Latest News

‘വന്ദേ മാതര’മില്ലാതെ ‘ബോലോ തക്ബീര്‍’; കൗതുകമായി ബി.ജെ.പി മുസ്ലിം സമ്മേളനം


ന്യൂദല്‍ഹി: ‘വന്ദേ മാതര’ത്തിന് പകരം ബോലോ തക്ബീര്‍, അല്ലാഹു അക്ബര്‍ വിളികള്‍. ഖുര്‍ആന്‍ പാരായണത്തോടെ ചടങ്ങ് ആരംഭിക്കാന്‍ സ്വാഗത പ്രസംഗകന്‍െറ ക്ഷണം. അത്രക്കും വേണ്ടെന്ന് മുഖ്യ സംഘാടകന്‍. മോഡിയുടെ ഗുജറാത്തിന്‍െറ വികസന നേട്ടങ്ങള്‍ പറയാനൊരുങ്ങിയ പ്രസംഗകനോട് അത് വേണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റിന്‍െറ വിലക്ക്. എല്ലാം കൂടി ചേര്‍ന്നപ്പോള്‍ ദല്‍ഹി ബി.ജെ.പി ഘടകം ന്യൂദല്‍ഹി താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മുസ്ലിം സമ്മേളനം കൗതുകമായി.

ദല്‍ഹിയുടെ വിവിധ മുസ്ലിം കേന്ദ്രളില്‍നിന്ന് ബി.ജെ.പി ഒരുക്കിയ ബസുകളില്‍ പതാകയേന്തി വന്നവര്‍ ബോലോ തക്ബീര്‍, അല്ലാഹു അക്ബര്‍ മുദ്രാവാക്യം വിളിച്ചാണ് ഓഡിറ്റോറിയത്തിന് അകത്തേക്ക് പ്രവേശിച്ചത്. സമ്മേളനം തുടങ്ങിയ ശേഷവും ഈ മുദ്രാവാക്യം വിളി തുടര്‍ന്നു. ഈ ആവേശത്തിലാണ് സ്വാഗത പ്രസംഗകന്‍ വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ പാരായണം ചെയ്ത് സമ്മേളനത്തിന് ഔചാരികമായ തുടക്കം കുറിക്കാന്‍ മൗലവി റഷീദിനെ ക്ഷണിച്ചത്. 

എന്നാല്‍, അപ്പോഴേക്കും സമ്മേളനത്തിന്‍െറ മുഖ്യ സംഘാടകനും അല്‍പസംഖ്യാ മോര്‍ച്ച ദല്‍ഹി ഘടകം നേതാവുമായ ആസിഫ് ഓടി വന്ന് അത് വേണ്ടെന്ന് വിലക്കി. ശേഷം സംസാരിച്ച ആസിഫ് മോഡിയുടെ ഗുജറാത്തിന്‍െറ വികസനത്തിനെക്കുറിച്ച് തനിക്ക് അല്‍പം പറയാനുണ്ടെന്ന് പറഞ്ഞപ്പോള്‍ വിജയ് ഗോയല്‍ ഇടപെട്ട് അത് വിലക്കി. സമ്മേളന പോസ്റ്ററുകളില്‍നിന്നും കമാനങ്ങളില്‍നിന്നും മോഡിയെ ബോധപൂര്‍വം സംഘാടകര്‍ ഒഴിവാക്കിയതിന്‍െറ തുടര്‍ച്ചയായായിരുന്നു ഗോയലിന്‍െറ വിലക്ക്.
തുടര്‍ന്ന് വന്ദേ മാതരത്തിന് പകരം ആസിഫ് വിളിച്ചുകൊടുത്ത ‘മാതൃഭൂമി ഹിന്ദുസ്ഥാന്‍’ മുസ്ലിം ബി.ജെ.പിക്കാര്‍ക്കുള്ള പുതിയ മുദ്രാവാക്യവുമായി.
5000 പേര്‍ക്കിരിക്കാവുന്ന താല്‍ക്കത്തോറ ഓഡിറ്റോറിയം താടിയും, തൊപ്പിയും മുഖമക്കനയും ധരിച്ചെത്തിയവരെക്കൊണ്ട് നിറഞ്ഞപ്പോള്‍ ആവേശത്തിലായ ബി.ജെ.പി ദല്‍ഹി പ്രസിഡന്‍റ് വിജയ് ഗോയല്‍, ബി.ജെ.പി നേതാവായല്ല, ചാന്ദ്നി ചൗക്കില്‍ കളിച്ചുവളര്‍ന്ന മുസ്ലിംകളുടെ സുഹൃത്തായി തന്നെ കണ്ടാല്‍ മതിയെന്ന് സദസ്സിനോട് പറഞ്ഞു. 

ബി.ജെ.പി കൈ നീട്ടിയപ്പോഴേക്കും ഓഡിറ്റോറിയത്തിന് ഉള്‍ക്കൊള്ളാനാകാത്ത വിധം മുസ്ലിം സഹോദരീ സഹോദരന്മാര്‍ നിറഞ്ഞു കവിഞ്ഞത് മുഴുവന്‍ രാജ്യത്തിനുമുള്ള സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. ഗോയലിന്‍െറ പ്രസംഗത്തിന് മുമ്പായി പര്‍ദ ധരിച്ച നിരവധി മുസ്ലിം സ്ത്രീകളെ വേദിയില്‍ നിരത്തിയിരുത്തിയിരുന്നു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.