത്‌റാം പസല കെ.കെ. രമയ്ക്ക് നല്‍കി പ്രകാശനംചെയ്തു. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ഡല്‍ഹി ലെഫ്റ്റ് കളക്ടീവ് ഭാരവാഹി പ്രസന്‍ജിത്ത് ബോസ്, രാജേന്ദ്ര പരംജിത്ത് പൈ (മഹാരാഷ്ട്ര), സഞ്ജയ്‌റാവത്ത്, എന്‍.ജി.ഒ. യൂണിയന്‍ മുന്‍കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.പി. മോഹനന്‍, കെ.സി. ഉമേഷ്ബാബു, കെ.എസ്. ഹരിഹരന്‍, ഡോ. പി.ഗീത, കെ.കെ. മാധവന്‍, എന്‍. കുഞ്ഞിക്കണാരന്‍, വി.പി. വാസുദേവന്‍, എന്‍.വേണു, ഇ.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.