Latest News

പെറ്റമ്മ ശപിച്ചില്ലായിരുന്നെങ്കില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ ആകുമായിരുന്നു: നടന്‍ ഇന്ദ്രന്‍സ്‌


കാഞ്ഞങ്ങാട്: ഗുരുത്വംകെട്ടു. കുരുത്തക്കേട് കൂടി. ഇതെല്ലാം കണ്ട് സഹികെട്ട് സ്വസ്ഥത നഷ്ടപ്പെട്ട പെറ്റമ്മ പൂജാമുറിയില്‍ നിലവിളക്കിന് മുമ്പിലിരുന്ന് ശപിച്ചു. ആ ശാപമില്ലായിരുന്നെങ്കില്‍ ഞാനൊരു മോഹന്‍ലാലോ മമ്മൂട്ടിയോ ആകുമായിരുന്നു- ഈ കമന്റ് പ്രശസ്ത സിനിമാതാരം ഇന്ദ്രന്‍സിന്റേത്.

സിനിമയില്‍ ഞാനിപ്പോഴും ബാലനടന്‍ മാത്രമാണ്. രണ്ടിഞ്ച് നീളം കൂടിയെന്ന് മാത്രം. ഒരുപാട് ചീത്തപ്പേരുണ്ടാക്കി. അങ്ങിനെ പേര് ദോഷമുള്ള എനിക്ക് സിനിമയില്‍ ഒരുപാട് ചീത്തപ്പേരുണ്ടായി. കൊടക്കമ്പി, കുളക്കോഴി, കൊക്ക് അങ്ങിനെ കുറേ പേര്- ഇന്ദ്രന്‍സ് ഇത്രയും പറഞ്ഞപ്പോള്‍ സദസ്സ് ഊറി ഊറിച്ചിരിച്ചു.

മാവുങ്കാലിനടുത്ത് കാട്ടുകുളങ്ങരയിലെ പ്രഭാത് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുപ്പതാം വാര്‍ഷികാഘോഷവും ജവഹര്‍ ബാലജന വേദിയുടെ നാലാം വാര്‍ഷികവും ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്.

ഷാറൂഖാനെയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ ആകാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ശരീര ഭംഗി അതിന് അനുവദിക്കുന്നില്ല. ന്യൂജനറേഷന്‍ സിനിമകള്‍ വളരുകയാണ്. പിടിച്ചു നില്‍ക്കാന്‍ മസില്‍ പിടിച്ച് നില്‍ക്കുക തന്നെ വേണം. സ്വപ്‌നം കണ്ട സിനിമ ലോകത്ത് യാദൃശ്ചികമായാണ് കടന്ന് പോയത്. എല്ലാ കാര്യത്തിലും ശുഷ്‌കാന്തി കാട്ടിയാല്‍ കുട്ടികള്‍ക്ക് ഉയരങ്ങള്‍ കീഴടക്കാനാകുമെന്ന് ചില നാടന്‍ തമാശകള്‍ നിരത്തിക്കൊണ്ട് ഇന്ദ്രന്‍സ് പറഞ്ഞു.

ഗ്രാമങ്ങളുടെ ശുദ്ധമായ പ്രതിഛായകളാണ് സാംസ്‌കാരിക- സാഹിത്യ-കായിക സംഘടനകളെന്നും നല്ലമനസ്സിന്റെ ഉടമകള്‍ ആകാന്‍ അതുവഴി കഴിയുമെന്നും കുട്ടികള്‍ ഗുരുത്വമുള്ളവരാകണമെന്നും കൊടിയുടെയോ മതചിന്തകളുടെയോ സ്വാധീനം നോക്കാതെ പരസ്പരം സ്‌നേഹിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ആഘോഷ പരിപാടികള്‍ ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. എക്കാല്‍ കുഞ്ഞിരാമന്‍ അധ്യക്ഷനായിരുന്നു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചര്‍, അഡ്വ. ടി സെ സുധാകരന്‍, പഞ്ചായത്ത് മെമ്പര്‍മാരായ പി കെ കാര്‍ത്ത്യായനി, എച്ച് ആര്‍ ചഞ്ചലാക്ഷി, സി ബാലകൃഷ്ണന്‍ പെരിയ തച്ചങ്ങാട് ബാലകൃഷ്ണന്‍, ബഷീര്‍ ആറങ്ങാടി, ബി പി പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പി വി ബാലകൃഷ്ണന്‍ സ്വാഗതവും കെ വി ദിനേശന്‍ നന്ദിയും പറഞ്ഞു. തൈക്കോന്‍ഡോ മത്സരങ്ങളില്‍ പ്രശസ്ത നേട്ടം കൈവരിച്ച താരങ്ങള്‍ക്ക് ചടങ്ങില്‍ ഉപഹാരം വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.