Latest News

കാസര്‍കോട്‌ KSRTC ഡിപ്പോയിലേക്ക് ആറു പുതിയ ബസുകള്‍കൂടി എത്തി


കാസര്‍കോട്‌ : കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയിലേക്കു ആറു പുതിയ ബസുകള്‍ കൂടി എത്തി. അതേ സമയം ജീവനക്കാരുടെ അഭാവം ഡിപ്പോയുടെ പ്രവര്‍ത്തനത്തിനു തടസമാകുന്നു. കേരള-കര്‍ണാടക അന്തര്‍ സംസ്ഥാന പാതയിലുള്‍പ്പെടെ മികച്ച സര്‍വീസ് നടത്തി സംസ്ഥാനത്തു തന്നെ ശ്രദ്ധേയമായ ഡിപ്പോയില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തതു വന്‍ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്.

ഇപ്പോള്‍ 96 ഷെഡ്യൂളുകളാണു ഇവിടെ നിന്നും പ്രതിദിനം നടത്തുന്നത്. ഇതിനായി 248 കണ്ടക്ടര്‍മാര്‍ ആവശ്യമാണ്. എന്നാല്‍ 190പേര്‍ മാത്രമാണു നിലവിലുള്ളത്. അവധിയും മറ്റുമായി ജീവനക്കാര്‍ പോകുമ്പോള്‍ സര്‍വീസ് തന്നെ താറുമാറാകുന്ന സ്ഥിതിയാണുള്ളത്. നിലവില്‍ 58 പേരുടെ ഒഴിവാണു ഡിപ്പോയിലുള്ളത്. ഇത്രതന്നെ ഡ്രൈവര്‍മാരുടെ ഒഴിവുമുണ്ട്.
ഡിപ്പോയിലേക്ക് പുതുതായി 17 ഡ്രൈവര്‍മാരെ അനുവദിച്ചതാണു അല്‍്പം ആശ്വാസമായിട്ടുള്ളത്. 80 ഓളം ഡ്രൈവര്‍മാരെക്കൂടി അനുവദിച്ചാല്‍ മാത്രമേ ഡിപ്പോയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുകയുള്ളൂ.

റൂട്ടില്‍ പരിശോധന നടത്താന്‍ ഇന്‍സ്‌പെക്ടര്‍ പോലുമില്ലാത്ത സ്ഥിതിയാണുള്ളത്. കാഞ്ഞങ്ങാട് സബ് ഡിപ്പോ യാഥാര്‍ഥ്യമായതോടെ ഇവിടെ നിന്നും ജീവനക്കാരെ അവിടേയ്ക്കു പുനര്‍വിന്യസിച്ചിരുന്നു. എന്നാല്‍ കാസര്‍കോട്ടേക്ക് പുതുതായി ആരെയും നിയമിച്ചിട്ടില്ല. കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും ദിവസവും 27 ഷെഡ്യൂളുകളാണു നടത്തിവരുന്നത്.
തുടര്‍ച്ചയായി മൂന്നു ദിവസം ജോലി ചെയ്തവര്‍ക്കു പോലും അവധി നല്‍കാനും കഴിയുന്നില്ല. ജീവനക്കാരില്ലാത്തതിനാല്‍ ബാംഗളൂര്‍-മംഗലാപുരം റൂട്ടിലുള്ള സര്‍വീസും അവതാളത്തിലായിട്ടുണ്ട്.

കര്‍ണാടക കെ എസ് ആര്‍ ടി സി പുതുതായി ആറു ബസുകള്‍ കേരളത്തിലേക്കു സര്‍വീസ് നടത്തുന്നതിനു ബദലായാണു ആറു ബസുകള്‍ക്കു സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അനുവദിച്ചിരിക്കുന്നത്. കുന്ദാപുരം, മൂകാംബിക, മടിക്കേരി തുടങ്ങിയ സ്ഥലങ്ങളിലേക്കു പുതുതായി സര്‍വീസുകള്‍ തുടങ്ങാനും ആലോചനകള്‍ നടക്കുന്നുണ്ട്. ആവശ്യത്തിനു ജീവനക്കാരെ നിയമിച്ചാല്‍ മാത്രമേ ഡിപ്പോയുടെ പ്രവര്‍ത്തനം കാര്യക്ഷമായി നടക്കുകയുള്ളൂവെന്നു അധികൃതര്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.