Latest News

മലയാളം ഇനി ശ്രേഷ്ഠ ഭാഷ

തിരുവനന്തപുരം: മലയാളത്തിന് ശ്രേഷ്ഠാഭാഷാ പദവി നല്‍കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. മലയാളത്തിന് ശ്രേഷ്ഠാഭാഷാ പദവി നല്‍കണമെന്നു സാംസ്‌കാരിക മന്ത്രാലയം ശിപാര്‍ശ ചെയ്തിരുന്നു. ഈ ശിപാര്‍ശയാണ് മന്ത്രിസഭ അംഗീകരിച്ചത്.

ഇതോടെ ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഇന്ത്യയിലെ അഞ്ചാമത്തെ ഭാഷയായിരിക്കുകയാണ് മലയാളം. പുതിയ പദവി ലഭിച്ചതോടെ ഭാഷയുടെ പരിപോഷണത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് നൂറു കോടി രൂപയുടെ സഹായം സംസ്ഥാനത്തിന് ലഭിക്കും.

മലയാളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കെല്ലാം ഇതിനകം ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിരുന്നു. 2004 -ല്‍ തമിഴിനും 2008 -ല്‍ കന്നഡയ്ക്കും തെലുങ്കിനും ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിരുന്നു. 2005ല്‍ സംസ്‌കൃതത്തിനും ഈ പദവി നല്‍കി.

മലയാള ഭാഷയുടെ 1500 വര്‍ഷത്തെ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്ത് കേന്ദ്രസാഹിത്യ അക്കാഡമിയുടെ ഉപസമിതി കഴിഞ്ഞ ഡിസംബറില്‍ ശ്രേഷ്ഠഭാഷാ പദവി മലയാളത്തിനും നല്‍കാമെന്ന ശിപാര്‍ശ കേന്ദ്ര സാംസ്‌കാരികമന്ത്രാലയത്തിന് നല്‍കിയത്. ഇത് സാംസ്‌കാരിക മന്ത്രാലയം അംഗീകരിച്ച് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

നൂറുകോടി രൂപ ധനസഹായത്തിനുപുറമേ ഭാഷാപഠനത്തിനായി യു.ജി.സി പ്രത്യേക കേന്ദ്രം രൂപവത്കരിക്കുകയും ചെയ്യും. കേന്ദ്രം അനുവദിക്കുന്ന പണമുപയോഗിച്ച് നടപ്പാക്കേണ്ട പരിപാടികളെക്കുറിച്ച് ശിപാര്‍ശ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ അധ്യക്ഷനായ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതി വിശദമായ രൂപരേഖ സര്‍ക്കാരിന് നല്‍കിയിരുന്നു. തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കേന്ദ്രം നല്‍കുന്ന തുക ഉപയോഗിച്ച് ഭാഷാ പരിപോഷണ പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രത്യേക ഇന്‍സ്റ്റ്യൂട്ടുകള്‍ രൂപീകരിച്ചിരുന്നു. അതേ മാതൃക പിന്തുടര്‍ന്ന് പഠനകേന്ദ്രം രൂപവത്കരിക്കാനാണ് കേരള സര്‍ക്കാരും ആലോചിക്കുന്നത്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.