Latest News

കണ്ണൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീജ എട്ടിന് സ്ഥാനമൊഴിയും

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭയിലെ ചെയര്‍പേഴ്‌സന്റെ രാജി സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിനു വിരാമമായി. ഞായറാഴ്ച ഡിസിസി ഓഫീസില്‍ പ്രസിഡന്റ് കെ.സുരേന്ദ്രനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ലീഗ് നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. 

ഇതിന്റെ അടിസ്ഥാനത്തില്‍ ചെയര്‍പേഴ്‌സണ്‍ കാലാവധി രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന എട്ടിനുതന്നെ എം.സി. ശ്രീജ അധ്യക്ഷപദം ഒഴിയും. ഡിസിസി പ്രസിഡന്റിനൊപ്പം കോണ്‍ഗ്രസ് നേതാക്കളായ മാര്‍ട്ടിന്‍ ജോര്‍ജ്, കെ. പ്രമോദ്, ടി.ഒ. മോഹനന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ലീഗിനെ പ്രതിനിധീകരിച്ച് അബ്ദുള്‍ റഹ്മാന്‍ കല്ലായി, വി.പി. വമ്പന്‍, ടി.കെ. നൗഷാദ്, സി. സമീര്‍, പി.കെ. അന്‍ഷത്ത് എന്നിവര്‍ പങ്കെടുത്തു.
വൈസ് ചെയര്‍മാനെ പുതിയ ചെയര്‍പേഴ്‌സണ്‍ ചുമതലയേറ്റ് 15 ദിവസത്തികം തീരുമാനിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസും ലീഗും ഒരു പ്രശ്‌നവുമില്ലെന്നും വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.

നിലവിലെ വൈസ് ചെയര്‍മാന്റെ രാജി കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. രണ്ടുപേരും ഒരേസമയം രാജി വയ്ക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ചെയര്‍പേഴ്‌സണ്‍ രാജിവച്ചാല്‍ നഗരസഭാ ചട്ടം അനുസരിച്ചു വൈസ്‌ചെയര്‍മാനാണു ചെയര്‍പേഴ്‌സന്റെ ചുമതല വഹിക്കേണ്ടത്. ഇരുവരും ഒന്നിച്ചു രാജിവച്ചാല്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരിക്കും ചുമതല.

ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും ഒന്നിച്ചു രാജിവച്ചാല്‍ പുതിയ ചെയര്‍പേഴ്‌സനെ തെരഞ്ഞെടുക്കുന്നതുവരെ നഗരസഭയുടെ വികസന പ്രവര്‍ത്തികള്‍ സ്തംഭനാവസ്ഥയിലാകുമെന്നായിരുന്നു ലീഗിന്റെ വാദം. ഇക്കാര്യങ്ങള്‍ ലീഗ് നേതൃത്വം കെ. സുധാകരന്‍ എംപിയെ ധരിപ്പിച്ചിരുന്നു.

അതേസമയം പുതിയ ചെയര്‍പേഴ്‌സന്റെ കാര്യത്തില്‍ ലീഗിനകത്തു ഇനിയും അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല. വികസന സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ്, കൗണ്‍സിലര്‍ സി. സീനത്ത് എന്നിവരാണ് ലീഗിന്റെ പരിഗണനാ പട്ടികയിലുള്ളവര്‍. റോഷ്‌നി ഖാലിദിനു ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ മറ്റു ചിലര്‍ സീനത്തിനെ അനുകൂലിക്കുന്നുണ്ട്. 

സമവായത്തില്‍ ഒരു തീരുമാനമെടുക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രശ്‌നം അടുത്ത ദിവസം കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാകുന്ന മുറയ്ക്കു വൈസ് ചെയര്‍മാന്‍ സി. സമീര്‍ രാജി വയ്ക്കാനാണ് സാധ്യത. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.