Latest News

സ്ലാബില്ലാതെ തുറന്നുകിടന്ന ഓടയില്‍ വീണ് വീട്ടമ്മ മരിച്ചു

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനു സമീപം പി.വി.എസ്. ആസ്​പത്രിക്കരികില്‍ സ്ലാബില്ലാതെ തുറന്നുകിടന്ന ഓടയില്‍ വീണ് വീട്ടമ്മ മരിച്ചു. കിണാശ്ശേരി യത്തീംഖാനയ്ക്കു സമീപം മനാല്‍ഹൗസില്‍ ആയിഷബി(60)യാണ് മരിച്ചത്. 

രണ്ടരമണിക്കൂര്‍ നീണ്ട തിരച്ചിലിനുശേഷം അരക്കിലോമീറ്റര്‍ അകലെ റെയിലിന് പടിഞ്ഞാറുവശത്തെ ഓടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മകന്റെ ഭാര്യ സുഹറയോടൊപ്പം ഫ്രാന്‍സിസ് റോഡിലെ ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ ബന്ധുവിന്റെ വിവാഹത്തിന് പോകുമ്പോഴായിരുന്നു അപകടം. വൈകുന്നേരം ഏഴുമണിയോടെ നഗരത്തില്‍ ശക്തമായി മഴപെയ്തിരുന്നു. ഈസമയം കിണാശ്ശേരിയില്‍നിന്നുള്ള ബസ്സിന് ഇവര്‍ വിവാഹത്തിന് പോകാനായി തിരിച്ചു.

ബസ് ഫ്രാന്‍സിസ് റോഡില്‍ എത്തിയപ്പോള്‍ നിരത്തില്‍ വെള്ളം നിറഞ്ഞൊഴുകിയതു കാരണം വാഹനങ്ങള്‍ തിരിച്ചുവിട്ടിരുന്നു. ഇതുകാരണം ബസ് ഫ്രാന്‍സിസ് റോഡില്‍നിന്ന് കല്ലായ് റോഡ് വഴി ദിശമാറ്റി. തുടര്‍ന്ന് ജയലക്ഷ്മി ടെക്സ്റ്റയില്‍സിനു മുന്നില്‍ ആയിഷബിയും സുഹറയും ബസ്സിറങ്ങി റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് നടന്നു. പി.വി.എസ്. ആസ്​പത്രിക്കും കാലിക്കറ്റ് ഹെറിറ്റേജ് ഹോട്ടലിനും ഇടയിലായി റോഡരികില്‍ ഓടയ്ക്ക് നാല് സ്ലാബുകള്‍ ഉണ്ടായിരുന്നില്ല. മഴവെള്ളം നിറഞ്ഞൊഴുകിയതിനാല്‍ ഓട കാണാതെ ആയിഷബി ഓടയിലേക്ക് വീണു.

സുഹറ ഒച്ചവെച്ചതുകേട്ട് സമീപമുള്ളവര്‍ ഓടിക്കൂടി. ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. 7.45- ഓടെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും രണ്ടരമണിക്കൂര്‍നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ ഒമ്പതുമണിയോടെ ഓടയിലിറങ്ങി തിരച്ചില്‍ നടത്തിയ നൈനാന്‍വളപ്പ് മുഖദാര്‍ സ്വദേശി ഷിയാബ് ആയിഷാബിയുടെ കുട കണ്ടെത്തി.
മതിയായ ഉപകരണങ്ങളോ വേണ്ട ക്രമീകരണങ്ങളോ ഇല്ലാതിരുന്നതിനാല്‍ തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം വേണ്ടത്ര ഫലപ്രദമായില്ല. പിന്നീട് മഴ പൂര്‍ണമായി തോര്‍ന്ന് ഓടയില്‍ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചപ്പോള്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായത്.
രാത്രി പത്തുമണിയോടെ കണ്ടെത്തിയ മൃതദേഹം മെഡിക്കല്‍കോളേജ് ആസ്​പത്രിയിലേക്ക് കൊണ്ടുപോയി.
പരേതനായ മമ്മത്‌കോയയാണ് ആയിഷബിയുടെ ഭര്‍ത്താവ്. മക്കള്‍: മജീദ് (ജിദ്ദ), സാബിദ, സൗദ. മരുമക്കള്‍: ബഷീര്‍, ജലീല്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.