Latest News

രണ്ടാം ജന്മത്തിന്‍െറ ഓര്‍മകളില്‍ മായിന്‍കുട്ടി

ഷാര്‍ജ: മംഗലാപുരം വിമാന ദുരന്തത്തിന് മൂന്ന് വയസ്സ് തികയുമ്പോള്‍ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട മായിന്‍കുട്ടി യുടെ ഓര്‍മകള്‍ക്കിന്നും കണ്ണീരിന്‍െറ നനവ്. കാതുകളില്‍ നൂറുകണക്കിനാളുകളുടെ പ്രാണന് വേണ്ടിയുള്ള നിലവിളിയും. ഉമ്മുല്‍ഖുവൈനിലെ ഫോക്കസ് റിയല്‍ എസ്റ്റേറ്റ് എന്ന സ്ഥാപനത്തില്‍ ജോലി തുടരുന്ന മായിന്‍കുട്ടി അന്നത്തെ ഭീതിജനകമായ ദുരന്താനുഭവം ഒരിക്കല്‍ കൂടി ഓര്‍ത്തെടുത്തു.

160ഓളം പേരുമായി 2010 മേയ് 21ന് രാത്രി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മംഗലാപുരത്തേക്ക് തിരിച്ച എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം പുലര്‍ച്ചെ ഒരുമണിയോടെ ലാന്‍ഡിങിനൊരുങ്ങുകയായിരുന്നു. സീറ്റ്ബെല്‍റ്റ് മുറുക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നവര്‍, നിര്‍ദേശങ്ങള്‍ നല്‍കി ഓടിനടക്കുന്ന എയര്‍ഹോസ്റ്റസുമാര്‍... നിലം തൊട്ട വിമാനത്തിന് പെട്ടെന്നൊരു ചാഞ്ചാട്ടം. എന്തൊക്കെയോ ഇടിച്ച് തെറിപ്പിക്കുന്ന ശബ്ദം. വിമാനത്തിനകത്ത് നിമിഷങ്ങള്‍ക്കകം വ്യാപിച്ച തീഗോളങ്ങള്‍. തീപിടിച്ച ദേഹത്തോടെ പാഞ്ഞുനടക്കുന്ന മനുഷ്യര്‍. മക്കളുടെ, പ്രിയതമയുടെ, രക്ഷിതാക്കളുടെ പേരു വിളിച്ച് കരയുകയാണ് എല്ലാവരും. തീ തന്നെയും വിഴുങ്ങാന്‍ വരുകയാണെന്ന് കണ്ണൂര്‍ കറുമാത്തൂര്‍ കെ.പി മായിന്‍കുട്ടിക്ക് തോന്നി. രക്ഷപ്പെടാന്‍ എന്തെങ്കിലും വഴി പടച്ചവന്‍ കാണിച്ച് തരുമെന്ന് ആരോ പറയുന്നത് പോലെ. പെട്ടെന്ന് കണ്ണിലേക്ക് ഒരു വെളിച്ചം കടന്നുവന്നു. സീറ്റ്ബെല്‍റ്റ് വലിച്ചൂരി വെളിച്ചം കണ്ട ഭാഗത്തേക്ക് കുതിച്ചു. ഒറ്റച്ചാട്ടം. ചെന്ന് വീണത് കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞ ഭാഗത്ത്. ദേഹത്തിനൊട്ടും വേദനിച്ചില്ല.
മരണത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടി വരുന്നവനെന്ത് മുള്ളുവേദന. 
കാടിന് സമീപത്ത് കൂടി കടന്ന് പോകുന്ന റെയില്‍വേ ട്രാക്കിനടുത്താണ് വീണത്. അവിടെ നിന്ന് എഴുന്നേറ്റ് ഓടാന്‍ തുടങ്ങി. പുറകില്‍ നിന്ന് കരച്ചിലും അട്ടഹാസങ്ങളും വാഹനങ്ങളുടെ ഇരമ്പലും ആംബുലന്‍സുകളുടെ സൈറണും മുഴങ്ങുന്നുണ്ട്. കത്തുന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടി വരുന്നവനെ സഹായിക്കാന്‍ നിരവധിയാളുകള്‍. അവരില്‍ നിന്ന് മൊബൈല്‍ വാങ്ങി ഭാര്യയെ വിളിച്ച് സമാധാനിപ്പിച്ചു. വിളിക്കാന്‍ വന്ന ടാക്സിക്കാരനോട് മടങ്ങിപ്പോകാന്‍ പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. 

മായിന്‍കുട്ടി
ആശുപത്രിയില്‍ കിടക്കുമ്പോള്‍ മനസ്സ് നിറച്ചും തീപിടിച്ച മനുഷ്യരുടെ പ്രാണന് വേണ്ടിയുള്ള നിലവിളിയായിരുന്നെന്ന് മായിന്‍കുട്ടി. തന്നോടൊപ്പം അന്ന് രക്ഷപ്പെട്ടത് എട്ടാളുകള്‍. കാസര്‍കോട് ഉദുമ സ്വദേശി കൃഷ്ണനായിരുന്നു രക്ഷപ്പെട്ട രണ്ടാമത്തെ മലയാളി.

30 കൊല്ലത്തെ പ്രവാസ ജീവിതത്തിനിടയില്‍ മരണം രണ്ടുതവണ മായിന്‍കുട്ടിയുടെ അരികില്‍ വന്ന് തിരിച്ചുപോയി. 13 വര്‍ഷം മുമ്പ് സൗദിയിലെ വിജനമായ പ്രദേശത്തുകൂടി വാഹനം ഓടിച്ച് പോകുമ്പോഴായിരുന്നു ആദ്യ അപകടം.120 കിലോ മീറ്റര്‍ വേഗത്തില്‍ പായുന്ന വാനിന്‍െറ മുന്‍ ചക്രം പൊട്ടുകയായിരുന്നു. മറിയാന്‍ പോയ വാഹനത്തെ നിയന്ത്രിച്ച് നിര്‍ത്തി മായിന്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചുനടന്നു.

വിമാന ദുരന്ത യാത്രയില്‍ മായിന്‍കുട്ടിയുടെ കൈവശം ഒരു സമ്മാനമുണ്ടായിരുന്നു. വിവാഹത്തിന്‍െറ രജത ജൂബിലിക്ക് ഭാര്യക്ക് സമ്മാനിക്കാനുള്ളതായിരുന്നു അത്. അഗ്നിഗോളങ്ങള്‍ തട്ടിയെടുത്ത സാധനങ്ങളില്‍ അതുമുണ്ടായിരുന്നു. ആശുപത്രി വിട്ട് വീട്ടിലെത്തിയ ഭര്‍ത്താവിനോട് ഭാര്യ ബീപാത്തി ചോദിച്ചു. എന്തായിരുന്നു ആ സമ്മാനം? മായന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ജീവിതത്തിലേക്ക് തിരിച്ചുവന്ന ഞാന്‍ തന്നെയാണ് നിനക്കായി പടച്ചവന്‍ തന്ന വിലകൂടിയ സമ്മാനം. ഈ ഉത്തരം ബീപാത്തിക്ക് നന്നായി ബോധിച്ചു. അതില്‍ പിന്നെ സമ്മാനത്തെക്കുറിച്ച് ഭാര്യ ചോദിക്കാറില്ലെന്ന് മായിന്‍കുട്ടി പറഞ്ഞു.


മനസ്സില്‍ നിന്ന് ഇപ്പോഴും ദുരന്ത ചിത്രങ്ങള്‍ മാഞ്ഞിട്ടില്ലെന്ന് മായിന്‍കുട്ടി പറയുന്നു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ക്കിടയില്‍ ഉറ്റവരെ തിരഞ്ഞ് തളര്‍ന്ന് കണ്ണീര്‍ തളം കെട്ടിയ കണ്ണുകള്‍. കൂട്ടുകാരെ വിളിച്ച് ഏത് വസ്ത്രമാണ് തന്‍െറ മകന്‍ ഇട്ടിരുന്നതെന്ന് തിരക്കുന്ന രക്ഷിതാക്കള്‍, ഭാര്യമാര്‍, മക്കള്‍... എന്നാല്‍ എയര്‍ ഇന്ത്യക്ക് അതൊന്നും കാണാന്‍ നേരമില്ലായിരുന്നു. തങ്ങളുടെ അഭിഭാഷകനായ നാനാവതിയെ ഉപയോഗിച്ച് അപകടത്തില്‍പെട്ടവരുടെ ബന്ധുമിത്രാധികളെ പരമാവധി വേദനിപ്പിക്കാനാണ് എയര്‍ ഇന്ത്യ ശ്രമിച്ചതെന്ന് മായന്‍കുട്ടി രോഷം കൊള്ളുന്നു.

വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുമെന്നാണ് അന്നത്തെ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞത്. ഇതുവരെ അത് ലഭിച്ചിട്ടില്ല. പലരും ഇപ്പോഴും കേസിന്‍െറ പുറകിലാണ്. അപകടത്തില്‍ ഒപ്പം രക്ഷപ്പെട്ട കൃഷ്ണനിപ്പോള്‍ സന്ദര്‍ശക വിസയിലെത്തി ഖത്തറില്‍ ജോലി തേടി അലയുകയാണ്. അപകടത്തില്‍പെട്ടവര്‍ക്ക് ഇന്ത്യയില്‍ ജോലി നല്‍കാമെന്ന എയര്‍ ഇന്ത്യയുടെ വാഗ്ദാനം വിശ്വസിച്ചാണ് കൃഷ്ണന്‍ നാട്ടില്‍ പിടിച്ചുനിന്നത്. ജോലിയും നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. നഷ്ടപരിഹാരത്തിനായി കേരള ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് കൃഷ്ണനും മായന്‍കുട്ടിയും. പുതിയ വ്യോമയാന വകുപ്പ് മന്ത്രിയിലാണിപ്പോള്‍ പ്രതീക്ഷ.

അധികാരികള്‍ക്ക് മുന്നില്‍ ഒരിക്കലും തല കുനിക്കില്ലെന്ന് പ്രഖ്യാപിച്ച് വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളും രക്ഷപ്പെട്ടവരും ചേര്‍ന്ന് രൂപവത്കരിച്ച കമ്മിറ്റി സജീവമാണിന്നും. ഏതറ്റം വരെയും പോകാന്‍ തയാറാണിവര്‍.

Related News:
മംഗലാപുരം വിമാനദുരന്തം: നഷ്ടപരിഹാരത്തിനായി സലാം ഇപ്പോഴും കോടതി കയറിയിറങ്ങുന്നു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.