Latest News

കുഡ്‌ലു ബാങ്ക് കവര്‍ച്ചക്കാര്‍ കാഞ്ഞങ്ങാട്ടെ ബാങ്ക് കൊള്ളയടിക്കാന്‍ നീക്കം നടത്തി

കാഞ്ഞങ്ങാട്:[www.malabarflash.com] കുഡ്‌ലു സഹകരണ ബാങ്കില്‍ വനിതാ ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി പട്ടാപ്പകല്‍ കൊള്ള നടത്തി 21 കിലോ സ്വര്‍ണ്ണ വും 13 ലക്ഷവും തട്ടിയെടുത്ത സംഘം കുഡ്‌ലു കവര്‍ച്ചക്ക് രണ്ട് ദിവസം മുമ്പ് കാഞ്ഞങ്ങാട്ടെ ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു.

കുഡ്‌ലു ബാങ്ക് കവര്‍ച്ച നടന്നത് ഇക്കഴിഞ്ഞ സെപ്തംബര്‍ 7ന് തിങ്കളാഴ്ചയാണ്. ഇതിന് രണ്ട് ദിവസം മുമ്പ് സെപ്തംബര്‍ 4ന് വെള്ളിയാഴ്ച വൈകീട്ട് 4.05നും 4.10നും ഇടയില്‍ ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കിന്റെ കൂളിയങ്കാല്‍ ദേശീയ പാതക്കരികില്‍ പ്രവര്‍ത്തിക്കുന്ന ആറങ്ങാടി ശാഖയില്‍ കൊള്ള നടത്താനുള്ള രണ്ടംഗ സംഘത്തിന്റെ ശ്രമം പാളുകയും ചെയ്തു. 

ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് അക്കൗണ്ടന്റ് വെള്ളിക്കോത്തെ കെ വി അനിതയുടെയും ജൂനിയര്‍ ക്ലാര്‍ക്ക് പുല്ലൂര്‍ സ്വദേശി നാരായണന്റെയും സന്ദര്‍ഭോചിതമായ ഇടപെടലാണ് ബാങ്കിലെത്തിയ കൊള്ള സംഘത്തിലെ യുവാവിനെ പിന്തിപ്പിരിച്ചത്. 

സെപ്തംബര്‍ 4ന് വെള്ളിയാഴ്ച വൈകിട്ട് 4.05നും 4.10നും ഇടയില്‍ ജീന്‍സ് പാന്റും മങ്കിക്യാപ്പടങ്ങുന്ന ടീ ഷര്‍ട്ടും ധരിച്ചെത്തിയ യുവാവ് ജൂനിയര്‍ ക്ലാര്‍ക്ക് നാരായണനോട് നാളെ സെപ്തംബര്‍ 5 ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ബാങ്ക് പ്രവര്‍ത്തിക്കുമോ എന്ന് ആരാഞ്ഞു.

യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാരായണന്‍ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ താന്‍ പടന്നക്കാട്ടുള്ള സഹേദരന്റെ ബാങ്ക് നിക്ഷേപം പിന്‍വലിക്കാനെത്തിയതാണെന്ന് അറിയിച്ചു. പടന്നക്കാട് സ്വദേശിക്ക് കൂളിയങ്കാല്‍ ശാഖയില്‍ അക്കൗണ്ട് ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് സംശയിച്ച നാരായണന്‍ സഹോദരന്റെ പാസ് ബുക്ക് ആവശ്യപ്പെട്ടു. പേര് ചോദിച്ചപ്പോള്‍ ഹനീഫ എന്നാണ് പറഞ്ഞത്. പിന്നീട് തന്നെ ബാങ്ക് ജീവനക്കാര്‍ സംശയിക്കാന്‍ തുടങ്ങി എന്ന് തിരിച്ചറിഞ്ഞ യുവാവ് ബാങ്ക് ഓഫീസ് ഒട്ടാകെ നിരീക്ഷിച്ച ശേഷം തിടുക്കത്തില്‍ പുറത്തിറങ്ങുകയായിരുന്നു. 

യുവാവിന്റെ ഈ നീക്കത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ കെട്ടിടത്തിന്റെ താഴേക്ക് സി സി ടി വി ക്യാമറ തിരിച്ചു വച്ച് പരിശോധിച്ചപ്പോള്‍ കെട്ടിടത്തിന്റെ താഴെ ബാങ്ക് കെട്ടിട വരാന്തയില്‍ കാത്തിരിക്കുകയായിരുന്ന മറ്റൊരു യുവാവിനോടൊപ്പം തിടുക്കത്തില്‍ റോഡരികിലൂടെ നടന്നു പോവുന്നതാണ് കണ്ടത്. 

ഈ സംഭവത്തിനു ശേഷമാണ് കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കിന്റെ ഏരിയ ശാഖയില്‍ പട്ടാപ്പകല്‍ കോടികളുടെ കവര്‍ച്ച നടന്നത്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതി എന്ന് സംശയിക്കുന്ന ഒരു യുവാവിന്റെ രേഖാ ചിത്രം കാസര്‍കോട് പോലീസ് പുറത്ത് വിട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ആറങ്ങാടി ബാങ്കിലെ ജീവനക്കാര്‍ സെപ്തംബര്‍ 4ന് വൈകിട്ട് ബാങ്കില്‍ എത്തിയ യുവാവിന്റെ സാമ്യമുള്ള രേഖാചിത്രമാണിതെന്ന് ഉറപ്പിക്കുകയായിരുന്നു.
ഈ വിവരം ബാങ്ക് ജീവനക്കാര്‍ ഹെഡ് ഓഫീസില്‍ അറിയിക്കുകയും ചെയ്തു. സ്വര്‍ണ്ണാഭരണവും പണവുമുള്‍പ്പെടെ കോടികളുടെ നിക്ഷേപം ബാങ്ക് ഓഫീസില്‍ ഉണ്ടായിരുന്നു. യുവാവി ബാങ്കില്‍ എത്തുന്ന നേരത്ത് മാനേജര്‍ എച്ച് ആര്‍ പ്രദീപ് കുമാറും അറ്റന്റര്‍ രാജേഷും ബാങ്കിന്റെ ഹൊസ്ദുര്‍ഗിലെ ഹെഡ് ഓഫീസിലേക്ക് പോയിരുന്നു. 

ഹെഡ് അക്കൗണ്ടന്റ് കെ വി അനിതയും ജൂനിയര്‍ ക്ലാര്‍ക്ക് നാരായണനും കാഷ്യര്‍ കാഞ്ഞങ്ങാട് സ്വദേശിനി രജയും അപ്രൈസര്‍ കാഞ്ഞങ്ങാട്ടെ മണിയും മാത്രമാണ് ബാങ്കിലുണ്ടായത്. ബാങ്ക് കെട്ടിടവും ഓഫീസും നിരീക്ഷിച്ചത് പിന്നീട് കൊള്ള നടത്താനുള്ള നീക്കത്തിന് വേണ്ടിയാണെന്ന് സംശയിക്കുന്നു. 

യുവാവിന്റെയും സുഹൃത്തിന്റെയും ദൃശ്യങ്ങള്‍ ബാങ്കിന്റെ സി സി ടി വിയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഈ ദൃശ്യങ്ങള്‍ വൈകാതെ പോലീസിന് കൈമാറും. സംഭവം നടക്കുമ്പോള്‍ സ്വര്‍ണ്ണ ഇടപാടിനായി ഏഴോളം പേര്‍ ബാങ്കിലുണ്ടായിരുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.