Latest News

ഐ ലീഗ് കിരീടം ചര്‍ച്ചില്‍ ബ്രദേഴ്‌സിന്‌


വാസ്‌കോ: പിരിമുറുക്കത്തിന്റെയും ആശങ്കകളുടെയും നിമിഷങ്ങള്‍ക്കൊടുവില്‍, ഇന്ത്യന്‍ ഫുട്‌ബോളിലെ 'റെഡ് മെഷീന്‍സ്' ചര്‍ച്ചില്‍ ബ്രദേഴ്‌സ് 'ഐ' ലീഗ് കിരീടം സ്വന്തമാക്കി. തിലക് മൈതാനത്ത് നടന്ന മത്സരത്തില്‍ മോഹന്‍ബഗാനെ സമനിലയില്‍ (1-1) കുരുക്കിയാണ് ചര്‍ച്ചില്‍ ആറാം 'ഐ' ലീഗ് സീസണിലെ ജേതാക്കളായത്. 2008-09 സീസണിലെ ജേതാക്കളായ ചര്‍ച്ചിലിന് ഇത് രണ്ടാം 'ഐ' ലീഗ് കിരീടമാണ്.

ആദ്യ പകുതിയില്‍ ഒരുഗോളിന് പിന്നിട്ടുനിന്നശേഷമാണ് സ്വന്തം ആരാധകര്‍ക്കുമുന്നില്‍ ചര്‍ച്ചിലിന്റെ കിരീടധാരണം. 28-ാം മിനിറ്റില്‍ ബഗാന്റെ മലയാളി താരം സി.എസ്. സബീത്ത് നടത്തിയ ഒറ്റയാള്‍ മുന്നേറ്റത്തിലാണ് ബഗാന്‍ മുന്നിലെത്തിയത്. ഗോള്‍ വീണതോടെ നിരാശയിലാണ്ട തിലക് മൈതാനത്ത് ആവേശം തിരിച്ചുകിട്ടാന്‍ 72-ാം മിനിറ്റ്‌വരെ കാത്തിരിക്കേണ്ടിവന്നു. കളം നിറഞ്ഞ് കളിച്ച തൃശ്ശൂര്‍ സ്വദേശി ബിനീഷ് ബാലനാണ് ചര്‍ച്ചിലിന് കിരീടമുറപ്പിച്ച സമനില ഗോളിന് വഴിയൊരുക്കിയത്. വലതുഭാഗത്തുകൂടി മുന്നേറി ബിനീഷ് നല്കിയ ക്രോസ്സില്‍ മികച്ചൊരു ഹെഡ്ഡറിലൂടെ സുനില്‍ ഛേത്രി ചര്‍ച്ചിലിന്റെ സമനില ഗോള്‍ നേടി.

25 മത്സരങ്ങളില്‍ 52 പോയന്റോടെ വ്യക്തമായ മുന്‍തൂക്കം കരസ്ഥമാക്കിയാണ് ചര്‍ച്ചില്‍ കിരീടം കൈപ്പിടിയിലൊതുക്കിയത്. തരംതാഴ്ത്തല്‍ മേഖലയില്‍നിന്ന് രക്ഷപ്പെട്ട ബഗാന് 25 മത്സരങ്ങളില്‍ 26 പോയന്റായി.

ദേശീയ ലീഗില്‍ പ്രഥമ സീസണില്‍ റണ്ണറപ്പുകളായ ചര്‍ച്ചിലിന് രണ്ടുവട്ടംകൂടി ദേശീയ ലീഗില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2008-09 സീസണില്‍ 'ഐ' ലീഗ് രണ്ടാം സീസണില്‍ കിരീടം സ്വന്തമാക്കിയ അവര്‍, 2009, 2011 വര്‍ഷങ്ങളില്‍ ഐ.എഫ്.എ. ഷീല്‍ഡ് കരസ്ഥമാക്കി. 2007, 2009, 2011 വര്‍ഷങ്ങളില്‍ ഡ്യുറന്‍ഡ് കപ്പും നേടി. ഇക്കുറി ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി ചുമതലയേറ്റ സുഭാഷ് ഭൗമിക്കിന്റെ വിജയം കൂടിയാണിത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.