Latest News

ജയിലില്‍ മര്‍ദ്ദനമേറ്റ പാക് തടവുകാരന്‍ സനാവുള്ള മരിച്ചു

ചണ്ഡീഗഢ്: ജമ്മു ജയിലില്‍ ഇന്ത്യന്‍ തടവുകാരന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ചികിത്സയില്‍ കഴിയുകയായിരുന്ന പാക് തടവുകാരന്‍ സനാവുള്ള രഞ്ജായി (52) മരിച്ചു. രാവിലെ 6.30 ഓടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു.

പാകിസ്താനില്‍ ലാഹോറിലെ ലഖ്പത് ജയിലില്‍ സഹതടവുകാരുടെ മര്‍ദനത്തിനിരയായി ഇന്ത്യക്കാരനായ സരബ് ജിത്ത് സിങ് മരിച്ചതിന് പിന്നാലെയാണ്, ഇന്ത്യന്‍ ജയിലില്‍ പാക് തടവുകാരന്‍ മര്‍ദ്ദനമേറ്റ് മരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാന്‍ ഈ സംഭവങ്ങള്‍ ഇടയാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആര്‍. ആസ്പത്രിയില്‍ അബോധാവസ്ഥയില്‍ പ്രവേശിക്കപ്പെട്ട സനാവുള്ളയ്ക്ക് ബോധം തിരിച്ചുകിട്ടിയിരുന്നില്ല. സനാവുള്ളയുടെ മരണം സംബന്ധിച്ച് നിഷ്പക്ഷമായ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടു.

സനാവുള്ളയുടെ മൃതദേഹം മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. അതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമോ എന്നത് വ്യക്തമല്ല. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.

ജമ്മുവിലെ കോട് ബല്‍വാല്‍ ജയിലില്‍ നിന്നാണ് സനാവുള്ളയ്ക്ക് മര്‍ദ്ദനമേറ്റത്. പാക് ജയലില്‍ ഇന്ത്യന്‍ തടവുകാരന്‍ സരബ് ജിത്ത് സിങ് മര്‍ദ്ദനമേറ്റ് മരിച്ചതിന് പ്രതികാരമായാണ് സനാവുള്ളയ്ക്ക് മര്‍ദ്ദനമേറ്റത്. ഇഷ്ടിക ഉപയോഗിച്ചായിരുന്നു അക്രമണം. മെയ് മൂന്നിന് അദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചു. അതിന് ശേഷമാണ് പി.ജി.ഐ.എം.ഇ.ആര്‍ ആസ്പത്രിയിലേക്ക് മാറ്റിയത്.

സനാവുള്ളയുടെ ആരോഗ്യം ബുധനാഴ്ച്ച വീണ്ടും മോശമായിരുന്നു. മഞ്ഞപിത്തം ബാധിച്ച അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അസ്ഥിരമായി തുടരുകയായിരുന്നു. തലയോട്ടിയില്‍ പൊട്ടലുകളുള്ളതായും സ്ഥിരീകരിച്ചിരുന്നു.

തിങ്കളാഴ്ച്ച പാകിസ്താന്‍ ഹൈക്കമ്മീഷണറും ബുധനാഴ്ച്ച് രണ്ട് കുടുംബാംഗങ്ങളും സനാവുള്ളയെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. സനാവുള്ളയുടെ അളിയന്‍ മുഹമ്മദ് സെഹ്‌സാദും അനന്തരവന്‍ മുഹമ്മദ് ആസിഫുമാണ് ചൊവ്വാഴ്ച വാഗാഅട്ടാരി അതിര്‍ത്തിവഴി എത്തിയത്. സനാവുള്ളയെ മോചിപ്പിക്കണമെന്നും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 1999 ല്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സനാവുള്ളയെ മോചിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.