Latest News

ചാറ്റ്‌ബോക്‌സുകളിലൂടെ വൈറസ് പടരുന്നു

i cant believe i still have this picture.. ഇങ്ങനെ തുടങ്ങുന്ന ഒരു ചാറ്റ് സന്ദേശം കഴിഞ്ഞ രണ്ടു ദിവസമായി ലോകമെമ്പാടുമുള്ള ഫേസ് ബുക്ക് അംഗങ്ങളുടെ ചാറ്റ്‌ബോക്‌സുകളില്‍ വന്നുകൊണ്ടിരിക്കുന്നു. സുഹൃത്തുക്കളുടെ പലരുടെയും ഫേസ്ബുക്കുകളില്‍ നിന്നുള്ള ചാറ്റ് ആയതിനാല്‍ പലരും ക്ലിക്ക് ചെയ്തപ്പോഴാണ് പണി കിട്ടിയത്. പലരുടെയും ഫേസ് ബുക്ക് അക്കൗണ്ടുകള്‍ തന്നെ ഡിലീറ്റ് ആയി പോയി. പലരുടെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. കംപ്യൂട്ടറുകള്‍ പണിമുടക്കി.

മുമ്പ് സ്‌കൈപ്പ് അംഗങ്ങളുടെ അക്കൗണ്ടുകള്‍ തകര്‍ത്തതിനു സമാനമായ വൈറസാണ് മീഡിയാഫയര്‍ ഡോട് കോമിന്റെ പേരില്‍ ഇക്കഴിഞ്ഞദിവസങ്ങളില്‍ ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഓണ്‍ലൈനില്‍ ഫയലുകള്‍ സൂക്ഷിക്കുന്നതില്‍ പ്രശസ്തമായ മീഡിയാഫയറിന്റെ പേരില്‍ വന്നതാണ് പലരെയും സംശയകരമായ ഈ ലിങ്ക് തുറക്കാന്‍ പ്രേരിപ്പിച്ചത്. ലിങ്ക് തുറന്ന പലര്‍ക്കും തങ്ങളുടെ ഫേസ്ബുക്ക് പാസ്വേഡ് വീണ്ടും നല്‍കേണ്ടിവന്നു. ലിങ്ക് തുറക്കാന്‍ പാസ്വേഡ് നല്‍കിയതോടെയാണ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. ഒരേസമയം പലയിടങ്ങളില്‍നിന്നു തെറ്റായ പാസ്വേഡുകള്‍ നല്‍കി ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചതിനാല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതായി ഫേസ്ബുക്ക് ടീമിന്റെ ഇ മെയിലാണ് പലര്‍ക്കും പിന്നാലെ ലഭിച്ചത്.

ഒരിക്കല്‍ ഈ ലിങ്ക് തുറന്നവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് അവരുടെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഓണ്‍ലൈനായി ഉള്ളവര്‍ക്കൊണ്ട് ഇതേ ലിങ്ക് അക്കൗണ്ട് ഉടമകളറിയാതെ ചാറ്റായി പോവുകയും ചെയ്തു. ഇതോടെ ലോകത്തു നിരവധി പേരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളാണ് നഷ്ടപ്പെട്ടത്. ഈ ലിങ്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കംപ്യൂട്ടറിലേക്കു സേവ് ആകുന്ന മാല്‍വെയറുകള്‍ കംപ്യൂട്ടറിനു ദോഷകരമാണ്. പലപ്പോഴും കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വൈറസാണിതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് ചാറ്റില്‍ സംശയകരമായ ലിങ്ക് വന്നാല്‍ തുറക്കാതിരിക്കുക എന്നതു മാത്രമാണ് പോംവഴി. അറിയാതെ തുറന്നുപോയാല്‍ ഉടന്‍തന്നെ ട്രോജന്‍ കില്ലര്‍ ഉപയോഗിച്ചു കംപ്യൂട്ടര്‍ സ്‌കാന്‍ ചെയ്ത് വൈറസിനെ നീക്കം ചെയ്യാന്‍ മാത്രമാണ് പറ്റുക.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.